| Thursday, 10th May 2018, 5:56 pm

കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച തന്നെ ശിക്ഷിക്കുകയായിരുന്നു; യോഗി ആദിത്യനാഥ് അടക്കം ശത്രുവിനെ പോലെയാണ് പെരുമാറിയതെന്നും ഡോക്ടര്‍ കഫീല്‍ ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഗോരഖ്പൂരില്‍ ഒാക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ തന്നെ ബലിയാടാക്കുകയായിരുന്നെന്ന്. ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രി ഡോക്ടര്‍ കഫീല്‍ഖാന്‍. നിസ്വാര്‍ഥമായ സേവനമാണ് താന്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച തന്നെ ശിക്ഷിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാരോ ആശുപത്രി അധികൃതരോ ആരും ഒപ്പം നിന്നില്ല. അവസാനനിമിഷവും ഒരോ കുട്ടിയെയും രക്ഷിക്കാന്‍ മാത്രമാണു താനുള്‍പ്പടെയുള്ളവര്‍ ശ്രമിച്ചതെന്നും കഫീല്‍ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ ശത്രുക്കളോടെന്ന പോലെയാണ് പെരുമാറിയത്. താന്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ് തന്നെ തിരിച്ചെടുത്തില്ലെങ്കില്‍ പിന്നെ സ്വന്തമായി ആശുപത്രി തുടങ്ങേണ്ടി വരും.


Also Read ‘ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്നൊരു സ്ഥലമില്ല’; ട്വിറ്ററിലൂടെ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയോട് സുഷമ; പ്രൊഫൈല്‍ തിരുത്തിയതോടെ സഹായം


മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികളെ ചികിത്സിക്കാന്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ ഗോരഖ്പുരില്‍ സ്വന്തമായി ആശുപത്രി തുടങ്ങുമെന്നും അവിടെ ചികിത്സ പൂര്‍ണ്ണ സൗജന്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ മരുന്നുകള്‍ക്കു ക്ഷാമമുണ്ടാകില്ലെന്നും കഫീല്‍ വ്യക്തമാക്കി.

2017 ആഗസ്റ്റിലാണ് കഫീല്‍ ഖാന്‍ അറസ്റ്റിലാവുന്നത്. തുടര്ന്ന് അദ്ദേഹത്തിന് എട്ടു മാസങ്ങള്‍ക്ക് ശേഷവും ജാമ്യം ലഭിച്ചിരുന്നില്ല. കൃത്യം നടന്ന 2017 ആഗസ്റ്റ് 10ന് താന്‍ ഔദ്യോഗികമായി ലീവിലായിരുന്നിട്ട് കൂടി കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായാണ് പ്രവര്‍ത്തിച്ചതെന്ന് കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു.

ഓക്‌സിജന്‍ സിലിണ്ടറുകളുടെ അഭാവം മൂലം കുട്ടികള്‍ ശ്വാസം കിട്ടാതെ പിടഞ്ഞപ്പോള്‍ പുറത്ത് നിന്നു സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറച്ച വ്യക്തിയായിരുന്നു ഡോ കഫീല്‍ ഖാന്‍. എന്നാല്‍ സംഭവത്തിനു പിന്നാലെ ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം കഫീല്‍ ഖാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബി.ആര്‍.ഡി ആശുപത്രിയില്‍ നിന്നും ഓക്സിജന്‍ സിലിണ്ടര്‍ തന്റെ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാരോപിച്ചായിരുന്നു കഫീല്‍ ഖാനെതിരായ അന്വേഷണ സംഘത്തിന്റെ നടപടി.

We use cookies to give you the best possible experience. Learn more