| Thursday, 28th May 2020, 3:38 pm

അരീക്കോട് ദുരഭിമാനക്കൊല; മകളെ കുത്തിക്കൊലപ്പെടുത്തിയ അച്ഛനെ രക്ഷപ്പെടുത്തിയത് സാക്ഷികളുടെ ജാതിക്കൂറോ?

കവിത രേണുക

2019 ജൂലൈ മുതല്‍ 2020 ജനുവരി വരെ വിചാരണ നീണ്ടു നിന്ന അരീക്കോട്ടെ ദുരഭിമാനക്കൊലക്കേസിലെ പ്രതിയും കൊല്ലപ്പെട്ട ആതിരയുടെ അച്ഛനുമായ രാജനെ, ദൃക്‌സാക്ഷികള്‍ മൊഴിമാറ്റിപ്പറഞ്ഞതിനാലും മതിയായ തെളിവുകളുടെ അഭാവത്താലും വെറുതെ വിടുന്നുവെന്ന മഞ്ചേരി സെഷന്‍സ് കോടതിയുടെ വിധി കഴിഞ്ഞ ദിവസം പുറത്തുവന്നു. കേസിലെ പ്രധാന സാക്ഷികളെല്ലാം കൊല്ലപ്പെട്ട ആതിരയുടെ ബന്ധുക്കളും അയല്‍വാസികളുമായിരുന്നിട്ടും ആരും തന്നെ പ്രതിക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയില്ല എന്നത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയാണ്.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ആതിര. കൊയിലാണ്ടി സ്വദേശിയായ ബ്രിജേഷ് പട്ടാളക്കാരനായിരുന്നു. വൃക്കരോഗിയായ അമ്മയുടെ ഡയാലിസിസിന് വേണ്ടി മഞ്ചേരി ആശുപത്രിയില്‍ വന്നുകൊണ്ടിരുന്ന ബ്രിജേഷ് ഈ സമയത്ത് അവിടെ ജോലിയിലുണ്ടായിരുന്ന ആതിരയുമായി പ്രണയത്തിലായി. ഇത് ആതിരയുടെ വീട്ടില്‍ അറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഇരുവരും തമ്മിലുള്ള ബന്ധത്തെ ആതിരയുടെ അച്ഛന്‍ രാജന്‍ ശക്തമായി എതിര്‍ത്തു. ബ്രിജേഷ് ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളാണ് എന്നതായിരുന്നു രാജനെ പ്രകോപിപ്പിച്ചിരുന്നതെന്നും ദളിതനായ ഒരാള്‍ക്ക് മകളെ കെട്ടിച്ചു നല്‍കാന്‍ താന്‍ തയ്യാറല്ല എന്ന് രാജന്‍ ബ്രിജേഷിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നതായും ബ്രിജേഷിന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ അനൂപ്ദാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ആതിരയുടെ സമ്മതമില്ലാതെ മറ്റ് വിവാഹാലാചോനകളുമായി രാജന്‍ നീങ്ങിയതോടെ ഒരു പെണ്ണുകാണല്‍ നടക്കേണ്ടിയിരുന്നതിന്റെ തലേ ദിവസം ആതിര തന്നോടൊപ്പം ഇറങ്ങിവരികയായിരുന്നുവെന്ന് ബ്രിജേഷ് പറയുന്നു. ബ്രിജേഷ് ജോലി ചെയ്യുകയായിരുന്ന ഉത്തര്‍പ്രദേശിലെ പട്ടാള യൂണിറ്റിന് സമീപത്തേക്കാണ് ഇരുവരും പോയത്. എന്നാല്‍ നാട്ടില്‍ നിന്ന് ആതിരയെ കാണാനില്ല എന്ന് പരാതി നല്‍കിയ കുടുംബക്കാര്‍ അരീക്കോട് പൊലീസ് വഴി ആതിരയെ ബന്ധപ്പെടുകയും ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാമെന്ന വാഗ്ദാനം നല്‍കി അവരെ നാട്ടിലേക്ക് തിരിച്ചു വിളിക്കുകയുമായിരുന്നു. ശേഷം എതിര്‍പ്പുകളോടെയായിരുന്നെങ്കിലും വിവാഹം നടത്താന്‍ രാജന്‍ സമ്മതിക്കുകയും ചെയ്തു.

