| Tuesday, 18th December 2018, 4:13 pm

ഗുജറാത്ത്, മുസഫര്‍ നഗര്‍ കലാപക്കേസുകളിലെ പ്രതികളും ശിക്ഷിക്കപ്പെടണം: അരവിന്ദ് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2002 ഗുജറാത്ത് കലാപത്തിലെയും 2013ലെ മുസഫര്‍ നഗര്‍ കലാപത്തിലെയും പ്രതികളെ കൂടി ശിക്ഷിക്കണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സിഖ് വംശഹത്യാ കേസില്‍ സജ്ജന്‍കുമാറിനെതിരായ വിധി സ്വാഗതം ചെയ്ത് സംസാരിക്കവെയാണ് കെജ്‌രിവാളിന്റെ വാക്കുകള്‍.

സിഖ് കലാപക്കേസിലും ഗുജറാത്ത്, മുസഫര്‍ നഗര്‍ കേസുകളിലും പ്രതികളായ മറ്റു വലിയ നേതാക്കള്‍ക്കും കടുത്ത ശിക്ഷ ലഭിക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

രാജ്യത്തെ ഹിന്ദുക്കളും മുസ്‌ലിംങ്ങളുമടക്കം സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാഷ്ട്രീയ നേതാക്കളാണ് കലാപങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ സജ്ജന്‍കുമാറിനെതിരായ വിധി പുറപ്പെടുവിച്ച ദല്‍ഹി ഹൈക്കോടതിയും ഗുജറാത്ത്, കന്ധമാല്‍, മുസഫര്‍നഗര്‍ അടക്കമുള്ള കലാപക്കേസുകളെ പരാമര്‍ശിച്ചിരുന്നു.

ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള ഈ കൂട്ടക്കൊലകള്‍ രാഷ്ട്രീയ നേതൃത്വത്തിന് കീഴില്‍ അരങ്ങേറിയതാണെന്നും ക്രമസമാധാന സംവിധാനങ്ങള്‍ പോലും ഇതിന് കൂട്ടു നിന്നെന്നും കോടതി പറഞ്ഞിരുന്നു.

ഈ ക്രിമിനലുകളെ നീതിയ്ക്ക് മുമ്പില്‍ കൊണ്ടുവരുന്നത് നിയമസംവിധാനത്തിന് മുന്നിലുള്ള വെല്ലുവിളിയാണ്. ഇത്തരം ക്രിമിനലുകള്‍ക്ക് രാഷ്ട്രീയമായ പരിലാളനം അനുഭവിക്കുന്നവരാണ്. അതിലൂടെ അവര്‍ വിചാരണയില്‍നിന്നും ശിക്ഷയില്‍നിന്നും ഒഴിവാക്കപ്പെട്ടുവെന്നും കോടതി വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more