| Saturday, 3rd September 2022, 10:03 am

പാക് ടീം ഒരു പ്രതിഭാസമാണ്, ഈ ഇന്ത്യന്‍ താരങ്ങളോട് സംസാരിക്കാനായത് സ്വപ്‌നതുല്യം; മാച്ചില്‍ തോറ്റെങ്കിലും വാക്കില്‍ ജയിച്ച് ഹോങ്കോങ്

സ്പോര്‍ട്സ് ഡെസ്‌ക്

‘ഈ രണ്ട് മത്സരങ്ങളില്‍ നിന്നും ഞങ്ങള്‍ പലതും പഠിച്ചു. പാകിസ്ഥാന്റെ കളിക്ക് അവരെ അഭിനന്ദിച്ചേ മതിയാകൂ. അവരുടെ ബോളര്‍മാര്‍ ഒരു പ്രതിഭാസം തന്നെയായിരുന്നു’ പറയുന്നത് ഹോങ്കോങ് ക്രിക്കറ്റ് ടീം നായകന്‍ നിസാകത് ഖാനാണ്.

ഏഷ്യ കപ്പില്‍ പാകിസ്ഥാനോട് 155 റണ്‍സിന് പരാജയപ്പെട്ട ശേഷം നടത്തിയ പ്രതികരണത്തിലാണ് നിസാകത് ഖാന്റെ വാക്കുകള്‍. തങ്ങളുടെ ബാറ്റിങ്ങില്‍ വലിയ കുറവുകളുണ്ടായിരുന്നെന്നും നിസാകത് തുറന്നു സമ്മതിച്ചു.

ഏഷ്യ കപ്പിലെ ഹോങ്കോങ്ങിന്റെ അവസാന മത്സരമായിരുന്നു ഇന്നലെ നടന്നത്. എന്നാല്‍ ബോളിങ്ങിലും ബാറ്റിങ്ങിലും പാക് പടക്ക് മുമ്പില്‍ ഹോങ്കോങ് അടിയറവ് പറയുകയായിരുന്നു.

നിസാകത് ഖാന്‍

നേരത്തെ ഇന്ത്യയുമായി നടന്ന മത്സരത്തില്‍ 40 റണ്‍സിനായിരുന്നു ഹോങ്കോങ്ങ് പരാജയപ്പെട്ടത്. ഈ മാച്ചില്‍ 193 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഹോങ്കോങ്ങിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാനായിരുന്നു. എന്നാല്‍ പാകിസ്ഥാനുമായി ആ പ്രകടനം പുറത്തെടുക്കാന്‍ ഹോങ്കോങ്ങിനായില്ല.

ഇന്നലെ ബാബറിന്റെയും കൂട്ടരുടെയും ദിവസമായിരുന്നു. ഹോങ്കോങ്ങിനെ അടിച്ചും എറിഞ്ഞും തകര്‍ത്ത ബാബര്‍ അസമിന്റെ പാക് പട ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലേക്കുള്ള രാജകീയ പ്രവേശനം ഗംഭീരമാക്കി.

ടോസ് നഷ്ടപ്പെട്ടാണ് പാകിസ്ഥാന് ബാറ്റിങ്ങിനിറങ്ങേണ്ടി വന്നതെങ്കിലും അതിന്റെ ഒരു കുറവും ബാറ്റിങ്ങ് നിരക്കുണ്ടായിരുന്നില്ല. മുഹമ്മദ് റിസ്വാനും ഫഖാര്‍ സമാനും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് പാകിസ്ഥാനെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 എന്ന സ്‌കോറിലെത്തിച്ചത്.

റിസ്വാന്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 78 റണ്‍സ് നേടിയപ്പോള്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 53 റണ്‍സുമായി സമാന്‍ ക്രീസില്‍ നിറഞ്ഞു. ഇരുവരും ചേര്‍ന്നുയര്‍ത്തിയ കൂട്ടുകെട്ടിന് തുടര്‍ച്ച നല്‍കികൊണ്ട് ഖുശ്ദില്‍ ഷാ കൂടി എത്തുകയായിരുന്നു.

അവസാന നാല് ഓവറുകളില്‍ നടത്തിയ റണ്‍വേട്ടയാണ് പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 64 റണ്‍സാണ് ഈ ഓവറില്‍ നിന്നും പാക് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ മാത്രം 29 റണ്‍സും. ഹോങ്കോങ് ബോളര്‍ അയാസ് ഖാനായിരുന്നു ഈ ഓവര്‍ എറിഞ്ഞത്.