ആതിരയുടെ ഇഷ്ടപ്രകാരം ഇതരജാതിക്കാരനുമായി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ അച്ഛന്‍ രാജന് ആദ്യം തൊട്ടേ എതിര്‍പ്പുണ്ടായിരുന്നെന്ന് കേസ് വാദിച്ച പ്രോസിക്യൂട്ടര്‍ പറയുന്നു. ഇവരെ അരീക്കോട് സ്റ്റേഷനില്‍ നിന്നും വിളിപ്പിച്ച് നാട്ടിലേക്ക് വരണമെന്നറിയിച്ചത് തന്ത്ര പൂര്‍വ്വമായിരുന്നെന്നും പ്രോസിക്യൂട്ടര്‍ വാസു ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘തന്റെ മകള്‍ അന്യ ജാതിക്കാരനായ ഒരു യുവാവിനെ വിവാഹം കഴിക്കുന്നതില്‍ പ്രതിക്ക് കടുത്ത വിരോധമുണ്ടായിരുന്നു. ബ്രിജേഷിനൊപ്പം നാടുവിട്ടു പോയ യുവതിയെ പോലീസിനെ ഉപയോഗിച്ച് ഇയാള്‍ തന്ത്ര പൂര്‍വ്വം വിളിച്ചു വരുത്തുകയായിരുന്നു. 2018 മാര്‍ച്ച് 8നാണ് യുവതിയെ വിളിച്ച് തിരിച്ചു വരണമെന്ന് ആവശ്യപ്പെടുന്നത്. മാര്‍ച്ച് 16ന് ഇവരെ അരീക്കോട് പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചു. അവിടെ വെച്ചാണ് മാര്‍ച്ച് 23 ന് ഇവരുടെ വിവാഹം നടത്താം എന്ന തീരുമാനത്തിലെത്തുന്നത്. എന്നാല്‍ വിവാഹം നടക്കേണ്ടിയിരുന്നതിന്റെ തലേദിവസം മാര്‍ച്ച് 22ന് വൈകീട്ട് 4.45ഓടു കൂടിയാണ് ആതിരയെ അച്ഛന്‍ രാജന്‍ കുത്തിക്കൊലപ്പെടുത്തുന്നത്. കൃത്യം നടക്കുന്നത് ഇവരുടെ അയല്‍ വാസിയുടെ അടുക്കളയില്‍ വെച്ചാണ്. എന്നാല്‍ ആ വീട്ടുടമസ്ഥന്‍ പോലും കൃത്യം നടത്തുന്നത് കണ്ടിട്ടില്ലെന്നാണ് കോടതിയില്‍ മൊഴിനല്‍കിയത്,” പ്രോസിക്യൂട്ടര്‍ വാസു പറയുന്നു.

സാക്ഷികളുള്ള കേസുകളില്‍ സാഹചര്യത്തെളിവുകളേക്കാള്‍ സാക്ഷികളുടെ മൊഴികളാണ് പരിഗണിക്കുകയെന്നും വാസു വ്യക്തമാക്കുന്നു. കേസ് പരാജയപ്പെടുന്നതിന് പ്രധാന കാരണമായത് സാക്ഷികള്‍ മൊഴി മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനപ്പെട്ട സാക്ഷികള്‍ കൂറുമാറിയതാണ് ഈ കേസില്‍ പ്രതിയെ വെറുതെ വിടാന്‍ കാരണമായത്. നേരിട്ട് സാക്ഷികളുള്ള കേസുകളില്‍ സാഹചര്യതെളിവുകളല്ല പരിഗണിക്കുക. സാക്ഷികളുള്ള കേസില്‍ മറ്റു സാഹചര്യങ്ങളെ പരിഗണിച്ച് പ്രതിക്ക് ശിക്ഷ നല്‍കിയാല്‍ എന്തുകൊണ്ട് സാക്ഷികളുടെ മൊഴി മുഖവിലക്കെടുത്തില്ല എന്നാവും ചോദ്യം. അങ്ങനെ ചെയ്യാനും പാടില്ല. സാഹചര്യങ്ങള്‍ പ്രതികൂലമാവുക എന്നു പറയുന്നത് നമ്മുടെ പരിമിതിക്ക് അപ്പുറമുള്ള കാര്യമാണ്. സംഭവം നേരിട്ട് കണ്ട അയല്‍വാസികളും, കൊല നടന്ന വീട്ടിലെ അംഗവുമടക്കം പറുയന്നത് രാജന്‍ കൃത്യം ചെയ്യുന്നത് കണ്ടില്ലെന്നാണ്,’ വാസു പറഞ്ഞു.

