ദുബൈ: നടി ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. മുറിവ് എങ്ങനെയുണ്ടായെന്നും വീഴ്ചയില്‍ സംഭവിച്ചതാണോ എന്നും പ്രോസിക്യൂഷന്‍ പരിശോധിച്ചു വരികയാണ്.
വീഴ്ചയില്‍ സംഭവിച്ചതാണെന്നു തെളിഞ്ഞാല്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കു കടക്കാതെ മൃതദേഹം വിട്ടുകൊടുക്കാം. എന്നാല്‍ മുറിവില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ പബ്ലിക് പ്രോസിക്യൂഷന്‍ കൂടുതല്‍ അന്വേഷണങ്ങളിലേക്കും പരിശോധനകളിലേക്കും കടന്നേക്കും. ഇത് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വീണ്ടും വൈകിപ്പിക്കും.
ശ്രീദേവിയുടേത് അപകട മരണമാണെന്നു വ്യക്തമായ സാഹചര്യത്തില്‍ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയില്ലാതെ മൃതദേഹം നാട്ടിലെത്തിക്കാനാകില്ല. പബ്ലിക് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടു കൊടുക്കുന്നതിനും എംബാം ചെയ്യുന്നതിനും നാട്ടിലേക്കു കൊണ്ടു പോകുന്നതിനുമുള്ള രേഖകള്‍ ദുബൈ പൊലീസ് കൈമാറുകയുള്ളൂ.
പബ്ലിക് പ്രോസിക്യൂഷനിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്കു ശേഷം മൃതദേഹം എംബാമിങ്ങിന് അയക്കാനാണു ശ്രമം. അങ്ങനെയെങ്കില്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കി വൈകിട്ടോടെ മുംബൈയിലേക്കു കൊണ്ടുപോകാം. എന്നാല്‍ ശ്രീദേവിയുടെ മരണം സംബന്ധിച്ചു കൂടുതല്‍ അന്വേഷണവും പരിശോധനയും വേണമെന്നു പബ്ലിക് പ്രോസിക്യൂഷന്‍ തീരുമാനിച്ചാല്‍ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നത് അനിശ്ചിതമായി നീളും.
ദുബൈയില്‍ നടന്‍ മോഹിത് മര്‍വയുടെ വിവാഹച്ചടങ്ങിനെത്തിയ ശ്രീദേവി ശനിയാഴ്ച രാത്രി ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. താമസിക്കുന്ന ഹോട്ടലിലെ ബാത്റൂമില്‍ തെന്നിവീണ ശ്രീദേവിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.
എന്നാല്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. ശരീരത്തില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തുകയുണ്ടായി.