ഹോങ്കോങ്ക് : കഴിഞ്ഞ ദിവസം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഹോങ്കോങ്കിലെ ജനാധിപത്യ പ്രക്ഷോഭകരുടെ സഖ്യത്തിന് തിളക്കമാര്‍ന്ന വിജയം. 18 ജില്ലാ കൗണ്‍സിലുകളില്‍ 17 ഉം ചൈനയ്‌ക്കെതിരെ പ്രക്ഷോഭം നടത്തുന്ന ജനാധിപത്യ സഖ്യം സ്വന്തമാക്കി.
452 സീറ്റുകളില്‍ 347 സീറ്റുകളാണ് ജനാധിപത്യ സഖ്യത്തിന് ലഭിച്ചത്. 60 സീറ്റുകള്‍ മാത്രമാണ് ബീജിങ്ങിനെ പിന്തുണയ്ക്കുന്നവര്‍ക്ക് ലഭിച്ചത്. 45 സീറ്റുകള്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും ലഭിച്ചു.അറുപത് ശതമാനമാണ് ജനാധിപത്യ സഖ്യത്തിന്റെ വോട്ട് വിഹിതം.
ഹോങ്കോങ് ഭരണ കാര്യങ്ങളില്‍ കാര്യമായ മാറ്റം വരുത്താനുതകുന്നതല്ല പ്രദേശിക തെരഞ്ഞെടുപ്പ്. എന്നാല്‍ ചെറിയ പ്രാധാന്യം ഇതിനുണ്ട് താനും ഹോങ്കോങ്കിന്റെ ഭരണം നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍ ആകെ 1200 അംഗങ്ങളാണുള്ളത്. ഇതില്‍ 117 പേരെ തെരഞ്ഞെടുക്കാനുള്ള അധികാരം ജില്ലാ കൗണ്‍സിലര്‍മാര്‍ക്കാണ്. 18 ല്‍ 17 സീറ്റും ലഭിച്ച സ്ഥിതിക്ക് ഇത്തവണ 117 പേരെയും ജനാധിപത്യ സഖ്യത്തിന് തെരഞ്ഞെടുക്കാനാവും.
ഒപ്പം ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടിവായ കാരി ലാമിന്റെ ഭരണ പരാജയത്തോടുള്ള എതിര്‍പ്പും കാണിക്കുന്നതാണ് ഈ കൗണ്‍സിലര്‍ തെരഞ്ഞെടുപ്പ്. വിവാദമായ കുറ്റവാളി കൈമാറ്റ ബില്ലിനെ തുടര്‍ന്ന് ചൈനീസ് സര്‍ക്കാരിനെതിരെ ഹോങ്കോങ്കില്‍ തുടങ്ങിയ പ്രക്ഷോഭം മാസങ്ങളായി തുടരുന്നതിനിടെയാണ് കൗണ്‍സിലര്‍ തെരഞ്ഞെടുപ്പ് നടന്നത്.