ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യ ഉപദേഷ്ടാക്കാന്‍മാരിലൊരാളായ ഹോപ് ഹിക്സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
വ്യാഴാഴ്ചയോടെ ഹിക്സിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്.
ട്രംപിനോടൊപ്പം എല്ലാ യാത്രകളിലും പങ്കെടുത്ത ആളാണ് ഹിക്സ്. എയര്‍ഫോഴ്സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്സ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഒഹിയോയില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണവേദിയിലും ഹിക്സ് എത്തിയിരുന്നു. ചൊവ്വാഴ്ച ക്ലീവ്ലന്ഡില് നടന്ന സംവാദ പരിപാടിയില്‍ ഹോപ് ഹിക്സ് പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.
ഈ വര്‍ഷമാദ്യമാണ് ഹിക്സ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയത്. നേരത്തേ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടറായി പ്രവര്‍ത്തിച്ച ഹിക്സ് ട്രംപിന്റെ 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വക്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹിക്സിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ട്രംപിനെയും കൊവിഡ് ടെസ്റ്റിന് വിധേയനാക്കിയിട്ടുണ്ടെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ലോകത്താകെയുളള കൊവിഡ് ബാധിതരുടെ എണ്ണം മൂന്നുകോടി നാല്പ്പത്തിനാലുലക്ഷം കടന്നു.
ഇതുവരെ 34,464,456 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1,027,042 പേരാണ് കൊവിഡ് മൂലം മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,647,795 ആയി ഉയര്‍ന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുളള അമേരിക്കയില്‍ ഇതുവരെ 7,494,591 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 212,660 പേര് മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷം കടന്നു. ബ്രസീലില്‍ ഇതുവരെ 4,849,229 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് 144,767 പേര് മരിച്ചു. 4,212,772 പേര് രോഗമുക്തി നേടി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക