| Thursday, 4th November 2021, 11:58 am

ബംഗാളിലെ ഫലത്തില്‍ പ്രതീക്ഷ വെച്ച് സി.പി.ഐ.എം; ബി.ജെ.പിയെ വൈകാതെ കടത്തിവെട്ടാമെന്ന് പ്രതീക്ഷ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാള്‍ ഉപതെരഞ്ഞെടുപ്പിലെ ഫലത്തില്‍ ആശ്വാസം കണ്ടെത്തി സി.പി.ഐ.എം.

ഇത്തവണ കോണ്‍ഗ്രസ് സഖ്യം ഉപേക്ഷിച്ചാണ് പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം മത്സരിച്ചത്.

ശാന്തിപൂര്‍ മണ്ഡലത്തിലെ പ്രകടനമാണ് സി.പി.ഐ.എമ്മിന് ആത്മവിശ്വാസം നല്‍കുന്നത്.

ശാന്തിപുര്‍, ഖര്‍ദ മണ്ഡലങ്ങളില്‍ വോട്ടെണ്ണലിന്റെ ഏതാണ്ട് അവസാനഘട്ടംവരെ രണ്ടാംസ്ഥാനത്ത് തുടരാന്‍ പാര്‍ട്ടിക്ക് സാധിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഏഴായിരത്തില്‍പ്പരം വോട്ടിന്റെ വ്യത്യാസമേ ഇവിടെ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഉള്ളൂ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ഐ.എസ്.എഫ് എന്നിവരുമായി സംയുക്തമുന്നണിയുണ്ടാക്കിയാണ് ശാന്തിപൂരില്‍ പാര്‍ട്ടി മത്സരിച്ചത്. എന്നാല്‍ പതിനായിരം വോട്ട് സി.പി.ഐ.എമ്മിന് കിട്ടിയിരുന്നില്ല. എന്നാല്‍, ഇത്തവണ വോട്ട് നാല്‍പ്പതിനായിരത്തിനടുത്തെത്തി.

ബി.ജെ.പി.ക്ക് 26.72 ശതമാനം വോട്ട് കുറഞ്ഞപ്പോള്‍ സി.പി.ഐ.എമ്മിന് 19.57 ശതമാനം വോട്ട് കൂടി.

ഖര്‍ദയില്‍ എട്ടുറൗണ്ടുവരെ രണ്ടാംസ്ഥാനത്ത് തുടരാന്‍ സി.പി.ഐ.എമ്മിന് സാധിച്ചിരുന്നു. അവസാനം നാലായിരം വോട്ടിന്റെ വ്യത്യാസത്തില്‍ ബി.ജെ.പി.ക്കുപിന്നില്‍ മൂന്നാംസ്ഥാനത്താണ് സി.പി.ഐ.എം. ഇവിടെയും ബി.ജെ.പിക്ക് 20.6 ശതമാനം വോട്ട് കുറഞ്ഞെു.

സി.പി.ഐ.എമ്മിനുമാത്രമായി 15 ശതമാനം വോട്ടുകിട്ടിയെങ്കിലും നാലുമണ്ഡലങ്ങളിലുമായി ഇടതുമുന്നണിയുടെ വോട്ട് 8.5 ശതമാനം മാത്രമാണ്.

എന്നാല്‍, ബി.ജെ.പി.യുടെ വോട്ടുകള്‍ കുറയുന്ന പ്രവണത തുടര്‍ന്നാല്‍ മുഖ്യപ്രതിപക്ഷസ്ഥാനത്തേക്ക് പതിയെ തിരിച്ചെത്താമെന്ന പ്രതീക്ഷയും സി.പി.ഐ.എമ്മിന് ഉണ്ട്.

ബി.ജെ.പി.യിലേക്ക് പോയിരുന്ന വോട്ടുകള്‍ തിരിച്ചുവന്നുതുടങ്ങുന്നതായാണ് ശാന്തിപുര്‍ മണ്ഡലത്തിലെ ഫലം വെച്ച് സി.പി.ഐ.എമ്മിന്റെ വിലയിരുത്തലുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Hope For CPIM in Bengal

We use cookies to give you the best possible experience. Learn more