രാജ്യദ്രോഹക്കുറ്റം ചുമത്തി ഹോങ്കോങ് കോടതി രണ്ട് മാധ്യമപ്രവർത്തകരെ ശിക്ഷിച്ചു
World News
രാജ്യദ്രോഹക്കുറ്റം ചുമത്തി ഹോങ്കോങ് കോടതി രണ്ട് മാധ്യമപ്രവർത്തകരെ ശിക്ഷിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th August 2024, 10:38 am

ഹോങ്കോങ്: രാജ്യദ്രോഹക്കുറ്റം ചുമത്തി ഹോങ്കോങ്ങിൽ രണ്ട് മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. 1997 ൽ നഗരം ചൈനീസ് ഭരണത്തിന് കീഴിൽ വന്നതിന് ശേഷം ആദ്യമായാണ് രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷാവിധിയുണ്ടാകുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് അടച്ച് പൂട്ടിയ മാധ്യമസ്ഥാപനമായ സ്റ്റാന്റ് ന്യൂസിലെ രണ്ട് മുൻ എഡിറ്റർമാരെയാണ് ഹോങ്കോങ് കോടതി ശിക്ഷിച്ചത്.

സ്റ്റാന്റ് ന്യൂസ് മുൻ എഡിറ്റർ ഇൻ ചീഫ് ചുങ് പുയ്-കുവെൻ, മുൻ ആക്ടിങ് എഡിറ്റർ-ഇൻ-ചീഫ് പാട്രിക് ലാം എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 2021ൽ അടച്ച സ്റ്റാന്റ് ന്യൂസ്, 2019ലെ ചൈനീസ് വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച സർക്കാരിനെ പരസ്യമായി വിമർശിച്ചിരുന്നു. ഒരുകാലത്ത് ഹോങ്കോങ്ങിലെ പ്രധാന ഓൺലൈൻ ന്യൂസ് ചാനൽ ആയിരുന്നു സ്റ്റാന്റ് ന്യൂസ്. 2020 ൽ ചാലിൽ നടത്തിയ റൈഡും സ്വത്തുക്കൾ മരവിപ്പിക്കലും സ്റ്റാന്റ് ന്യൂസ് അടച്ച് പൂട്ടുന്നതിന് കാരണമായി.

രാജ്യദ്രോഹപരമായ പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും പുനർനിർമിക്കുന്നതിനുമുള്ള ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് ആരോപിച്ചാണ് ചുങിനും ലാമിനും എതിരെ കുറ്റം ചുമത്തിയത്. രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 2022ൽ വിചാരണ തുടങ്ങിയപ്പോൾ അവർ കുറ്റം നിഷേധിച്ചിരുന്നു. 2020ലും 2021ലും സ്റ്റാന്റ് ന്യൂസ് പ്രസിദ്ധീകരിച്ച 17 ലേഖനങ്ങൾ തെളിവായി പ്രോസിക്യൂട്ടർമാർ ഉദ്ധരിച്ചു.

സ്റ്റാന്റ് ന്യൂസിന്റെ 11 ലേഖനങ്ങളിൽ രാജ്യദ്രോഹപരമായ ഉദ്ദേശങ്ങൾ ഉണ്ടെന്ന് കോടതി വിധിച്ചു. ചിലത് ദേശീയ സുരക്ഷാ നിയമത്തിനെതിരെ ഉള്ളവയാണെന്നും മറ്റുള്ളവ വസ്തുനിഷ്ഠമായ അടിസ്ഥാനമില്ലാതെ ബെയ്ജിങ് അധികാരികളെ അധിക്ഷേപിക്കുന്ന ലേഖനങ്ങളാണെന്നും കോടതി പറഞ്ഞു. ഹോങ്കോങിന്റെ പ്രാദേശിക സ്വയംഭരണം പ്രോത്സാഹിപ്പിക്കാൻ സ്റ്റാന്റ് ന്യൂസ് ശ്രമിച്ചുവെന്നും കേന്ദ്ര പ്രാദേശിക അധികാരികളെ അപകീർത്തിപ്പെടുത്തിയെന്നും കോടതി കൂട്ടിച്ചേർത്തു.

വിധിയെ തുടർന്ന് പ്രാദേശിക പ്രസ് യൂണിയനുകൾ പ്രതിഷേധം അറിയിച്ചു. പത്രപ്രവർത്തനം ഒരു കുറ്റകൃത്യമല്ലെന്ന് വിധിക്ക് പിന്നാലെ യു.എസ് കോൺസുലേറ്റിൻ്റെ വക്താവ് പറഞ്ഞു.

‘സ്റ്റാന്റ് ന്യൂസിൻ്റെ മുൻ ചീഫ് എഡിറ്റർമാരെ രാജ്യദ്രോഹ കുറ്റത്തിന് ഹോങ്കോങ് കോടതി ശിക്ഷിച്ചത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്,’ അദ്ദേഹം പറഞ്ഞു.

ചൈന ഭരിക്കുന്ന നഗരത്തിൽ വർഷങ്ങളായി തുടരുന്ന ദേശീയ സുരക്ഷാ അടിച്ചമർത്തലിന് കീഴിൽ മാധ്യമസ്വാതന്ത്ര്യം ഇല്ലാതാകുന്നു എന്നതാണ് ഈ കേസ് പ്രതിഫലിപ്പിക്കുന്നു എന്ന് വിമർശകർ പറഞ്ഞു.

മാർച്ചിൽ കൊണ്ടുവന്ന പുതിയ ദേശീയ സുരക്ഷാ നിയമനിർമാണത്തെ വിമർശിച്ച് ഹോങ്കോങ് ജേർണലിസ്റ്റ് അസോസിയേഷൻ മുന്നോട്ടെത്തി. പുതിയ നിയമം രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ 10 വർഷം വരെ തടവായി ഉയർത്തിയിരുന്നു.

‘മാധ്യമപ്രവർത്തനം നടത്താനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുന്ന ആളുകളെ പ്രോസിക്യൂട്ട് ചെയ്യാൻ വേണ്ടി പുനർനിർമിച്ച രാജ്യദ്രോഹ നിയമങ്ങളെ ഞങ്ങൾ ശക്തമായി എതിർക്കുന്നു,’ അവർ പറഞ്ഞു.

റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് തയാറാക്കിയ വേൾഡ് പ്രസ് ഫ്രീഡം ഇന്റെക്‌സിൽ ഹോങ്കോങ് 180ൽ 135-ാം സ്ഥാനത്തായിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ഹോങ്കോങ്ങിന്റെ സ്ഥാനം 18 ആയിരുന്നു.

 

 

Content Highlight: Hong Kong Convicts Journalists of Sedition, Deepening Press Freedom Concerns