മുംബൈ: ജാതക പൊരുത്തമില്ലെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടുപോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ബോംബൈ ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയ വ്യക്തിക്കെതിരെ ചുമത്തിയ ബലാത്സംഗ കേസ് പിന്‍വലിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റ്‌സ് ഷിന്‍ഡെയാണ് വിധി പുറപ്പെടുവിച്ചത്. അവിനാശ് മിശ്രയെന്ന 32 വയസുകാരനാണ് തനിക്കെതിരെ ചുമത്തിയ ബലാത്സംഗ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നായിരുന്നു യുവതിയുടെ പരാതി.
എന്നാല്‍ ജാതകം ചേരാത്തതുകൊണ്ടാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നും ഇത് ബലാത്സംഗ കേസോ വഞ്ചനാ കേസോ അല്ലെന്നും വാഗ്ദാന ലംഘനം മാത്രമാണെന്നുമായിരുന്നു യുവാവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇത് കോടതി തള്ളുകയായിരുന്നു.
പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന തന്റെ വാഗ്ദാനം പാലിക്കാന്‍ പ്രതിക്ക് ഉദ്ദേശ്യമില്ലെന്ന് സൂചിപ്പിക്കുന്ന വസ്തുതകള്‍ ഉണ്ടെന്ന് മനസിലാക്കാമെന്നും കോടതി പറഞ്ഞു.
തനിക്കെതിരായ കേസ് ഒഴിവാക്കാന്‍ പൊലീസിനെ സമീപിച്ചപ്പോള്‍ തന്നെ വിവാഹം കഴിക്കാമെന്ന് യുവാവ് പരാതിക്കാരിക്ക് ഉറപ്പുനല്‍കിയതായി പ്രഥമദൃഷ്ട്യാ തെളിഞ്ഞതാണെന്നും കോടതി പറഞ്ഞു.
2012 മുതല്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു പരാതിക്കാരിയും അവിനാശ് മിശ്രയും. വിവാഹ വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു.
തന്റെ ഗര്‍ഭം അലസിപ്പിക്കാന്‍ യുവാവ് നിര്‍ബന്ധിച്ചിരുന്നതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.