എന്നാല്‍ ശാസ്ത്രീയമായ തെളിവുകള്‍ വെച്ച് കേസ് തെളിയിക്കുന്ന ഒരു കാലഘട്ടത്തില്‍ സാക്ഷികള്‍ കൂറുമാറിയതു കൊണ്ട് മാത്രമല്ല കേസ് തെളിയിക്കപ്പെടാതെ പോയതെന്നാണ് പ്രതിഭാഗം വക്കീലായ പി.സി മൊയ്തീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. തെളിവുണ്ടാക്കുന്നതില്‍ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘ശാസ്ത്രീയ തെളിവുകളാണ് യഥാര്‍ത്ഥത്തില്‍ ശേഖരിക്കേണ്ടത്. സാക്ഷികളുണ്ടെങ്കില്‍ തന്നെ ശാസ്ത്രീയ തെളിവുകളുണ്ടെങ്കില്‍ അതാണ് പരിഗണിക്കുക. എന്നാല്‍ ഈ കേസില്‍ അങ്ങനെ ഉണ്ടായിട്ടില്ല. പൊലീസിന്റെ അന്വേഷണത്തില്‍ സാക്ഷികളായി അവര്‍കൊണ്ടു വന്ന ആളുകളൊക്കെ തന്നെ കോടതിയില്‍ പ്രോസിക്യൂഷനെതിരായി മൊഴികൊടുത്തതാണ് ഈ കേസിന് പറ്റിയ അബദ്ധം. മറ്റു ശാസ്ത്രീയ തെളിവുകള്‍ കൊണ്ടു വരുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് കോടതി തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടത്,’ അഭിഭാഷകനായ പി.സി മൊയ്തീന്‍ വിശദമാക്കുന്നു.

അതേസമയം തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നാണ് കേസ് അന്വേഷിച്ചിരുന്ന പൊലീസുദ്യോഗസ്ഥരുടെ വാദം. രാജനെതിരെ എല്ലാ തെളിവുകളും ശേഖരിച്ചിരുന്നതാണെന്നും അതേസമയം ഇതിലെ സാക്ഷികളായ ആതിരയുടെ ബന്ധുക്കളും നാട്ടുകാരുമെല്ലാം പ്രതിക്കനുകൂലമായി മൊഴി നല്‍കിയതാണ് വിധി മറിച്ചാകാന്‍ കാരണമെന്നും അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഷൈജു ബി.എന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ശാസ്ത്രീയമായി ഞങ്ങള്‍ ശേഖരിച്ച തെളിവുകളെല്ലാം കൃത്യമാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് ചെയ്യാന്‍ പറ്റുമായിരുന്ന എല്ലാം പൊലീസ് ചെയ്തിട്ടുണ്ട്. മരണപ്പെട്ട കുട്ടിയുടെ അമ്മ, സഹോദരന്‍, അച്ഛന്റെ സഹോദരി, അച്ഛന്റെ അനുജന്‍ ഇവരൊക്കെ കൂറുമാറി. പ്രതി ഇവരുമായി അടുത്തു നില്‍ക്കുന്നതുകൊണ്ട് തന്നെ ഒരാളും ഇയാള്‍ക്ക് പ്രതികൂലമായി മൊഴി നല്‍കിയില്ല. അയല്‍വാസികളടക്കമുള്ള മുഴുവന്‍ സാക്ഷികളും കൂറുമാറി,’ ഷൈജു ബി.എന്‍ പറഞ്ഞു.

അങ്ങേയറ്റം ക്രൂരമായ ഈ കൊലപാതകത്തിന് കാരണം ജാതീയത മാത്രമാണ്. സ്വജാതിയില്‍ നിന്നല്ലാത്ത ഒരു യുവാവിനെ പ്രണയിച്ചതാണ് ആദ്യം എതിര്‍പ്പിലേക്കും പിന്നീട് കൊലപാതകത്തിലേക്കും രാജനെ നയിച്ചത്. എന്നിട്ടും ദൃക്സാക്ഷികള്‍ കൂറുമാറിയ കാരണത്താല്‍ രാജന്‍ എന്ന പ്രതി ജയിലില്‍ നിന്നും വിട്ടയക്കപ്പെടുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയത നിരപരാധികളെ കൊലപ്പെടുത്തുന്നതിന്റെയും കുറ്റവാളികള്‍ക്ക് സുരക്ഷ നല്‍കുന്നതിന്റെയും ഉദാഹരണമാണ് ആതിരയുടെ കൊലപാതകവും തുടര്‍ന്നുണ്ടായ വിധിയെന്നും ബ്രിജേഷിന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ അനൂപ് ദാസ് ഡൂള്‍ന്യൂസിനോട് പങ്കുവെച്ചു.

‘തനിക്കൊരു പ്രണയമുണ്ട്, പട്ടാളക്കാരനാണ് എന്ന് ഒരു പെണ്‍കുട്ടി വീട്ടില്‍ തുറന്നു പറഞ്ഞു കഴിഞ്ഞാല്‍ അതില്‍ സ്വാഭാവികമായും വീട്ടുകാര്‍ക്ക് സമ്മതിക്കാതിരിക്കാനുള്ള കാരണമൊന്നുമില്ല. പക്ഷെ ഇവിടെയാണ് ജാതി പ്രവര്‍ത്തിക്കുന്നത്. ആതിരയുടെ കുടുംബത്തെക്കാള്‍ ‘താഴ്ന്ന ജാതി’യില്‍പ്പെട്ടയാളാണ് ബ്രിജേഷിന്റെ കുടുംബമെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് രാജന്‍ പ്രധാനമായും പ്രണയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. അതേസമയം സമൂഹത്തിലെ ജാതി വ്യവസ്ഥ, സാമൂഹികാന്തരീക്ഷം തുടങ്ങിയവയൊന്നും തന്നെ ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയായിരുന്ന രാജന് മനസ്സിലായില്ല എന്നതും പ്രധാനമാണെന്നും,’അനൂപ് പറയുന്നു.

‘പ്രണയം നിര്‍ത്തണം, താഴ്ന്ന ജാതിക്കാരെക്കൊണ്ടൊന്നും മകളെ കെട്ടിക്കാന്‍ കഴിയില്ല. ഞങ്ങള്‍ നന്നായൊക്കെ ജീവിക്കുന്നയാള്‍ക്കാരാണ്,’ എന്നാണ് ആതിരയുടെ അച്ഛന്‍ ബ്രിജേഷിനെ വിളിച്ച് പറഞ്ഞതായി അനൂപ് പറഞ്ഞത്. ഞങ്ങളൊക്കെ നന്നായി ജീവിക്കുന്നയാള്‍ക്കാരാണെന്ന് പറയുമ്പോള്‍ അതിന് കീഴില്‍ എന്നു പറയപ്പെടുന്ന ജാതിയിലുള്ളവര്‍ മോശമായിട്ടാണ് ജീവിക്കുന്നത് എന്നല്ലേ ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയായിരുന്ന രാജന്‍ പറഞ്ഞതിന്റെ ധ്വനിയെന്നും അനൂപ് ചോദിക്കുന്നു.

കേസില്‍ മൊഴിമാറ്റിപ്പറയാതെ നിന്നത് ബ്രിജേഷ് മാത്രമണ്. ഇത്തരമൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ പ്രതീക്ഷകള്‍ മുഴുവന്‍ കൈവിട്ടിരിക്കുകയാണെന്നുമാണ് ബ്രിജേഷ് ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

ഇന്ത്യയിലെ ജാതിക്കൊലപാതകങ്ങള്‍, ജാതിയുമായി ബന്ധപ്പെട്ട മറ്റ് അക്രമങ്ങള്‍ എന്നിവയെല്ലാം കോടതിയില്‍ പരാജയപ്പെട്ടു പോകുന്നതിന് കാരണം നമ്മുടെ സമൂഹം ഇപ്പോഴും ജാതി ബോധത്തില്‍ ജീവിക്കുന്നതിനാലാണെന്ന് സാമൂഹ്യപ്രവര്‍ത്തകനും ചിന്തകനുമായ സണ്ണി എം. കപിക്കാട് ഡൂള്‍ന്യൂസിനോട് പറഞ്ഞു. കേവലം സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങളുടെ വിചിത്രമല്ല, സമൂഹത്തിലെ ജാതിവ്യവസ്ഥയുടെ നെറികേടാണ് ഈ കേസ് നമുക്ക് മുന്നില്‍ വ്യക്തമാക്കുന്നതെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു.

‘ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ജാതിക്കൊലപാതകങ്ങള്‍, ദുരഭിമാനക്കൊലകള്‍, ജാതിയുമായി നേരിട്ട് ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ എന്നിവയിലെല്ലാം മിക്കവാറും എല്ലാ കേസുകളും ജുഡീഷ്യറിയില്‍ പരാജയപ്പെടുന്നതാണ് കാണുന്നത്. എസ്.സി/എസ്.ടി അട്രോസിറ്റീസ് ആക്ടുമായി ബന്ധപ്പെട്ട കേസുകളിലധികവും തള്ളിപ്പോവുകയോ അല്ലെങ്കില്‍ കോംപ്രമൈസ് ആവുകയോ അല്ലെങ്കില്‍ പരാജയപ്പെടുകയോ ചെയ്യുന്നതാണ് കാണാന്‍ സാധിക്കുന്നത്.

