ആതിരയ്ക്ക് പിന്നാല കെവിനും; ദുരഭിമാനക്കൊല കേരളത്തിലും
Vigilantism
ആതിരയ്ക്ക് പിന്നാല കെവിനും; ദുരഭിമാനക്കൊല കേരളത്തിലും
ജിതിന്‍ ടി പി
Monday, 28th May 2018, 6:03 pm

മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു കോട്ടയം നട്ടാശേരി എസ്.എച്ച് മൗണ്ടില്‍ കെവിന്‍ പി. ജോസഫും കൊല്ലം തെന്മല ഒറ്റക്കല്‍ സാനുഭവനില്‍ നീനു ചാക്കോയും. എന്നാല്‍ കെവിനുമായുള്ള ബന്ധം നീനുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. മറ്റൊരാളുമായി വിവാഹം നടത്താന്‍ തീരുമാനിച്ചതോടെ നീനു കെവിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു. എന്നാല്‍ വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വിഷയം പൊലീസ്‌സ്റ്റേഷനിലെത്തി.

കെവിനൊപ്പം ജീവിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞതോടെ വീട്ടുകാര്‍ നീനുവിനെ മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ സംഘടിച്ചെത്തിയതോടെയാണ് നീനുവിന്റെ ബന്ധുക്കള്‍ മടങ്ങിപ്പോയത്. എന്നാല്‍ ഇതിനുശേഷവും വീട്ടുകാരുടെ ഭീഷണി തുടരുകയായിരുന്നു. വെള്ളിയാഴ്ച ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫീസിലാണ് ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്.

അമ്മാവന്റെ മകനോടൊപ്പം മാന്നാനത്തുള്ള വീട്ടിലാണ് കെവിന്‍ കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലെയാണ് കെവിനെ വീടുകയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്.  സംഭവത്തിന് പിന്നില്‍ തന്റെ സഹോദരനാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. അതേസമയം പരാതിയെ ഗൗരവമായി കാണാന്‍ പൊലീസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തിരക്കുകള്‍ ഉള്ളതിനാല്‍ അദ്ദേഹം മടങ്ങിയശേഷം അന്വേഷിക്കാമെന്നാണ് പൊലീസ് അറിയിച്ചതെന്നും വീട്ടുകാര്‍ പറയുന്നു.

 

ചിത്രം കടപ്പാട് – മനോരമ ന്യൂസ്‌

ഇന്ന് രാവിലെയാണ് കെവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ നിന്നായിരുന്നു കെവിന്റെ മൃതദേഹം കണ്ടെത്തിയത്. നീനുവിന്റെ പരാതിയില്‍ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ ഗാന്ധിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കോട്ടയം ഡി.വൈ.എസ്.പി ഷാജിമോന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറുകളിലൊന്ന് തെന്മല പൊലീസ് ഞായറാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. കെവിനൊപ്പം ബന്ധുവായ അനീഷിനേയും തട്ടിക്കൊണ്ടുപോയിരുന്നു. എന്നാല്‍ ഇയാളെ പിന്നീട് വഴിയില്‍ ഇറക്കിവിടുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചേ മൂന്നു കാറുകളിലായി എത്തിയ സംഘം ഇരുവരെയും തട്ടികൊണ്ടുപോകുകയായിരുന്നു. കെവിന്റെ പിതാവ് ജോസഫ് ജേക്കബ് പരാതിയുമായി സ്റ്റേഷനിലെത്തിയെങ്കിലും സ്വീകരിച്ചില്ല.

അതേസമയം കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.എസ്.ഡി.എസ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. “ഞങ്ങള്‍ കറുത്തവരായതുകൊണ്ടാണോ ഞങ്ങളെ കൊല്ലാക്കൊല ചെയ്യുന്നത്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഇറങ്ങി നടക്കാന്‍ അവകാശമില്ല. നിറം കുറഞ്ഞുപോയതുകൊണ്ടാണോ ഇങ്ങനെ കൊന്നുതീര്‍ക്കുന്നത്. ഇതിന് ഞങ്ങള്‍ മറുപടി പറയിച്ചിരിക്കും. ഞങ്ങളുടെ ഓരോ കുഞ്ഞിനും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്.” എന്നു പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.

ബി.ജെ.പിയും യു.ഡി.എഫും നാളെ കോട്ടയത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ പൊലീസ് സ്റ്റേഷനുമുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. പ്രണയവിവാഹത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കോട്ടയം സ്വദേശി കെവിന്‍ പി. ജോസഫിന്റെ കൊലപാതകം സി.പി.ഐ.എം അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

അതേസമയം കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ നടപടികളെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികളെ പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്ന തിരക്ക് മൂലമാണ് കെവിന്റെ ഭാര്യ നീനുവിന്റെ പരാതിയില്‍ നടപടി വൈകിയതെന്ന് വാദം മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.

തന്റെ സുരക്ഷയുമായി ഇതിന് ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ യാത്രയോ സുരക്ഷയുമായോ പൊലീസ് നടപടികളെ ബന്ധിപ്പിക്കേണ്ടതില്ലെന്നും തന്റെ സുരക്ഷ ഒരുക്കുന്നത് പ്രത്യേക ടീമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇതാദ്യമായല്ല കേരളത്തില്‍ ദുരഭിമാനക്കൊല അരങ്ങേറുന്നത്. ദളിത് യുവാവുമായുള്ള വിവാഹം ഉറപ്പിച്ചതിനെത്തുടര്‍ന്ന് പത്തനാപുരത്ത് പൂവത്തിക്കണ്ടിയില്‍ ആതിരയെ പിതാവ് കുത്തിക്കൊന്നത് ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. ദളിത് യുവാവായ ബ്രിജേഷുമായുള്ള വിവാഹത്തില്‍ ആതിരയുടെ പിതാവ് രാജന് പൂര്‍ണമായും സമ്മതമുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന്റെ തലേന്നായിരുന്നു ആതിരയുടെ കൊലപാതകം.

ദളിത് യുവാവുമായുള്ള പ്രണയമാണ് ഈ ദുരഭിമാനകൊലപാതകത്തിന് കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.