പ്രതീക്ഷയറ്റ ഗസയിലെ കുട്ടികൾ
ഷഹാന എം.ടി.

ഗസയിൽ ഓരോ 10 മിനിട്ടിലും ഒരു കുട്ടി മരിച്ചു വീഴുകയാണ്. സ്ഥിതി ഓരോ ദിവസവും കൂടുതൽ വഷളാകുന്നു എന്നറിയാൻ കഴിഞ്ഞ ആഴ്ച 15 മിനിട്ടിൽ ഒരു കുട്ടി എന്ന തോതിലാണ് മരിച്ചു വീണിരുന്നത് എന്ന് ഓർത്താൽ മതി.

ഇത് കേവലം കണക്കുകളല്ല, കുട്ടികളാണ് എന്ന് ഓർമിപ്പിക്കുകയാണ് സേവ് ദി ചിൽഡ്രൻ സംഘടനയുടെ ഫലസ്തീൻ ഡയറക്ടർ ജേസൺ ലീ. ദി വയറിന് വേണ്ടി കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിൽ ഗസയിലെ ആയിരക്കണക്കിന് കുട്ടികളുടെ നഷ്‌ടമായ ബാല്യത്തെക്കുറിച്ചും നിരന്തരമായ ആക്രമണങ്ങളിൽ കഴിഞ്ഞ 15 വർഷമായി അവർ നേരിട്ടുകൊണ്ടിരിക്കുന്ന ട്രോമയെ കുറിച്ചും ജേസൺ ലീ പറയുന്നുണ്ട്.

ഗസയിലെ 23 ലക്ഷം ജനസംഖ്യയുടെ പകുതിയും 18 വയസിന് താഴെയുള്ള കുട്ടികളാണ്. ഒന്നിനെ കുറിച്ചും ചിന്തിച്ച് ആകുലപ്പെടേണ്ടാത്ത, സ്വതന്ത്രമായി നടക്കേണ്ട പ്രായം. എന്നാൽ യൂറോ മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ 2021ലെ റിപ്പോർട്ടിൽ ഗസയിലെ 91 ശതമാനം കുട്ടികളും സംഘർഷവുമായി ബന്ധപ്പെട്ട ആഘാതം അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു.

ഗസയിൽ കൊല്ലപ്പെടുന്ന മൂന്നിൽ ഒന്നും കുട്ടികളോ സ്ത്രീകളോ ആണ്.

എവിടെയും, ഏത് സമയത്തും, ഏത് സാഹചര്യത്തിലും കുട്ടികൾ സംരക്ഷിക്കപ്പെടണമെന്ന യു.എന്നിന്റെ അന്താരാഷ്ട്ര നിയമങ്ങളാണ് ഇവിടെ ക്രൂരമായി ലംഘിക്കപ്പെടുന്നത്.

ഒക്ടോബർ ഏഴ് മുതൽ ഗസയിൽ ഇസ്രഈലി ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം 20 രാജ്യങ്ങളിലെ വിവിധ സംഘർഷങ്ങളിലായി 2019 മുതൽ ഓരോ വർഷവും കൊല്ലപ്പെട്ട മുഴുവൻ കുട്ടികളെക്കാൾ കൂടുതലാണെന്ന സേവ് ദി ചിൽഡ്രൻ എൻ.ജി.ഒയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

യു.എൻ സെക്രട്ടറി ജനറലിന്റെ റിപ്പോർട്ട് പ്രകാരം 2022ൽ 24 രാജ്യങ്ങളിലെ 2,985 കുട്ടികളാണ് കൊല്ലപ്പെട്ടത്. 22 രാജ്യങ്ങളിൽ നിന്നായി 2021ൽ 2,512 കുട്ടികളും 2020ൽ 2,674 കുട്ടികളുമാണ് കൊല്ലപ്പെട്ടതെന്ന് സേവ് ദി ചിൽഡ്രൻ പറയുന്നത്.

ഒക്ടോബർ 28ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബർ ഏഴ് മുതൽ 3,324 കുട്ടികളാണ് ഗസയിൽ കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കിൽ ഇതേ കാലയളവിൽ 36 കുട്ടികൾ കൊല്ലപ്പെട്ടു.

ഗസയിൽ പ്രതിദിനം 420 കുട്ടികളെങ്കിലും മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്നു എന്ന് യുണിസെഫിന്റെയും റിപ്പോർട്ടുകൾ ഉണ്ട്. ഗസയിൽ കൊല്ലപ്പെട്ടതിൽ 40% അധികവും കുട്ടികളാണ്.

ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കൊല്ലപ്പെട്ടവരുടെ പട്ടികയിൽ ആറ് പേജോളം ഒരു വയസ് പോലും തികയാത്ത കുഞ്ഞുങ്ങളുടേതാണ്. ഗസയിൽ ജനിച്ചുവീണ ദിവസം തന്നെ ഇസ്രഈൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഉദായ് അബു മുഹ്സിന്റെ മരണദിവസത്തെകുറിച്ച് ഫലസ്തീൻ ഫോട്ടോ ജേർണലിസ്റ്റ് ബിലാൽ ഖാലിദ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു.

നവജാത ശിശുവിന്റെ വെള്ളപുതപ്പിൽ ( കഫനിൽ ) പൊതിഞ്ഞ ചിത്രമാണ് ഖാലിദ് പങ്കുവെച്ചത്. ഒപ്പം ഇങ്ങനെ എഴുതി,

‘ഉദായ് അബു മുഹ്സിൻ വയസ് ഒരു ദിവസം. ജനന സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെങ്കിലും അവനു മരണ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു’.

ഇസ്രഈലിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്താൽ കുഞ്ഞുങ്ങളെ തിരിച്ചറിയാനായി അവരുടെ ദേഹത്ത് കറുത്ത മഷികൊണ്ട് പേരെഴുതി വെക്കുന്ന ഗസയിലെ രക്ഷിതാക്കളെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കുഞ്ഞുങ്ങളുടെ കൈകാലുകളിലും വയറിലുമായിരുന്നു ഇത്തരത്തിൽ കറുത്ത മഷി കൊണ്ട് പേരെഴുതിവെച്ചിരുന്നത്. ഇസ്രാഈൽ ആക്രമണം ശക്തമാക്കിയതോടെ മരണം തൊട്ടരികിലുണ്ടെന്ന തിരിച്ചറിവിലാണ് ഇങ്ങനെ ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ ദേഹത്തെന്ന പോലെ സ്വന്തം ശരീരത്തിലും പേരെഴുതി വെക്കുന്ന രക്ഷിതാക്കളുമുണ്ട്.

ഗസയിലെ മാലാഖമാർ എന്ന തലക്കെട്ടിൽ കൊല്ലപ്പെട്ട മുഴുവൻ കുട്ടികളുടെയും പേരുകൾ ഉൾപ്പെടുത്തിയാണ് ഇറാനി പത്രമായ ടെഹ്‌റാൻ ടൈംസിന്റെ ആദ്യ പേജ് പുറത്ത് വന്നത്.

ഫലസ്തീനികളുടെ പോരാട്ടത്തെ അമേരിക്ക പാർശ്വവൽക്കരിക്കാൻ ശ്രമിക്കുമ്പോൾ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളിൽ ഇസ്രഈൽ ഭരണകൂടം കൂട്ടക്കൊല ചെയ്ത ആയിരക്കണക്കിന് ഫലസ്തീനി കുട്ടികളെ ആദരിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് ടെഹ്‌റാൻ ടൈംസ് പറഞ്ഞത്‌.

ഫലസ്തീൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ തെറ്റാണെന്ന ജോ ബൈഡന്റെ വാദങ്ങൾ തെറ്റാണെന്ന് പറയുന്നത് UNRWA (United Nations Relief and Works Agency of Palestine) കമ്മീഷണർ ജനറൽ ആയ ഫിലിപ്പ് ലസാറിനി ആണ്. 

ആദ്യമായല്ല ഗസയിൽ കുട്ടികൾ മരിച്ചു വീഴുന്നത്. മുൻ വർഷങ്ങളിൽ ഫലസ്തീൻ പുറത്തുവിട്ട കണക്കുകളെ ശരിവെക്കുന്നതായിരുന്നു യു.എന്നിന്റെയും കണ്ടെത്തലുകൾ.

ഗസയിൽ ഇന്ധനവും വെള്ളവും വൈദ്യുതിയുമില്ലാത്തത് അവിടെ ശേഷിക്കുന്ന കുട്ടികളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുകയാണ്. ഗസയിലെ മൂന്നിലൊന്ന് ആശുപത്രികളും ഇന്ന് പ്രവർത്തിക്കുന്നില്ല.

ആവശ്യത്തിന് മരുന്നുകളോ മെഡിക്കൽ സേവനങ്ങളോ ഇല്ലാതെ മൊബൈൽ ഫ്ലാഷിന്റെ അരണ്ട വെളിച്ചത്തിൽ ആശുപത്രി വരാന്തയിലുള്ള ഏത് രോഗിയെ പരിചരിക്കണം എന്നറിയാതെ പ്രയാസപ്പെടുകയാണ് ഡോക്ടർമാർ.

