| Saturday, 2nd November 2024, 11:31 am

ക്രിക്കറ്റില്‍ മേല്‍വിലാസമില്ലാത്ത യു.എ.ഇയോടും തോറ്റ് ഇന്ത്യ; ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഹോങ് കോങ് ഇന്റര്‍നാഷണല്‍ സിക്‌സസ് ടൂര്‍ണമെന്റില്‍ യു.എ.ഇയോട് പരാജയപ്പെട്ട് ഇന്ത്യ. മിഷന്‍ റോഡ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. യു.എ.ഇ ഉയര്‍ത്തിയ 131 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 129 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ക്വാര്‍ട്ടറിന് യോഗ്യത നേടാനും ഇന്ത്യക്ക് സാധിക്കാതെ വന്നു.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. യു.എ.ഇ ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ക്യാപ്റ്റന്‍ ആസിഫ് ഖാനെ യു.എ.ഇക്ക് നഷ്ടമായി. ഭരത് ചിപ്‌ലിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. എന്നാല്‍ വണ്‍ ഡൗണായെത്തിയ മുഹമ്മദ് സുഹൈബിനെ കൂട്ടുപിടിച്ച് സൂപ്പര്‍ താരം ഖാലിദ് ഷാ സ്‌കോര്‍ ഉയര്‍ത്തി.

ഇന്നിങ്‌സിലെ 13ാം പന്തില്‍ സ്റ്റുവര്‍ട്ട് ബിന്നി സുഹൈബിനെ പുറത്താക്കി. എന്നാല്‍ ഇതിനോടകം തന്നെ സ്‌കോര്‍ ബോര്‍ഡില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു. സുഹൈബ് അഞ്ച് പന്തില്‍ 17 റണ്‍സ് നേടി പുറത്തായി.

അധികം വൈകാതെ ഖാലിദ് ഷായുടെ വിക്കറ്റും യു.എ.ഇക്ക് നഷ്ടമായി. പത്ത് പന്തില്‍ ആറ് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെ 42 റണ്‍സാണ് താരം സ്വന്തമാക്കിയത്. 420.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം സ്‌കോര്‍ ചെയ്തത്.

അധികം വൈകാതെ സഞ്ചിത് ശര്‍മ (ആറ് പന്തില്‍ 12) ആകിഫ് രാജ (മൂന്ന് പന്തില്‍ പത്ത്) എന്നിവരും മടങ്ങി.

11 പന്തില്‍ പുറത്താകാതെ 37 റണ്‍സ് നേടിയ സഹൂര്‍ ഖാനാണ് യു.എ.ഇ നിരയിലെ മറ്റൊരു റണ്‍ ഗെറ്റര്‍. നാല് സിക്‌സറും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

12 റണ്‍സ് എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ചതും യു.എ.ഇക്ക് തുണയായി. ഒടുവില്‍ നിശ്ചിത ഓവറില്‍ 130 എന്ന നിലയില്‍ യു.എ.ഇ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

131 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്കായി ഭരത് ചിപ്‌ലിയും മനോജ് തിവാരിയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറിലെ അവസാന പന്തില്‍ ചിപ്‌ലിയെ പുറത്താക്കി ആകിഫ് രാജ യു.എ.ഇക്ക് ആവശ്യമായ ബ്രേക് ത്രൂ നല്‍കി. ആറ് പന്തില്‍ 20 റണ്‍സാണ് താരം നേടിയത്.

വണ്‍ ഡൗണായി ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയാണ് ക്രീസിലെത്തിയത്. പത്ത് പന്ത് നേരിട്ട താരം അഞ്ച് സിക്‌സറും മൂന്ന് ഫോറുമായി 43 റണ്‍സ് നേടി. 430.00 എന്ന സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.

ഇതിനിടെ മൂന്ന് പന്തില്‍ പത്ത് റണ്‍സ് നേടിയ തിവാരിയുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു.

അഞ്ചാം നമ്പറില്‍ സൂപ്പര്‍ താരം സ്റ്റുവര്‍ട്ട് ബിന്നിയാണ് ക്രീസിലെത്തിയത്. 11 പന്തില്‍ 44 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഉത്തപ്പയെ പോലെ അഞ്ച് സിക്‌സറും മൂന്ന് ഫോറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന പന്തില്‍ റണ്‍ ഔട്ടായാണ് ബിന്നി പുറത്തായത്. അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 99 എന്ന നിലയിലായിരുന്നു ഇന്ത്യ.

ആസിഫ് ഖാനെറിഞ്ഞ ആദ്യ പന്ത് ബിന്നി ബൗണ്ടറി കടത്തി. രണ്ടാം പന്ത് വൈഡായതോടെ 5.1 ഓവറില്‍ 104ന് മൂന്ന് എന്ന നിലയിലേക്ക് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ന്നു. തുടര്‍ന്നു വന്ന നാല് പന്തിലും സിക്‌സറടിച്ച് ബിന്നി സ്‌കോര്‍ 128ലെത്തിച്ചു.

അവസാന പന്തില്‍ മൂന്ന് റണ്‍സായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഒരു റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കണ്ടെത്താന്‍ സാധിച്ചത്. സിംഗിള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം റണ്‍സിനായി ഓടിയെങ്കിലും സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ബിന്നി റണ്‍ ഔട്ടാവുകയായിരുന്നു.

കഴിഞ്ഞ ദിവസം പാകിസ്ഥാനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് ഓവറില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു.

Content Highlight: Hong Kong Sixes: UAE defeated India

We use cookies to give you the best possible experience. Learn more