കൊച്ചി : ജസ്റ്റിസ് ഹേമ കമ്മീഷനിലുള്ള പ്രതീക്ഷ പോയെന്ന് നടിയും ഡബ്ല്യു.സി.സി അംഗവുമായ പാര്‍വതി തിരുവോത്ത്. ജസ്റ്റിസ് ഹേമ കമ്മിറ്റി സംരക്ഷിക്കാന്‍ അല്ല റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പാര്‍വതി പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടി.വിയിലെ എഡിറ്റേഴ്സ് അവറില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഹേമ കമ്മിറ്റിയില്‍ നമുക്ക് പ്രതീക്ഷയില്ല. ഒരാള്‍ നിങ്ങള്‍ എന്തിനാ സിനിമ ചെയ്യുന്നത് എന്നാണ് ചോദിക്കുന്നത്, മറ്റെയാള്‍ റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്നും പറയുന്നു. വായുമലിനീകരണമാണ് എങ്കില്‍ നിങ്ങള്‍ ശ്വസിക്കേണ്ട ചത്തുപോയിക്കൊള്ളൂ എന്ന് പറയുന്ന പോലെയാണിതെന്നും പാര്‍വതി പറഞ്ഞു.
ജസ്റ്റിസ് ഹേമ കുറ്റവാളികളെ സംരക്ഷിക്കാന്‍ അല്ല റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ആ പ്രതീക്ഷ പോയി. ഇപ്പോള്‍ എന്തെങ്കിലും പ്രതീക്ഷ ഉണ്ടെങ്കില്‍ അത് സര്‍ക്കാരില്‍ മാത്രമാണെന്നും പാര്‍വതി വ്യക്തമാക്കി.
എനിക്ക് എതിരെ കോടതിയില്‍ ഒരു കേസ് നടക്കുന്നുണ്ട്. അതിനാല്‍ തന്നെ എനിക്ക് പല കാര്യങ്ങളും തുറന്നു പറയാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും പാര്‍വതി പറഞ്ഞു.
ഈ മൂന്നംഗ കമ്മിറ്റിയുടെ മുന്നിലിരുന്ന് ഞാനടക്കമുള്ള നിരവധി സ്ത്രീകള്‍ നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെ നമുക്ക് നേരെ നടന്ന അതിക്രമങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
അന്ന് ‘അയ്യോ അത് കഷ്ടമായി പോയി, ഇങ്ങനെയൊക്കെ സംഭവിക്കുമോ’ എന്ന് പറഞ്ഞവരാണ് ഈ മൂന്ന് പേര്‍. അതില്‍ ഒരാള്‍ നടി ശാരദ പറയുന്നത് കോണ്‍ഫിഡന്‍ഷ്യല്‍ ആക്കണം എന്ന് പറഞ്ഞിട്ടില്ല എന്നാണ്. ജസ്റ്റിസ് ഹേമ ഇത് കോണ്‍ഫിഡന്‍ഷ്യല്‍ ആണ്, പുറത്ത് പറയാന്‍ സാധിക്കില്ല എന്നാണ് പറയുന്നത്. നമ്മള്‍ ഇവരോട് എല്ലാ വിശ്വാസവും അര്‍പ്പിച്ച് തുറന്ന് സംസാരിച്ച ശേഷം നമുക്ക് ലഭിക്കുന്നത് ഇത്തരം ഉത്തരങ്ങളാണ്. നീതി എന്നത് നമുക്ക് ഉള്ളതല്ല എന്ന തരത്തിലാണ് കാര്യങ്ങള്‍ പോകുന്നത്. അതില്‍ അത്യധികം നിരാശയും ദേഷ്യവുമുണ്ടെന്നും പാര്‍വതി പറഞ്ഞു.
രണ്ടു വര്‍ഷത്തോളം എടുത്തു അവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍. ഈ രണ്ടു വര്‍ഷത്തിന് ശേഷം നിശബ്ദതയാണ്, അത് കമ്മറ്റിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും. അവസാനം അവരെക്കൊണ്ട് പറയിപ്പിക്കേണ്ടി വന്നതാണ്. ഇപ്പോഴും എന്തോ ബുദ്ധിമുട്ടിക്കുന്നു എന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നതെന്നും പാര്‍വതി ചൂണ്ടിക്കാട്ടി.
2017 ജൂലായ് മാസത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന് രൂപം നല്‍കിയത്. രണ്ടര വര്‍ഷത്തെ തെളിവെടുപ്പിന് ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ജസ്റ്റിസ് ഹേമ, നടി ശാരദ, കെ.ബി. വല്‍സല കുമാരി (റിട്ട. ഐ.എ.എസ്.) എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍.
സിനിമ രംഗത്ത് ശക്തമായ നിയമ നിര്‍മ്മാണം വേണമെന്ന് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിനിമയില്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവസരങ്ങള്‍ക്കായി കിടപ്പറ പങ്കിടാന്‍ ചില പുരുഷന്‍മാര്‍ നിര്‍ബന്ധിക്കുന്നുവെന്നും കമ്മീഷന് മൊഴി ലഭിച്ചിരുന്നു.
ചിത്രീകരണ സ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ശുചിമുറി, വസ്ത്രം മാറ്റാനുള്ള ഇടം തുടങ്ങിയവയുടെ അഭാവത്തെക്കുറിച്ചുമുള്ള ചലച്ചിത്ര രംഗത്ത് കടന്നുവരുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിനിരയാകുന്ന അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.