20 ലക്ഷത്തോളം പേര്‍ അണിനിരന്ന പ്രക്ഷോഭത്തിനിടയിലൂടെ പോകുന്ന ആംബുലന്‍സ്; ഹോങ്കോങ്ങില്‍ ഇങ്ങനെയാണ്- വീഡിയോ
World News
20 ലക്ഷത്തോളം പേര്‍ അണിനിരന്ന പ്രക്ഷോഭത്തിനിടയിലൂടെ പോകുന്ന ആംബുലന്‍സ്; ഹോങ്കോങ്ങില്‍ ഇങ്ങനെയാണ്- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2019, 5:04 pm

ഹോങ്കോങ്: വഴിതടഞ്ഞ് സമരം നടത്തുമ്പോഴും, രാഷ്ട്രീയനേതാക്കള്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമ്പോഴും ഗതാഗതക്കുരുക്കുണ്ടാവുകയും അതില്‍ ഗുരുതരമായി ആശുപത്രിയില്‍ എത്തിക്കേണ്ട രോഗികളുണ്ടാവുകയും ഒക്കെ ചെയ്യുന്നതു നമ്മുടെ നാട്ടില്‍ അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. ഇതു പ്രമേയമാക്കി വിവിധ ഭാഷകളില്‍ നിരവധി സിനിമകളും ഇറങ്ങിയിട്ടുണ്ട്.

എന്നാല്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന ഒരു സമരം മാതൃയാവുകയാണ് ഇപ്പോള്‍. ഹോങ്കോങ്ങിലെ വിവാദമായ കുറ്റവാളി കൈമാറ്റ ബില്ലിനെതിരേ നടക്കുന്ന സമരമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച.

രോഗിയുമായി അടിയന്തരമായി ആശുപത്രിയിലേക്കു വരികയായിരുന്ന ആംബുലന്‍സിന് അതിവേഗം വഴിയൊരുക്കിക്കൊടുക്കുന്ന പ്രക്ഷോഭകരുടെ വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. ഈ വഴിയിലൂടെ ആംബുലന്‍സ് സുഗമമായി കടന്നുപോകുകയും ആ വഴി ആംബുലന്‍സ് മുന്നോട്ടുപോകുന്നതനുസരിച്ച് പഴയ സ്ഥിതിയിലേക്കു മാറുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.

കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ 20 ലക്ഷത്തോളം പേരാണ് ഹോങ്കോങ്ങില്‍ ഇന്നലെ സമരത്തിലുണ്ടായിരുന്നത്. ഹോങ്കോങ്ങിലെ ഭരണാധികാരിയായ കാരി ലാം രാജിവെയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഒരു നാടൊന്നടങ്കം പ്രതിഷേധിക്കവെ, ഗതാഗതമുള്‍പ്പെടെ അവശ്യസര്‍വീസുകളെല്ലാം നിലച്ചിരുന്ന സാഹചര്യത്തിലാണ് ആംബുലന്‍സ് കടന്നുവന്നത്. നിമിഷനേരം കൊണ്ടായിരുന്നു എല്ലാം സംഭവിച്ചത്. സമയോചിതമായി പ്രവര്‍ത്തിച്ച പ്രക്ഷോഭകരെ സാമൂഹ്യമാധ്യമങ്ങളിലുള്ളവര്‍ ഇപ്പോള്‍ അഭിനന്ദിക്കുകയാണ്.

രാജ്യത്ത് ഇപ്പോഴുള്ള നിര്‍ദിഷ്ട കുറ്റവാളി കൈമാറ്റ നിയമം ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണു പ്രക്ഷോഭം അരങ്ങേറുന്നത്. ഹോങ്കോങ് നിവാസികളെ വിചാരണയ്ക്കു ചൈനയിലേക്കു വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമഭേദഗതി.

2014-ലെ ജനാധിപത്യ അവകാശ സമരത്തിനുശേഷം ഹോങ്കോങ്ങില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. പ്രബലരായ ബിസിനസ് സമൂഹവും നിയമഭേദഗതിക്കെതിരാണ്. പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് നഗരത്തിലെ ചെറുകിട കച്ചവടക്കാരും ബുക്ക്, കോഫി ഷോപ്പ് ഉടമകളും ഇന്നു കടകള്‍ അടച്ചിടും. അധ്യാപകര്‍ പണിമുടക്കുകയും സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കുകയും ചെയ്യും.

കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ഭേദഗതി ഏപ്രിലിലാണ് അവതരിപ്പിച്ചത്. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണസംവിധാനത്തെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ നിയമം ദുരുപയോഗിക്കുമെന്നാണ് അവര്‍ ആരോപിക്കുന്നത്.

യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും ഭേദഗതിക്കെതിരാണ്. പ്രശ്നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചൈനയിലെ വിദേശകാര്യ മന്ത്രാലയം വാദിക്കുന്നത്.

ഹോങ്കോങ് സ്വദേശിനിയായ യുവതി തായ്ലന്‍ഡില്‍ കൊല്ലപ്പെട്ടതും അതിനുശേഷം പ്രതിയായ കാമുകന്‍ ഹോങ്കോങ്ങിലേക്കു മടങ്ങിയെത്തിയതും സംബന്ധിച്ച വിവാദമാണ് ഭേദഗതിക്കു കാരണമായി ഹോങ്കോങ് പറയുന്നത്. തായ്ലന്‍ഡുമായി കൈമാറ്റ ഉടമ്പടി ഇല്ലാത്തതിനാല്‍ പ്രതിയെ അങ്ങോട്ടു വിട്ടുകൊടുക്കാനായില്ല. തായ്ലന്‍ഡില്‍ നടന്ന കുറ്റകൃത്യത്തിനു ഹോങ്കോങ്ങില്‍ കേസെടുക്കാനും സാധ്യമല്ലായിരുന്നു.

2015-ല്‍ ഹോങ്കോങ്ങിലെ അഞ്ച് പുസ്തകവ്യാപാരികളെ കാണാതായ സംഭവം വിവാദമായിരുന്നു. ചൈനീസ് രഹസ്യപൊലീസ് ഇവരെ തട്ടിക്കൊണ്ടുപോയതാണെന്നാണ് ആരോപണം.

ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997-ലാണ് ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഹോങ്കോങ്ങിനുണ്ട്. എന്നാല്‍ ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകള്‍ ശക്തമാണ്.