| Sunday, 10th November 2019, 12:32 pm

വയനാട്ടില്‍ രണ്ട് വര്‍ഷം മുന്‍പ് മരിച്ച യുവാവിന്റേത് ദുരഭിമാനക്കൊലയെന്ന ആരോപണവുമായി ബന്ധുക്കള്‍; പൊലീസ് അപകടമരണമായി അവസാനിപ്പിച്ചെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മീനങ്ങാടി: വയനാട് മീനങ്ങാടിയില്‍ രണ്ട് വര്‍ഷം മുന്‍പ് അപകടത്തെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം ദുരഭിമാനക്കൊലയാണെന്ന ആരോപണവുമായി ബന്ധുക്കള്‍. 24 ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മീനങ്ങാടി ദാസനക്കരയിലെ അബിന്റെ മരണം അപകടമരണമല്ല എന്നും സുഹൃത്തിനും കാമുകിയുടെ വീട്ടുകാര്‍ക്കും അബിന്റെ മരണത്തില്‍ പങ്കുണ്ടെന്നുമാണ് അബിന്റെ ബന്ധുക്കള്‍ പറയുന്നത്.

2016 ജൂണ്‍ ആറിനാണ് സംഭവം നടക്കുന്നത്. അബിനെ സുഹൃത്ത് ബന്ധുവീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോകുകയായിരുന്നു. പിന്നീട് ബൈക്ക് അപകടത്തില്‍പ്പെട്ടെന്നും കോഴിക്കോട്ടേക്ക് വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകണമെന്നുമുള്ള വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പതിനാറാം ദിവസം അബിന്‍ മരണപ്പെട്ടു. മരിക്കുന്നതിന് മുന്‍പ് സുഹൃത്ത് തന്നെ ചതിച്ചെന്ന് സഹോദരിയോട് അബിന്‍ പറഞ്ഞെങ്കിലും പൊലീസ് മുഖവിലക്കെടുത്തില്ലെന്ന് സഹോദരി പറഞ്ഞതായി 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

പേര്യവരയാലിലെ പെണ്‍കുട്ടിയുമായുണ്ടായിരുന്ന അടുപ്പമാണ് അബിന്റെ മരണത്തിനു പിന്നിലെ കാരണമെന്നാണ് അബിന്റെ അച്ഛന്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സഹോദരിയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ തലകൊയ്യുമെന്ന് അബിനെ യുവതിയുടെ സഹോദരന്‍ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. അബിന്‍ വഴങ്ങാതിരുന്നതോടെ സുഹൃത്തിന്റെ സഹായത്തോടെ അപകടത്തില്‍പ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

എന്നാല്‍, അബിന്റേത്  അപകട മരണമാണെന്ന് പറഞ്ഞാണ് പൊലീസ് കേസ് അവസാനിപ്പിച്ചത്.
പെണ്‍കുട്ടിയുടെ ബന്ധു പൊലീസില്‍ ഉണ്ടായിരുന്നെന്നും ആ ബന്ധം ഉപയോഗിച്ച് കേസ് അപകടമരണമാക്കി തീര്‍ത്തെന്നാണ് അബിന്റെ ബന്ധുക്കള്‍ പറയുന്നത്.

അബിന് ഹൃദയ സംബന്ധമായ ഒരു അസുഖമുണ്ടായിരുന്നുവെന്നും അപകടം പറ്റിയില്ലെങ്കിലും അബിന്‍ മരിക്കുമായിരുന്നു എന്നും പൊലീസ് പറഞ്ഞതായി അബിന്റെ അമ്മ പറഞ്ഞു.
കേസില്‍ പുനരന്വേഷണം വേണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

&

We use cookies to give you the best possible experience. Learn more