| Wednesday, 10th February 2016, 1:51 pm

ഹോര്‍ലിക്‌സ് ഫൂഡില്‍ നൂഡില്‍സും ഗുണനിലവാരം കുറഞ്ഞതാണെന്ന് പരിശോധനാ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മാഗി നൂഡില്‍സിനു പിറകേ ഹോര്‍ലിക്‌സ് ഫൂഡില്‍ നൂഡില്‍സും ഗുണനിലവാരം കുറഞ്ഞതാണെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ് ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് നൂഡില്‍സിന്റെ ചില ബ്രാന്റുകളില്‍ കൂടി അനുവദനീയമായ അളവിലും അധികം ചാരം അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ ഒരു സിറ്റി മാളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം പരിശോധനയ്ക്കായി ശേഖരിച്ച നോര്‍(knorr) സൂപ്പി നൂഡില്‍സ്, ഹോര്‍ലിക്‌സ് ഫൂഡില്‍സ്, ചിങ്ങിന്റെ ഹോട്ട് ഗാര്‍ലിക് ഇന്‍സ്റ്റന്റ് നൂഡില്‍സ് എന്നിവയുടെ പരിശോധനാ ഫലം രണ്ടാഴ്ച മുന്‍പാണ് ലഭിച്ചതെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ സഞ്ജയ് സിങ്ങ് പറഞ്ഞു. പരിശോധന നടന്നത് ലക്‌നൗവിലെ ഗവണ്‍മെന്റ് ഫുഡ് അനാലിസിസ് ലാബിലാണ്.

1% മാണ് അനുവദനീയമായ ചാരത്തിന്റെ അളവ്. എന്നാല്‍  ചിങ്ക്‌സ് നൂഡില്‍സില്‍ ഇത് 1.83%വും ഫൂഡില്‍സില്‍ 2.37%വും സൂപ്പി നൂഡില്‍സില്‍ 1.89%വും ആണെന്ന് സഞ്ജയ് സിങ്ങ് പറയുന്നു. ഇതു സംബന്ധിച്ച് ഒരാഴ്ചമുന്‍പ് കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, അനുവദനീയമായതിലും അധികം ചാരത്തിന്റെ അംശം ഈ ഭക്ഷ്യ പദാര്‍ത്ഥങ്ങളിലടങ്ങിയാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല.

എഫ്.എസ്.എസ്.എ.ഐ യുടെ നിര്‍ദേശപ്രകാരമാണ് ഫൂഡില്‍സ് നിര്‍മ്മിക്കുന്നതെന്ന്  ജി.എസ്.കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ വക്താവ് പറഞ്ഞു. അതേസമയം, ചിങ്ക്‌സ് ഹോട്ട് ഗാര്‍ലിക് നൂഡില്‍സ് പ്രതിനിധി വിഷയത്തില്‍ പ്രതികരിച്ചില്ല. എന്നാല്‍, ഗുണനിലവാരം കുറഞ്ഞതാണ് തങ്ങളുടെ ഉല്പന്നം എന്ന യു.പി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍ തികച്ചും വസ്തുതാ വിരുദ്ധമാണെന്നും നിര്‍ദേശാനുസരണം മാത്രമാണ് ഉല്പന്നം നിര്‍മ്മിക്കുന്നതെന്നും എച്ച്.യു.എല്‍ കമ്പനി വക്താവ് പറഞ്ഞു.

2015 മെയ് മാസമായിരുന്നു മാഗിയില്‍ അനുവദനീയമായ അളവിലും അധികം മോണോ സോഡിയം ഗ്ലൂട്ടമേറ്റും ലെഡും അടങ്ങിയിട്ടുണ്ട് എന്ന് യു.പി ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയത്. തുടര്‍ന്ന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ) മാഗി നൂഡില്‍സ് നിരോധിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more