എന്നെ ഒറ്റക്ക് പുറത്ത് വിടാറില്ല, ഇപ്പോഴും വീട്ട് തടങ്കലിലാണ്: ഹണി റോസ്
Entertainment news
എന്നെ ഒറ്റക്ക് പുറത്ത് വിടാറില്ല, ഇപ്പോഴും വീട്ട് തടങ്കലിലാണ്: ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th December 2022, 11:00 pm

 

ഇപ്പോഴും താന്‍ എവിടെ പോയാലും അച്ഛനും അമ്മയും കൂടെ വരുമെന്ന് നടി ഹണി റോസ്. അമ്മ ഭയങ്കര സ്ട്രിക്ട് ആണെന്നും, പല കാര്യങ്ങളിലും നിയന്ത്രിക്കുമെന്നും താരം പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അച്ഛനും അമ്മയും ഭയങ്കരമായി ആലോചിച്ചിട്ട പേരാണ് ഹണി റോസ് എന്നത്. എന്നെ ഒരുപാട് പേരുകള്‍ വിളിച്ചിരുന്നു. വീട്ടില്‍ പൊന്നു എന്നാണ് അച്ഛനും അമ്മയും വിളിച്ചിരുന്നത്. ഇടയ്ക്ക് ഷാരോണ്‍ എന്ന് എന്റെ പേര് മാറ്റിയിരുന്നു. ഹണി റോസ് എന്ന് പിന്നീടിട്ട പേരാണ്. ഹണി റോസ് വര്‍ഗീസ് എന്നാണ് മുഴുവന്‍ പേര്. അമ്മയുടെ പേരാണ് റോസ്, അച്ഛന്റെ പേരും കൂട്ടിയാണ് അങ്ങനെ പേരിട്ടത്.

ഹണി റോസ് വര്‍ഗീസ് എന്ന് വിളിക്കാന്‍ ബുദ്ധിമുട്ട് വരുമെന്ന് വിചാരിച്ചാണ് ഹണി റോസ് എന്ന് ചുരുക്കിയത്. രേഖകളില്‍ ഇപ്പോഴും വര്‍ഗീസ് കൂടെയുണ്ട്. ഒരു കൊച്ചല്ലേ ഭയങ്കര സ്‌നേഹമല്ലേ എന്ന് കരുതിയായിരിക്കും ഭയങ്കര സ്വീറ്റായ പേരിട്ടത്. എനിക്ക് ആദ്യം ഇഷ്ടമല്ലായിരുന്നു ഈ പേര്. ഹണി റോസ് എന്ന് വിളിക്കുമ്പോള്‍ അന്നൊക്കെ ദേഷ്യം വരുമായിരുന്നു. ഒരുപാട് പേര്‍ക്കുള്ള പേരല്ലല്ലോ അതുകൊണ്ടാവണം എനിക്ക് ഈ പേരിട്ടത്.

ഒരുപാട് ലാളിച്ചാണ് എന്നെ വീട്ടുകാര്‍ വളര്‍ത്തിയത്. എന്നാല്‍ അമ്മ നന്നായി വഴക്ക് പറയുമായിരുന്നു. എന്നാല്‍ അച്ഛന്‍ വഴക്ക് പറഞ്ഞിട്ടേയില്ല. കുരുത്തകേട് ഒന്നുമില്ലാത്ത നല്ല കുട്ടിയായിരുന്നു അന്ന് ഞാന്‍, വലിയ കുഴപ്പക്കാരി ഒന്നുമല്ലായിരുന്നു. അമ്മ എപ്പോഴും നന്നായി നിയന്ത്രിക്കുന്നയാളാണ്. ഒരു സപ്പോര്‍ട്ട് ആയിട്ടും രണ്ടുപേരും എന്റെ കൂടെയുണ്ട്.

പിന്നെ ഒരു കുഴപ്പമുള്ളത് എവിടെ പോയാലും ആരെങ്കിലും ഒരാള്‍ കൂടെ വരും എന്നതാണ്. മിക്കവാറും രണ്ടു പേരും കൂടെ കാണും. ഇപ്പോഴും എന്നെ ഒറ്റയ്ക്ക് ഒരിടത്തും വിടാറില്ല. ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലാണെണ് പറയാം,’ ഹണി റോസ് പറഞ്ഞു.

അതേസമയം മോണ്‍സ്റ്ററാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. തന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു അത്. നെഗറ്റീവ് ഷെയ്ഡുളള കഥാപാത്രമാണ് താരം സിനിമയില്‍ ചെയ്തത്. മോഹന്‍ലാല്‍ നായകനായ ചിത്രം സംവിധാനം ചെയ്തത് വൈശാഖാണ്.

content highlight: honey rose talks about her parents