| Wednesday, 25th August 2021, 10:48 am

സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിച്ചാല്‍ മൂന്ന് വര്‍ഷം തടവും ഭീമന്‍ പിഴയും; ഹോങ്കോംഗിലെ സിനിമകളെയും പൂട്ടാനൊരുങ്ങി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹോങ്കോംഗ്: ജനാധിപത്യ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തിയതിന് പിന്നാലെ ഹോങ്കോംഗില്‍ കൂടുതല്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങി ചൈന. പുതിയ സിനിമാ സെന്‍സര്‍ഷിപ്പ് നിയമങ്ങളിലൂടെയാണ് കര്‍ശന നിയന്ത്രണങ്ങള്‍ ചൈന നടപ്പിലാക്കുന്നത്.

‘രാജ്യസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി’ എന്ന പ്രഖ്യാപനത്തോടെയാണ് പുതിയ നിയമങ്ങള്‍ ചൈനയുടെ അധീനതിയിലുള്ള ഹോങ്കോംഗ് ഭരണകേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്.

‘രാജ്യസുരക്ഷ കൂടുതല്‍ ശക്തമായി നടപ്പാക്കനുതകുന്ന തരത്തിലാണ് പുതിയ സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. ദേശീയ സുരക്ഷാ നിയമത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

രാജ്യസുരക്ഷക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന തരത്തിലുള്ള കണ്ടന്റുകള്‍ സെന്‍സര്‍ ചെയ്യപ്പെടും,’ ഹോങ്കോംഗ് വാണിജ്യ വകുപ്പ് സെക്രട്ടറി എഡ്വേര്‍ഡ് യു മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെയിറങ്ങിയ സിനിമകളും ഇനി മുതല്‍ അധികൃതര്‍ പരിശോധിക്കും. രാജ്യസുരക്ഷക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയാല്‍ സിനിമയുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നാണ് നിയമത്തില്‍ പറയുന്നത്.

സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവും 1 മില്യണ്‍ ഹോങ്കോംഗ് ഡോളര്‍ (95,34,997 രൂപ) പിഴയുമുണ്ടാകും. രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്ന സിനിമകള്‍ക്ക് പൂര്‍ണ്ണമായ വിലക്കേര്‍പ്പെടുത്താനും നിയമത്തില്‍ പറയുന്നുണ്ട്.

2019ലെ ഹോങ്കോംഗ് ജനാധിപത്യ പ്രക്ഷോഭങ്ങളെ കുറിച്ചുള്ള സിനിമകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്നത് ചൈന തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് ശേഷം വലിയ അടിച്ചമര്‍ത്തലായിരുന്നു ചൈന ഹോങ്കോംഗില്‍ നടപ്പിലാക്കിയിരുന്നത്. അര്‍ധപരമാധികാരമുള്ള നഗരമായ ഹോങ്കോംഗിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ ഹനിക്കുന്ന നിയമത്തിനെതിരെയായിരുന്നു ഈ പ്രതിഷേധം.

പൂര്‍ണ്ണമായ ജനാധിപത്യ-പൗരാവകാശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ജനങ്ങള്‍ നിയമസഭാ മന്ദിരത്തില്‍ എത്തിയത്. ഈ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയ ചൈന ഇക്കഴിഞ്ഞ ജൂലൈയിലാണ് രാജ്യ സുരക്ഷാ നിയമം എന്ന പേരില്‍ പുതിയ നിയമങ്ങള്‍ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hong Kong proposes film censorship law to ‘safeguard national security’

We use cookies to give you the best possible experience. Learn more