രാഹുല്‍ ഗാന്ധിയുടെ അമ്മയായല്ല, പാര്‍ട്ടി പ്രസിഡണ്ടായി സംസാരിക്കും എന്ന് കരുതുന്നു; സോണിയ യോഗം വിളിച്ചതിന് പിന്നാലെ വിമതനേതാക്കള്‍
national news
രാഹുല്‍ ഗാന്ധിയുടെ അമ്മയായല്ല, പാര്‍ട്ടി പ്രസിഡണ്ടായി സംസാരിക്കും എന്ന് കരുതുന്നു; സോണിയ യോഗം വിളിച്ചതിന് പിന്നാലെ വിമതനേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th December 2020, 8:30 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാക്കളുമായി അധ്യക്ഷ സോണിയ ഗാന്ധി യോഗം വിളിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് വിമത നേതാക്കള്‍. യോഗത്തില്‍ തങ്ങളുയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമോ എന്നറിയില്ലെന്ന് സോണിയയ്ക്ക് കത്തയച്ച വിമതരില്‍ ഒരാളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

‘എന്തെങ്കിലും ചര്‍ച്ചയില്‍ വരുമോ എന്നറിയില്ല. നേതാക്കളോട് അവര്‍ രാഹുല്‍ ഗാന്ധിയുടെ അമ്മ എന്ന നിലയിലല്ലാതെ പാര്‍ട്ടി അധ്യക്ഷ എന്ന നിലയില്‍ സംസാരിക്കും എന്ന് കരുതുന്നു’, പേര് വെളിപ്പെടുത്താത്ത നേതാവ് പറഞ്ഞു.

ഡിസംബര്‍ 19 നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളില്‍ ചിലരുമായാണ് ചര്‍ച്ച നടക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദല്‍ഹിയിലെ സോണിയയുടെ വസതിയായ ജനപഥിലാണ് കൂടിക്കാഴ്ച നിശ്ചയിക്കുന്നത്. സോണിയയുടെ വലംകൈയായ അഹമ്മദ് പട്ടേലിന്റെ അഭാവത്തിലാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞയാഴ്ചയാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, സോണിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. വിമത നേതാക്കളും നേതൃത്വവും തമ്മില്‍ മധ്യസ്ഥനായത് കമല്‍നാഥാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

അതേസമയം വിമതനേതാക്കളെ കാണാനല്ല സോണിയ യോഗം വിളിച്ചതെന്നും കൊവിഡ് കാലത്ത് വിര്‍ച്വലി മാത്രമായി യോഗം വിളിച്ചതിനാല്‍ നേതാക്കളുമായി നേരിട്ട് സംസാരിക്കാനാണ് സോണിയയുടെ നീക്കമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് 23 നേതാക്കള്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തെഴുതിയത്. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, ആനന്ദ് ശര്‍മ, ശശി തരൂര്‍, എം. വീരപ്പ മൊയ്ലി, മനീഷ് തിവാരി, മിലിന്ദ് ദേവ്‌റ, രേണുക ചൗധരി, ജിതിന്‍ പ്രസാദ, മുകുള്‍ വാസ്‌നിക്, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ തുടങ്ങിയ പ്രമുഖ നേതാക്കളാണ് കത്തില്‍ ഒപ്പുവെച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hope she will not speak as Rahul Gandhi’s mother Rebel Leaders