'അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് കിട്ടിയ ബഹുമതി'; ഹാനി ബാബുവിന് ഗെന്റ് സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
national news
'അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് കിട്ടിയ ബഹുമതി'; ഹാനി ബാബുവിന് ഗെന്റ് സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd March 2023, 9:40 pm

ന്യൂദല്‍ഹി: ഭീമ കൊറഗേവ്- എല്‍ഗാര്‍ പരിഷത്ത് കേസില്‍ അറസ്റ്റിലായ ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ഹാനി ബാബുവിന് ഓണററി ഡോക്ടറേറ്റ്. ബെല്‍ജിയത്തിലെ ഗെന്റ് സര്‍വകലാശാലയാണ് ഓണററി ഡോക്ടറേറ്റ് നല്‍കിയത്.

ഗെന്റ് യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്‌സ് ആന്‍ഡ് ഫിലോസഫി വിഭാഗമാണ് ഹാനി ബാബുവിന്റെ പേര് നിര്‍ദേശിച്ചത്.

അക്കാദമിക് സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടവും ഭാഷാ അവകാശങ്ങളോടുള്ള പ്രതിബന്ദതയും ന്യൂനപക്ഷങ്ങള്‍ക്ക് തുല്യവിദ്യാഭ്യാസത്തിനായുള്ള ശ്രമങ്ങളും പരിഗണിച്ചാണ് ഹാനി ബാബുവിന് ഓണററി ഡോക്ടറേറ്റ് നല്‍കിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ജെന്നി റൊവേന പറഞ്ഞതായി മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ചയാണ് ഡോക്ടറേറ്റ് കൈമാറുന്നത്. ജര്‍മന്‍ ഭാഷാവിഭാഗത്തിലെ ഡോ. ആനി ബ്രീറ്റ്ബാര്‍ത്താണ് ഹാനി ബാബുവിനായി ബഹുമതി സ്വീകരിക്കുക.

അമേരിക്ക, യു.കെ, കാനഡ, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ നിന്നുളള ആറ് ഗവേഷകര്‍ക്കും ഓണററി ഡോക്ടറേറ്റ് നല്‍കുന്നുണ്ട്.

ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകനായിരുന്നു ഹാനി ബാബു. മാവേയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് 2020 ജൂലൈ 28 ന് ഭീമാ കൊറേഗാവ്-എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായത്.

മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന അദ്ദേഹം പ്രതി ചേര്‍ക്കപ്പെട്ട ഭീമ കൊറേഗാവ് കേസിന്റെ അന്വേഷണം പിന്നീട് എന്‍.ഐ.എ ഏറ്റെടുത്തു.

content highlight: Honorary Doctorate of Ghent University to Hani Babu