ജാതീയമായ ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. തന്റെ പുതിയ ചിത്രമായ കവുണ്ടംപാളയം സിനിമയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ദുരാഭിമാനക്കൊലയെ കുറിച്ചുള്ള വിവാദ പരാമർശം രഞ്ജിത്ത് നടത്തിയത്.
മക്കൾ പോകുന്നതിന്റെ വേദന രക്ഷിതാക്കൾക്ക് മാത്രമേ അറിയുള്ളൂവെന്നും ജാതീയമായ ദുരഭിമാനക്കൊല മക്കളോടുള്ള മാതാപിതാക്കളുടെ കരുതലാണെന്നും അത് അക്രമമല്ലെന്നും രഞ്ജിത്ത് പറഞ്ഞു.
‘മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്ക് മാത്രമേ അറിയുള്ളൂ. ഒരു ബൈക്ക് മോഷണം പോയാൽ, എന്താണ് അതിന് സംഭവിച്ചതെന്ന് നമ്മൾ അന്വേഷിക്കില്ലേ. സ്വന്തം കുട്ടികൾക്ക് വേണ്ടി ജീവിതം ഒഴിഞ്ഞുവെക്കുന്ന മാതാപിതാക്കൾ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള മാതാപിതാക്കളുടെ കരുതൽ മാത്രമാണ്,’രഞ്ജിത്ത് പറഞ്ഞു.
പരാമർശത്തിന് പിന്നാലെ കടുത്ത വിമർശനമാണ് നടനെതിരെ ഉയരുന്നത്. ദുരഭിമാനക്കൊലയ്ക്ക് പുതിയ നിയമം കൊണ്ടുവരാൻ അധികാരികളോട് ആളുകൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു പ്രസ്താവനയുമായി നടൻ മുന്നോട്ട് വന്നിരിക്കുന്നത്. മുമ്പ് പൊതു പരിപാടികളിലെ സ്ത്രീകളുടെ വസ്ത്രരീതിയെ കുറിച്ച് രഞ്ജിത്ത് പറഞ്ഞ അഭിപ്രായങ്ങൾ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു.
വിവിധ ഭാഷകളിലായി സൂപ്പർ സ്റ്റാറുകളോടൊപ്പമെല്ലാം അഭിനയിച്ച നടനാണ് രഞ്ജിത്ത്. മലയാളത്തിൽ രാജമാണിക്യം, ചന്ദ്രോത്സവം, നാട്ടുരാജാവ് എന്നീ ചിത്രങ്ങളിലെ രഞ്ജിത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ഈ വർഷം ഇറങ്ങിയ കടകൻ എന്ന മലയാള ചിത്രത്തിലും രഞ്ജിത്ത് അഭിനയിച്ചിരുന്നു.
Content Highlight: Honor killing is not aggression, parental care; Actor Ranjith with controversial remarks