ഹോങ്കോംഗ്: ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയ്ക്ക് ഇരയായ ചൈനീസ് ജനതയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്ഥാപിച്ച ഹോങ്കോംഗ് സര്‍വകലാശാലയിലെ ‘നാണക്കേടിന്റെ സ്തംഭം’ നീക്കം ചെയ്തു.
1989 ല്‍ ചൈനീസ് അധികാരികള്‍ കൊലപ്പെടുത്തിയ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ അനുസ്മരിക്കാന്‍ വേണ്ടി പ്രശസ്ത ഡാനിഷ് ശില്‍പി ജെന്‍സ് ഗാല്‍ഷിയറ്റാണ് ശില്പം രൂപകല്‍പന ചെയ്തത്.
ഡിസംബര്‍ 19ന് നടന്ന ഹോങ്കോംഗ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ശില്‍പം നീക്കം ചെയ്തത്.
ഞെരിഞ്ഞമര്‍ന്ന അമ്പത് മനുഷ്യ ശരീര രൂപങ്ങള്‍ ചേര്‍ത്ത് വെച്ചുള്ള ഈ ശില്‍പത്തിന് എട്ടു മീറ്ററാണ് ഉയരം.
ബുധനാഴ്ച രാത്രി സര്‍വ്വകലാശാല അധികൃതര്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് വേലി കെട്ടുകയും ഒറ്റരാത്രികൊണ്ട് നിര്‍മ്മാണ തൊഴിലാളികള്‍ ചെമ്പ് പ്രതിമ മാറ്റുകയുമായിരുന്നു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ മാധ്യമപ്രവര്‍ത്തകരെയും സംഭവം പകര്‍ത്തുന്നതിനെയും തടയാന്‍ ശ്രമിച്ചു.