ഹോങ്കോങ്ങിലെ വിവാദ നാടുകടത്തല്‍ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ പാര്‍ലമെന്റിനുള്ളില്‍ കടന്നു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബില്‍ഡിങ്ങിനകത്ത് കയറി ചില്ലുകളും ചുവരുകളും ചേംബറും തകര്‍ത്ത പ്രക്ഷോഭകര്‍ ചുവരില്‍ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് മുദ്രാവാക്യങ്ങളെഴുതുകയും സ്പീക്കറുടെ പോഡിയത്തിന് മുകളില്‍ ബ്രിട്ടന്റെ കൊടി കെട്ടുകയും ചെയ്തു.
പാര്‍ലമെന്റിനുള്ളിലെ ഭരണാധികാരികളുടെ ചിത്രങ്ങള്‍ പ്രതിഷേധക്കാര്‍ കീറിക്കളയുകയും ചെയ്തിട്ടുണ്ട്. സമാധാന പ്രക്ഷോഭങ്ങളെ അധികാരികള്‍ അവഗണിച്ചത് കൊണ്ടാണ് പാര്‍ലമെന്റിനകത്തേക്ക് പ്രവേശിച്ചതെന്നും കെട്ടിടത്തിനുള്ളില്‍ തുടരുമെന്നും പ്രക്ഷോഭകാരികളിലൊരാള്‍ അല്‍ ജസീറയോട് പറഞ്ഞു. പ്രതിഷേധക്കാര്‍ക്ക് മരുന്നും ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ പുറമെ നിന്ന് ആളുകള്‍ എത്തിക്കുന്നുണ്ട്.
ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങ് ചൈനയ്ക്ക് കൈമാറിയതിന്റെ 22ാം വാര്‍ഷികമാണ് ഇപ്പോള്‍.
കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്കു കൈമാറുന്നതിനുള്ള വിവാദ ബില്ലിനെതിരെയാണ് പ്രക്ഷോഭം നടക്കുന്നത്. ബില്‍ മാറ്റിവെച്ചാല്‍ പോരെന്നും റദ്ദാക്കണമെന്നുമാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.
ആഴ്ചകളായി കടുത്ത പ്രക്ഷോഭമാണ് അര്‍ദ്ധ സ്വയംഭരണ നഗരമായ ഹോങ്കോങ്ങില്‍ നടക്കുന്നത്. ഏറെയും വിദ്യാര്‍ഥികളാണു സമരം നടത്തുന്നത്.