വാവെയുടെ ഹോണര്‍ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ ഹോണര്‍ 10 ഇന്ത്യന്‍ വിപണിയിലെത്തി. നിലവില്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് ഫോണ്‍ ലഭ്യമാവുക. നിരവധി ആകര്‍ഷകമായ സവിശേഷതകളുമായാണ് ഹോണര്‍ ഇത്തവണയെത്തിയിരിക്കുന്നത്. ഏറ്റവും പുതിയ ഹൈ സിലിക്കണ്‍ കിരിന്‍ 970 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6 ജി.ബിയാണ് റാം. ഇരട്ട ക്യാമറയും 19:9 ഫുള്‍വ്യു ഡിസ്‌പ്ലേയുമുള്ള ഫോണില്‍ ഐ.ഫോണിന് സമാനമായ നൊച്ച് പരീക്ഷിച്ചിട്ടുണ്ട്. സെല്‍ഫിക്ക് മിഴിവ് പകരാന്‍ 24 മെഗാ പിക്‌സലിന്റെ ഫ്രണ്ട് ക്യാമറയാണ് ഫോണില്‍ ഒരുക്കിയത്.
എ.ഐ 2.0 യാണ് ഫോണിന്റെ മറ്റൊരു സവിശേഷത. ഇത് ഫേസ് റെകഗ്നിഷനും ഫോട്ടോയിലെ മിനുക്ക് പണികളും കൂടുതല്‍ വൃത്തിയായി ചെയ്യാന്‍ സഹായിക്കും.
ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ പരിഷ്‌കരിച്ച പതിപ്പാണ് ഹോണര്‍ ഉപയോഗിച്ചിരിക്കുന്നത്. ഗ്രേഡിയന്റ് കളര്‍ ടോണിലുള്ള ഫോണിന്‍ പിങ്ക്, ഗോള്‍ഡ്, ട്വിലൈറ്റ് വേരിയന്റുകളുണ്ട്.
ഇന്ത്യയില്‍ 32,999 രൂപയാണ് 128 ജി.ബി സ്റ്റോറേജ് പതിപ്പിന് വില. 64 ജി.ബി സ്റ്റോറേജ് പതിപ്പ് ഉണ്ടെങ്കിലും ഇന്ത്യന്‍ വിപണികളില്‍ ലഭ്യമല്ല. ഫോണ്‍ ബുധനാഴ്ച രാത്രി മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാവും.