| Friday, 15th June 2018, 4:20 pm

സംസ്ഥാനത്ത് വീണ്ടും ദുരഭിമാനക്കൊലയ്ക്കായി ശ്രമങ്ങള്‍; തൊടുപുഴയില്‍ പ്രണയിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിന് നേരേ വധഭീഷണി ഉയര്‍ത്തി

ഗോപിക

കോട്ടയം മാന്നാനത്ത് പ്രണയിച്ചതിന്റെ പേരില്‍ ഭാര്യയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്‍ ജോസഫിനെ കേരളം അത്ര പെട്ടെന്നൊന്നും മറന്നിട്ടില്ല. അതിനു തൊട്ടുപിന്നാലെ പല ഭാഗത്തു നിന്നും ഇത്തരം ദുരഭിമാനകൊലകള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഇപ്പോള്‍ ഇതാ വീണ്ടും പ്രണയിച്ചതിന്റെ പേരില്‍ വീട്ടുകാര്‍ വധഭീഷണി നടത്തുന്നുവെന്നാരോപിച്ച് തൊടുപുഴ സ്വദേശികളായ യുവതിയും യുവാവും രംഗത്തെത്തിയിരിക്കുകയാണ്.

തൊടുപുഴ സ്വദേശികളായ യുവതിയും യുവാവും വീട്ടുകാരുടെ ഭീഷണി ഭയന്ന് ചെര്‍പ്പുളശ്ശേരിയില്‍ ബന്ധുവിന്റെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി സത്യാവസ്ഥ അറിയിച്ചശേഷമാണ് യുവാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരങ്ങള്‍ ലോകത്തെയറിയിച്ചത്.

ഇരു മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ തങ്ങളെ ഒരുമിച്ച് ജീവിക്കാന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് തൊടുപുഴ സ്വദേശികളായ യുവതിയും യുവാവും ചെര്‍പ്പുളശ്ശേരിയിലെ ബന്ധുവീട്ടിലെത്തിയത്. എന്നാല്‍ യുവാവിന് നേരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നിരന്തരം വധഭീഷണി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഇവര്‍ ബന്ധുവിന്റെ സഹായത്തോടെ ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചത്.


ALSO READ:‘ഏതുനിമിഷവും ഞാനും ദുരഭിമാനക്കൊലയ്ക്ക് ഇരയായേക്കാം’ ; കാമുകിക്കൊപ്പം ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി യുവാവ്


പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് നിരന്തര ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് യുവാവ് തന്റെ അവസ്ഥ അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടത്.

“തൊടുപുഴ സ്വദേശികളായ തങ്ങള്‍ വര്‍ഷങ്ങളോളമായി പ്രണയത്തിലാണ്. എന്നാല്‍ രണ്ട് മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വധഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ഭീഷണി മാത്രമല്ല പെണ്‍കുട്ടിയെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതുകൊണ്ടാണ് തങ്ങള്‍ തൊടുപുഴ വിട്ട് ചെര്‍പ്പുളശ്ശേരിയിലേക്ക് വന്നതെന്നും പോസ്റ്റില്‍ പറയുന്നു.

അതേസമയം വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ ഈ ഫേസ്ബുക്ക് പോസ്റ്റ് മരണമൊഴിയായി കാണണമെന്നും യുവാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

വധഭീഷണിയെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെത്തിയ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. തൊടുപുഴ സ്റ്റേഷനില്‍ യുവതിയുടെ ബന്ധുക്കള്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കിയ സാഹചര്യത്തിലാണ് ഇരുവരെയും കോടതിയില്‍ ഹാജരാക്കാന്‍ ഒരുങ്ങുന്നത്.

തൊടുപുഴ സ്വദേശിയായ യുവാവ് ഹിന്ദു വിഭാഗത്തില്‍പ്പെടുന്നയാളായതാണ് യുവതിയുടെ വീട്ടുകാരെ ചൊടിപ്പിച്ചതെന്നാണ് യുവാവ് പറയുന്നത്. തങ്ങളുടെ പ്രണയ വിവരംപെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞതോടെ യുവാവിനു നേരേ കനത്ത ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒന്നുകില്‍ രണ്ടാളും എവിടെയെങ്കിലും പോയി ആത്മഹത്യ ചെയ്യണം അല്ലാതെ ഒരുമിച്ച് ജീവിക്കാന്‍ തുനിഞ്ഞാല്‍ കുടുംബത്തെയടക്കം കൊന്നുകളയുമെന്നാണ് ഭീഷണി.

വധഭീഷണി ശക്തമായതിനെത്തുടര്‍ന്ന് തൊടുപുഴയില്‍ നിന്ന് ചെര്‍പ്പുളശ്ശേരിയിലെ യുവാവിന്റെ ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. എന്നാല്‍ യുവാവിന്റെ കുടുംബാംഗത്തെയും കൊല്ലുമെന്നും വീട് തീവെയ്ക്കുമെന്നും ഭീഷണികള്‍ വര്‍ധിച്ചതോടെ ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ യുവാവ് പരാതിയുമായി സമീപിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് യുവാവ് തന്റെ നിസ്സഹായവസ്ഥ വെളിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടത്.


ALSO READ: ‘പ്രാക്ടിക്കല്‍ വിദ്യാഭ്യാസം ആണ് കുട്ടികള്‍ക്ക് വേണ്ടത്’; റോബോട്ട് സാധ്യതകള്‍ പഠനത്തിലുള്‍പ്പെടുത്തുന്ന പുത്തന്‍ മാതൃകയുമായി ഷാഹില്‍


തനിക്ക് വധഭീഷണിയുണ്ടെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമാണ് യുവാവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. പെണ്‍കുട്ടിയ്ക്ക് നേരേയും വീട്ടുകാര്‍ നിരന്തരം ആക്രമങ്ങള്‍ നടത്തിയിരുന്നു. പീഡനം സഹിക്കാന്‍ കഴിയാതെയാണ് പെണ്‍കുട്ടി വീടുവിട്ടിറങ്ങിയതെന്നും യുവാവ് പറഞ്ഞു.

അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ ഗുണ്ടകള്‍ തന്റെ വീട് വളഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും തൊടുപുഴ പൊലീസിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഭാഗത്തു നിന്ന് ഉണ്ടാകാന്‍ സാധ്യതയുള്ളതുകൊണ്ടാണ് തൊടുപുഴ വിട്ട് പുറത്തേക്ക് വരാന്‍ ശ്രമിച്ചതെന്നും യുവാവ് പറഞ്ഞു. കേസ് മജിസട്രേറ്റിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. കേസില്‍ ഉടന്‍ തന്നെ തങ്ങള്‍ക്കനുകൂലമായി നിയമ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more