ഹോങ് കോങ് ഇന്റര്‍നാഷണല്‍ സിക്‌സസ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ സ്‌കോറുമായി ഇന്ത്യ. മോങ് കോക് മിഷന്‍ റോഡ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആറ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.
ക്യാപ്റ്റന്‍ റോബിന്‍ ഉത്തപ്പയുടെയും സൂപ്പര്‍ താരം ഭരത് ചിപ്‌ലിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ചിപ്‌ലിയും ഉത്തപ്പയുമാണ് ഇന്ത്യക്കായി ഇന്നിങ്‌സ് ആരംഭിച്ചത്.
ആദ്യ പന്ത് മുതല്‍ക്കുതന്നെ അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുത്ത ക്യാപ്റ്റന്‍ പാക് ബൗളര്‍മാരെ കടന്നാക്രമിച്ചു. എന്നാല്‍ കേവലം എട്ട് പന്ത് മാത്രമായിരുന്നു ഉത്തപ്പക്ക് ആയുസുണ്ടായിരുന്നത്. എന്നാല്‍ ഈ എട്ടില്‍ പന്തില്‍ തന്നെ ക്യാപ്റ്റന്‍ പാകിസ്ഥാന്റെ മൂര്‍ദ്ധാവില്‍ പ്രഹരമേല്‍പിച്ചിരുന്നു.
മൂന്ന് സിക്‌സറും അത്ര തന്നെ ഫോറുമടക്കം 31 റണ്‍സാണ് ഉത്തപ്പ സ്വന്തമാക്കിയത്. 387.50 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഉത്തപ്പയുടെ സംഹാര താണ്ഡവം.
16 പന്ത് നേരിട്ട് റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങും മുമ്പ് 53 റണ്‍സാണ് ഭരത് ചിപ്‌ലി സ്വന്തമാക്കിയത്. ആറ് ഫോറും നാല് സിക്‌സറും അടക്കം 331.25 പ്രഹരശേഷിയില്‍ ഭരത്തും സ്‌കോര്‍ ചെയ്തു.
ഏഴ് പന്തില്‍ പുറത്താകാതെ 17 റണ്‍സ് നേടിയ മനോജ് തിവാരിയാണ് ഇന്ത്യന്‍ നിരയിലെ മറ്റൊരു റണ്‍ ഗെറ്റര്‍.
പാകിസ്ഥാന്‍ നിരയില്‍ ഫഹീം അഷ്‌റഫാണ് രണ്ട് വിക്കറ്റും നേടിയത്. രണ്ട് ഓവറില്‍ രണ്ട് വിക്കറ്റ് നേടിയെങ്കിലും 50 റണ്‍സാണ് താരം വഴങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ രണ്ട് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 44 എന്ന നിലയിലാണ്. എട്ട് പന്തില്‍ 36 റണ്‍സുമായി ആസിഫ് അലിയും നാല് പന്തില്‍ ആറ് റണ്‍സുമായി മുഹമ്മദ് അഖ്‌ലാഖുമാണ് ക്രീസില്‍.
Content Highlight: Hong Kong Sixes: India vs Pakistan, India scored 119 runs