മുംബൈ: ഐ.പി.എല്‍ 2022 ഇന്ത്യയില്‍ വെച്ച് തന്നെ നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. കൊവിഡിന്റെ ഭീതി കുറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഐ.പി.എല്‍ തിരികെ ഇന്ത്യയില്‍ എത്തുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ടി-20 ലോകകപ്പും യു.എ.ഇയില്‍ വെച്ച് നടത്തേണ്ടി വന്നതും ഇക്കാരണം കൊണ്ടായിരുന്നു.
‘ഭീതിജനകമായ അവസ്ഥ ഏതാണ്ട് അവസാനിച്ചു. അടുത്ത വര്‍ഷം ഐ.പി.എല്‍ ഇന്ത്യയില്‍ വെച്ച് നടത്തണം, കാരണം അത് ഇന്ത്യയുടെ ടൂര്‍ണമെന്റാണ്. ഇന്ത്യന്‍ അന്തരീക്ഷത്തില്‍ വെച്ച് നടക്കുമ്പോള്‍ ഐ.പി.എല്ലിന് പ്രത്യേക എനര്‍ജി കൈവരുന്നു.
അന്താരാഷ്ട്ര മത്സരങ്ങള്‍ എല്ലാം തന്നെ തുടങ്ങിക്കഴിഞ്ഞു. ന്യൂസിലാന്റുമായുള്ള പരമ്പര ഇന്ത്യയില്‍ വെച്ച് നടത്തി. ഞങ്ങള്‍ ഇനി ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയാണ്. വിന്‍ഡീസുമായും ശ്രീലങ്കയുമായും മത്സരങ്ങളുണ്ട്. മോശമായ കാലം അവസാനിച്ചിരിക്കുകയാണ്,’ ഗാംഗുലി പറയുന്നു.
‘എല്ലാ കൊവിഡ് പ്രശ്നങ്ങള്‍ക്കിടയിലും ഐ.പി.എല്‍ പൂര്‍ത്തിയാക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. ദുബായിലെ സ്പോര്‍ട്സ് അധികാരികള്‍ അസാധാരണമാം വിതമാണ് സഹകരിച്ചത്. ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും പഴയതുപോലെ മുന്നേറുകയാണ്.
കൊവിഡ് മൂലം കഴിഞ്ഞ വര്‍ഷം ഇടവേളയുണ്ടായിരുന്നു. ഞങ്ങള്‍ മിക്കവാറും എല്ലാ ടൂര്‍ണമെന്റുകളും പൂര്‍ത്തിയാക്കി. ജനുവരിയിലാണ് രഞ്ജി ട്രോഫി ആരംഭിക്കുന്നത്. ജൂനിയര്‍ ക്രിക്കറ്റ് നടക്കുകയാണ്. ഇതുവരെ പോസിറ്റീവ് കേസുകളൊന്നും (കോവിഡിന്റെ) ഉണ്ടായിട്ടില്ല, ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2021 ഐ.പി.എല്‍ ആരംഭിച്ചത് ഇന്ത്യയില്‍ വെച്ച് തന്നെയായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം മൂലം നിര്‍ത്തി വെക്കുകയും ശേഷം യു.എ.ഇയില്‍ വെച്ച് നടത്തുകയുമായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സായിരുന്നു കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാര്‍.