ഗുവാഹത്തി: അസമില്‍ നിരായുധരായ ഗ്രാമവാസികള്‍ക്ക് നേരെ പൊലീസിന്റെ വെടിവെയ്പ്. ഭൂമി കൈയേറ്റം ആരോപിച്ചാണ് പൊലീസിന്റെ നരനായാട്ട്.
പൊലീസ് ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ സ്ഥലത്തെത്തിയ പൊലീസ് സായുധസംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
800 ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്.
നിരവധി പൊലീസുകാര്‍ ഒരാളെ വളഞ്ഞിട്ടാക്രമിക്കുന്നതിന്റെ ദൃശ്യം എന്‍.ഡി.ടി.വി പുറത്തുവിട്ടിട്ടുണ്ട്. ട്വിറ്ററില്‍ പ്രചരിക്കുന്ന മറ്റൊരു വീഡിയോയില്‍ നിലത്തുവീണ് കിടക്കുന്നയാളെ ലാത്തി കൊണ്ടും മുള കൊണ്ടും നിരന്തരം അടിക്കുന്നതും കാണാം.
സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആളുകളെ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.