22000 രോഗികളാണ് ഗസയിലുള്ളത്. ഇതിൽ മൂന്നിലൊന്ന് കുട്ടികളാണ് എന്നതും ഓർക്കണം. റഫ അതിർത്തി തുറന്നപ്പോൾ പുറത്തെത്തിച്ചത് 81 രോഗികളെ മാത്രമാണ്. കടലിലെ ഒരു തുള്ളി പോലുമാകുന്നില്ല.

ആശുപത്രികളിലെ ബാക്കപ്പ് ജനറേറ്ററുകൾക്ക് 48 മണിക്കൂർ മാത്രമേ ആയുസ്സ് ബാക്കിയുള്ളൂ എന്ന് WHO അറിയിക്കുമ്പോൾ പൂർണ വളർച്ച എത്താത്ത ഇന്ക്യൂബേറ്ററിൽ കഴിയുന്ന 150 കുട്ടികൾ പിടഞ്ഞു മരിക്കുന്ന വാർത്തയാകും ലോകം കേൾക്കുക.

ശുദ്ധ ജലം ലഭിക്കാത്ത സാഹചര്യത്തിൽ ഉപ്പുവെള്ളമാണ് കുട്ടികൾ കുടിക്കുന്നത്. നിർജലീകരണം മൂലം കൊച്ചു കുട്ടികൾ മരണപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഗസയിലെ കുട്ടികളുടെ ദുരിത ജീവിതം ആരംഭിച്ചത് ഒക്ടോബർ 7ന് അല്ല. 2007ൽ ഇസ്രഈൽ ഗസയിൽ പൂർണ ഉപരോധം നടപ്പിലാക്കിയത് മുതൽ തുടർച്ചയായ സംഘർഷങ്ങളിലൂടെ കടന്നു പോയ 15 വർഷക്കാലം പ്രതീക്ഷയറ്റ ബാല്യമാണ് അവർക്ക് നൽകിയത്.

2022ൽ സേവ് ദി ചിൽഡ്രൻ പുറത്തുവിട്ട ട്രാപ്പ്ഡ് എന്ന റിപ്പോർട്ട് പ്രകാരം 18 വയസിന് താഴെയുള്ള ഗസയിലെ കുട്ടികളിൽ പകുതിയും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതായി പറയുന്നു. മൂന്നിലൊന്ന് കുട്ടികളും സ്വയം മുറിവേൽപ്പിക്കുന്നു.

കുട്ടികളിലെ വൈകാരിക ആഘാതവും ഭയവും മനോവിഷമവും 50-85 ശതമാനം വരെ വർധിച്ചതായി സേവ് ദി ചിൽഡ്രൻ ചൂണ്ടിക്കാട്ടുന്നുണ്ട്.

കുട്ടികളെ അവർ അനുഭവിക്കുന്ന നൈരാശ്യത്തിൽ നിന്നും ട്രോമയിൽ നിന്നും തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന് ജേസൺ ലീ കരൺ ഥാപ്പറുമായുള്ള അഭിമുഖത്തിൽ പറയുന്നുണ്ട്. സമാധാനപരമായ അന്തരീക്ഷത്തിൽ മികച്ച പിന്തുണയും സംരക്ഷണവും ലഭിച്ചാൽ അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന്. 

എന്നാൽ ബോംബുകളും വെടിയൊച്ചകളും തകർന്ന കെട്ടിടങ്ങളും മാത്രമുള്ള തങ്ങളുടെ ലോകത്തിന് പുറത്തേക്ക് എങ്ങനെയാണ് അവർക്ക് വരാൻ സാധിക്കുക? തങ്ങൾ കാണുന്ന ഗസക്ക്‌ പുറത്ത് കളിച്ചും ചിരിച്ചും വീടുകളിൽ സുരക്ഷിതമായി സമാധാനത്തോടെ കഴിയുന്ന കോടിക്കണക്കിന് കുഞ്ഞുങ്ങൾ ഉണ്ടെന്ന് അവർക്ക് അറിയുമായിരിക്കുമോ?

Content Highlight: Hopeless Children of Gaza

ഷഹാന എം.ടി.
ഡൂൾന്യൂസ് സബ് എഡിറ്റർ ട്രെയ്നീ. കേരള സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി. പൂർത്തിയാക്കി.