ഹോങ് കോങ് ഇന്റര്‍നാഷണല്‍ സിക്‌സസ് ടൂര്‍ണമെന്റില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരട്ട തോല്‍വിയുമായി ഇന്ത്യ. നവംബര്‍ രണ്ടിന് നടന്ന ആദ്യ മത്സരത്തില്‍ യു.എ.ഇ ഇന്ത്യയെ പരാജയപ്പെടുത്തിയപ്പോള്‍ ഇംഗ്ലണ്ടാണ് രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് വില്ലനായത്.
യു.എ.ഇക്കെതിരായ മത്സരത്തില്‍ ഒരു റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. യു.എ.ഇ ഉയര്‍ത്തിയ 131 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 129 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
ഇംഗ്ലണ്ടിനെതിരെ 15 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 120 റണ്‍സ് നേടി. ക്യാപ്റ്റന്‍ രവി ബൊപ്പാരയുടെയും സമിത് പട്ടേലിന്റെയും അര്‍ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിന് തുണയായത്.
ബൊപ്പാര 14 പന്തില്‍ 53 റണ്‍സ് നേടി. എട്ട് സിക്‌സറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
റോബിന്‍ ഉത്തപ്പയെറിഞ്ഞ നാലാം ഓവറാണ് മത്സരത്തില്‍ നിര്‍ണായകമായത്. ഇന്ത്യന്‍ ക്യാപ്റ്റന്റെ ഓവറിലെ ആറ് പന്തുകളും ഇംഗ്ലണ്ട് നായകന്‍ സിസ്‌കറിന് തൂക്കി.
18 പന്തില്‍ 51 റണ്‍സാണ് സമിത് പട്ടേല്‍ അടിച്ചെടുത്തത്. അഞ്ച് സിക്‌സറും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഇരുവരും റിട്ടയര്‍ഡ് ഹര്‍ട്ടായാണ് മടങ്ങിയത്.
ഒടുവില്‍ ആറ് ഓവറില്‍ 120ന് ഒന്ന് എന്ന നിലയില്‍ ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഭരത് ചിപ്‌ലിയും ശ്രീവത്സ് ഗോസ്വാമിയും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. ചിപ്‌ലി ഏഴ് പന്തില്‍ 21 റണ്‍സും ഗോസ്വാമി പത്ത് പന്തില്‍ 27 റണ്‍സും നേടി പുറത്തായി.
നേരത്തെ നടന്ന മത്സരത്തില്‍ 430.0 സ്‌ട്രൈക്ക് റേറ്റില്‍ 43 റണ്‍സ് നേടിയ ഉത്തപ്പയും 11 പന്തില്‍ 44 റണ്‍സ് നേടിയ സ്റ്റുവര്‍ട്ട് ബിന്നിയും ഇംഗ്ലണ്ടിനെതിരെ വന്‍ പരാജയമായി മാറി. ഉത്തപ്പ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയപ്പോള്‍ മൂന്ന് പന്തില്‍ അഞ്ച് റണ്‍സാണ് ബിന്നി നേടിയത്.
പിന്നാലെയെത്തിയ കേദാര്‍ ജാദവ് ചെറുത്തുനിന്നു. 15 പന്തില്‍ 48 റണ്‍സാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ ഇതൊന്നും വിജയത്തിന് മതിയാകുമായിരുന്നില്ല.
ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സിന് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം പാകിസ്ഥാനോടും ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് ഓവറില്‍ ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു.
Content Highlight: Hong Kong Sixes: England defeated India