സച്ചിനെ മറികടന്ന് ദീപക് ഹൂഡ; ഒറ്റ മത്സരത്തില്‍ എത്ര റെക്കോഡാണ് ഇയാള്‍ തകര്‍ക്കുന്നത്
Cricket
സച്ചിനെ മറികടന്ന് ദീപക് ഹൂഡ; ഒറ്റ മത്സരത്തില്‍ എത്ര റെക്കോഡാണ് ഇയാള്‍ തകര്‍ക്കുന്നത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th June 2022, 6:31 pm

ഇന്ത്യ-അയര്‍ലന്‍ഡ് പരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ നാല് റണ്ണിനായിരുന്നു ഇന്ത്യ വിജയിച്ചത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്കായി മിന്നും പ്രകടനമായിരുന്നു ബാറ്റര്‍മാര്‍ കാഴ്ചവെച്ചത്. സെഞ്ച്വറിയുമായി ദീപക് ഹൂഡ ഇന്ത്യന്‍ ഇന്നിങ്സിന് ചുക്കാന്‍ പിടിച്ചപ്പോള്‍, 77 റണ്‍സുമായി മലയാളി താരം സഞ്ജു സാംസണ്‍ ഹൂഡക്ക് മികച്ച പിന്തുണ നല്‍കി. ഏഴ് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യ 225 റണ്‍ നേടിയത്.

ഹൂഡയുടെ സെഞ്ച്വറിയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. മൂന്നാം ഓവറില്‍ ക്രീസ് വിട്ട ഇഷന്‍ കിഷാന് ശേഷം ക്രീസിലെത്തിയ ഹൂഡ തുടക്കം മുതലെ അറ്റാക്ക് ചെയ്തായിരുന്നു കളിച്ചത്. ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും മികച്ച ഷോട്ടുകളായിരുന്നു ഹൂഡ തൊടുത്തുവിട്ടത്.

കഴിഞ്ഞ മത്സരത്തില്‍ ഓപ്പണിങ് ഇറങ്ങി 47 റണ്‍ നേടിയതിന്റെ കോണ്‍ഫിഡന്‍സിലായിരുന്നു ഹൂഡ ബാറ്റ് വീശിയത്. ഒടുവില്‍ 55ാം പന്തില്‍ തന്റെ ആദ്യ ട്വന്റി-20 സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കി. ഹൂഡയുടെ അഞ്ചാം അന്താരാഷ്ട്ര ട്വന്റി-20 മത്സരമായിരുന്നു അയര്‍ലന്‍ഡിനെതിരെ കളിച്ചത്.

ഈ സെഞ്ച്വറിയോടെ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ ഒരു റെക്കോഡ് തകര്‍ത്തിരിക്കുകയാണ് ഹൂഡ. അയര്‍ലന്‍ഡ് പിച്ചില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡാണ് ഹൂഡ സ്വന്തമാക്കിയത്. 104 റണ്‍സായിരുന്നു ഹൂഡ നേടിയത്.

2007ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സച്ചിന്‍ നേടിയ 99 റണ്‍സാണ് ഹൂഡ മറികടന്നത്. മൂന്നാം ഓവറില്‍ ക്രീസിലെത്തിയ ഹൂഡ തുടക്കം മുതലെ അറ്റാക്ക് ചെയ്തായിരുന്നു കളിച്ചത്. 27ാം പന്തില്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയ ഹൂഡ 55 പന്തില്‍ സെഞ്ച്വറിയടിക്കുകയായിരുന്നു.

ഒമ്പത് സിക്‌സും ആറ് ഫോറുമാണ് താരം അടിച്ചത്.

Content Highlights: Hooda Broke Sachin Tendulkar’s Record