മുംബൈ: രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ബി.ജെ.പി. ശിവസേന ഇനി തങ്ങളെ ഇങ്ങോട്ടു സമീപിക്കുന്നതുവരെ സര്‍ക്കാര്‍ രൂപീകരണത്തിനായി ചെറുവിരല്‍പോലും അനക്കില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇനി ആകെ ഒരു സാധ്യതയെ ഉള്ളു, അത് എന്‍.സി.പി.യും കോണ്‍ഗ്രസും ചേര്‍ന്ന് ശിവസേനയുമായി സഖ്യമുണ്ടാക്കുക എന്നതാണെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, അത്തരമൊരു സഖ്യത്തിന് സാധ്യത കുറവാണെന്നും ബി.ജെ.പി അഭിപ്രായപ്പെട്ടു.
‘കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയില്‍നിന്നും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറില്‍നിന്നും ശിവസേനയ്ക്ക് പിന്തുണ ലഭിച്ചില്ലെങ്കില്‍, വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ബി.ജെ.പിയുടെ അഭിപ്രായം’, ബി.ജെ.പിയുടെ ഒരു മുതിര്‍ന്ന നേതാവ് എന്‍.ഡി ടി.വിയോട് പറഞ്ഞു.
വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബി.ജെ.പി നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ശിവസേനയെ പിന്തുണക്കേണ്ടെന്നാണ് കോണ്‍ഗ്രസും എന്‍.സി.പിയും തീരുമാനിക്കുന്നതെങ്കില്‍ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അത് പുതിയ പ്രതീക്ഷകളാണ് നല്‍കുക.
അതേസമയം, മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാറിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യത്തില്‍ നിന്നു ശിവസേന പിന്മാറി. ഇപ്പോള്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കേണ്ടെന്നും ആവശ്യത്തിന് എം.എല്‍.എമാരുടെ പിന്തുണയായിക്കഴിഞ്ഞ ശേഷം പുതിയ ഹരജി സമര്‍പ്പിക്കാമെന്നും കോടതിയില്‍ സേന അറിയിച്ചു.
ഇന്നലെ നല്‍കിയ ഹരജിയില്‍ പറഞ്ഞിരിക്കുന്ന ഒരു വാദത്തെക്കുറിച്ചും ശിവസേനാ അഭിഭാഷകനായ സുനില്‍ ഫെര്‍ണാണ്ടസ് കോടതിയില്‍ പരാമര്‍ശിച്ചില്ല. എന്നാണു പുതിയ ഹരജി സമര്‍പ്പിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