ആതിര കേസ് തെളിവുകളുടെ പശ്ചാത്തലത്തില്‍ മാത്രം അന്വേഷിച്ചാല്‍ കാരണം വ്യക്തമാകില്ല. അത് കുറച്ചു കൂടി വ്യാപ്തിയോടെ അന്വേഷിക്കേണ്ട ഒരു കാര്യമാണ്. ജാതിയുമായി ബന്ധപ്പെട്ട ഒരു അക്രമമോ, ഒരു കൊലപാതകമോ നടക്കുമ്പോള്‍ അത് പരിഗണിക്കുന്ന പൊലീസോ സമൂഹമോ ജാതി ചിന്തയില്‍ നിന്ന് അപ്പുറമല്ല എന്നത് പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതുകൊണ്ടു തന്നെ അത്തരം കേസുകളെ നിസാരവത്കരിക്കാനോ അതില്‍ വെള്ളം ചേര്‍ക്കാനോ ഉള്ള പ്രവണതയുണ്ടാകും.

കോടതിയായാലും വക്കീലായാലും പൊലീസായാലും ഇതില്‍ നിന്നും വിഭിന്നമല്ല. കേസില്‍ പ്രതിയായ രാജനെ പൊലീസ് പിടക്കുന്ന സമയത്ത് എന്തിനാണ് ഇങ്ങനൊരു കൊലപാതകം നടത്തിയതെന്ന് ചേദിക്കുമ്പോള്‍ ഇയാള്‍ പറയുന്നത്; സ്വജാതിയില്‍ നിന്നും മാറി ഒരാളെ മകള്‍ കല്യാണം കഴിക്കുമ്പോള്‍ പിന്നെ നാട്ടുകാരൊക്കെ എന്തു പറയും എന്നതാണ്. ഈ നാട്ടുകാരും പൊതു സമൂഹവും ഇയാള്‍ക്കനുകൂലമായി മൊഴികൊടുത്തുവെന്നതും ശ്രദ്ധേയമായ കാര്യമാണ്,’ സണ്ണി.എം.കപിക്കാട് പറയുന്നു.

മനുഷ്യന്‍ ഇനിയെങ്കിലും ഒഴിവാക്കേണ്ട ജാത്യാഭിമാനമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന ഉത്തമ ബോധ്യത്തോടെ ഒരു നിയമ നടപടി അനിവാര്യമാണെന്നാണ് കപിക്കാട് വ്യക്തമാക്കുന്നത്. ഒരു കാലത്ത് ഉത്തരേന്ത്യയില്‍ നിന്നും കേട്ടുകൊണ്ടിരുന്ന ദുരഭിമാനക്കൊലപാതകങ്ങളുടെ കഥകള്‍ ഇപ്പോള്‍ കേരളത്തില്‍ നിരവധി സംഭവങ്ങളില്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണ്.

കോട്ടയത്തെ കെവിന്‍ കൊലപാതക കേസ്സില്‍ നീനുവിന്റെ ഉറച്ചമൊഴി പ്രതികളായ നീനുവിന്റെ പിതാവിനെയും സഹോദരനെയും കുടുക്കിയപ്പോള്‍ ഇവിടെ ആതിരയെ കൊന്ന അച്ഛനായ രാജനെ രക്ഷപ്പെടുത്തിയത് കേസിലെ സാക്ഷികളായ ആതിരയുടെ അമ്മയും സോഹദരനും അവരുടെ മറ്റു ബന്ധുക്കളുമാണ്.

ആതിരയുടെ കേസ്സില്‍ സാക്ഷികളായ പ്രതിയുടെ ബന്ധുക്കള്‍ പ്രതിയോടുള്ള സ്നേഹംകാരണം മൊഴിമാറ്റി പറഞ്ഞു എന്നാണ് പ്രോസിക്യൂട്ടര്‍ പറഞ്ഞത്. എല്ലാത്തിനുമപ്പുറം ജാതിയോടുള്ള കൂറ് അവര്‍ പ്രഖ്യാപിക്കുകയായിരുന്നു എന്നതാണ് ഇതിന്റെ യാഥാര്‍ത്ഥ്യമെന്നാണ് സംണ്ണി എം കപിക്കാട് അഭിപ്രായപ്പെടുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more