194 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഹോങ്കോങ്ങിന് വെറും പത്ത് ഓവറിനുള്ളില്‍ പാകിസ്ഥാന്‍ നാട്ടിലേക്കുള്ള ടിക്കറ്റെടുത്തുകൊടുത്തു. സ്‌കോര്‍ ബോര്‍ഡ് 16ലെത്തിയപ്പോള്‍ തുടങ്ങിയ വിക്കറ്റ് വീഴ്ച 38ന് പൂര്‍ത്തിയായി. നസീം ഷാ തുടങ്ങിയ വിക്കറ്റ് വേട്ട സ്പിന്നര്‍മാരായ ഷദാബ് ഖാനും മുഹമ്മദ് നവാസും ചേര്‍ന്ന് പൂര്‍ത്തിയാക്കി. 22 റണ്‍സിനുള്ളില്‍ പത്ത് വിക്കറ്റും നഷ്ടപ്പെട്ട് ഹോങ്കോങ്ങ് മടങ്ങി. ഒരു ബാറ്ററെ പോലും രണ്ടക്കം കടക്കാന്‍ പാക് ബോളര്‍മാര്‍ വിട്ടില്ല.

ഗ്രൗണ്ടില്‍ ഗംഭീരപ്രകനടം പുറത്തെടുക്കാനായില്ലെങ്കിലും മാച്ചിന് ശേഷം ഈ ഏഷ്യ കപ്പ് തങ്ങള്‍ക്ക് ലഭിച്ച മികച്ച അവസരമാണെന്ന് തന്നെയാണ് ഹോങ്കോങ് ടീമിന്റെ വാക്കുകള്‍. ഇന്ത്യ-ഹോങ്കോങ് മാച്ചിന് ശേഷം ഇന്ത്യന്‍ താരങ്ങളുമായി സംസാരിക്കാന്‍ കഴിഞ്ഞതിനെ കുറിച്ച് വലിയ ആവേശത്തിലായിരുന്നു ഹോങ്കോങ് താരങ്ങള്‍ പ്രതികരിച്ചത്.

‘അവരുടെ ചേഞ്ചിങ്ങ് റൂമിലേക്ക് പോയി എല്ലാ കളിക്കാരുമായി സംസാരിക്കാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് ലഭിച്ച അപൂര്‍വ അവസരമായുന്നു. പ്രത്യേകിച്ച്, വിരാട് കോഹ് ലിയെയും രോഹിത് ശര്‍മയെയും കാണാന്‍ കഴിഞ്ഞതും അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ കഴിഞ്ഞതും സ്വപ്‌നസാഫല്യം തന്നെയായിരുന്നു,’ ഹോങ്കോങ് ബാറ്റര്‍ ബാബര്‍ ഹയാത് പറഞ്ഞിരുന്നു. ഹോങ്കോങ് താരങ്ങളുടെ ഈ പോസിറ്റീവ് ആറ്റിറ്റിയൂഡിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയയും ക്രിക്കറ്റ് ആരാധകരും.

പാകിസ്ഥാന്‍-ഹോങ്കോങ് മാച്ച് കൂടി പൂര്‍ത്തിയായതോടെ സൂപ്പര്‍ ഫോര്‍ ആവേശത്തിലേക്കെത്തിയിരിക്കുകയാണ് ഏഷ്യാ കപ്പ്. ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് സൂപ്പര്‍ ഫോറില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. പോയിന്റ് നിലയില്‍ എ ഗ്രൂപ്പില്‍ ഇന്ത്യക്ക് പിന്നിലാണ് പാകിസ്ഥാന്റെ സ്ഥാനം.

അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തമ്മിലായിരിക്കും സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം. ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടും. ശ്രീലങ്ക-ഇന്ത്യ, പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍, ഇന്ത്യ-അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍-ശ്രീലങ്ക എന്നീ മാച്ചുകളും തൊട്ടടുത്ത ദിവസങ്ങളില്‍ നടക്കും. പിന്നീട് സെപ്റ്റംബര്‍ 11നായിരിക്കും ഏഷ്യ കപ്പ് ഫൈനല്‍ നടക്കുക.

Content Highlight: Hong Kong Captain about India and Pakistan

We use cookies to give you the best possible experience. Learn more