| Wednesday, 1st February 2023, 6:41 pm

നമ്മള്‍ കരുതിയ ആളല്ല ബാലയ്യ, അദ്ദേഹം എനിക്കൊരു അതിശയമാണ്: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ട്രോളുകളിലൂടെയും മറ്റും മലയാളികള്‍ക്ക് വളരെ സുപരിചിതനായ താരമാണ് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ. ജനുവരി 12നാണ് വീരസിംഹ റെഡ്ഡിയെന്ന അദ്ദേഹത്തിന്റെ സിനിമ തിയേറ്ററുകളിലെത്തിയത്. മലയാളി താരം ഹണി റോസ് സിനിമയില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ബാലയ്യക്കൊപ്പം അഭിനയിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരമിപ്പോള്‍.

ട്രോളുകളിലൂടെയാണ് താന്‍ ആദ്യമായി ബാലയ്യയെ കുറിച്ച് അറിയുന്നതെന്നും അദ്ദേഹത്തെകുറിച്ച് പല കഥകളാണ് കേള്‍ക്കുന്നതെന്നും ഹണി റോസ് പറഞ്ഞു. നമ്മള്‍ കേട്ടറിഞ്ഞ ആളല്ല ബാലയ്യയെന്നും ഭയങ്കര എനര്‍ജയിയുള്ള ആളാണ് അദ്ദേഹമെന്നും ഹണി റോസ് പറഞ്ഞു.

‘നമ്മുടെ ഇവിടെ വരുന്ന ചില ട്രോളുകളൊക്കെ കണ്ടിട്ടാണ് ഞാന്‍ ബാലയ്യയെ കുറിച്ച് അറിയുന്നത്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ചില സിനിമകളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഖണ്ഡ സിനിമ എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്. അദ്ദേഹത്തിനെ കുറിച്ച് അന്വേഷിക്കുമ്പോഴൊക്കെ പല പല കഥകളാണ് കേള്‍ക്കുന്നത്.

ഭയങ്കര ദേഷ്യമുള്ള ആളാണെന്നൊക്കെയാണ് പലരും പറഞ്ഞത്. എന്നാല്‍ നമ്മളൊന്നും കേട്ടറിഞ്ഞ ആളല്ല ബാലയ്യയെന്ന് ഞാന്‍ ആദ്യ ദിവസം തന്നെ തിരിച്ചറിഞ്ഞു. ഭയങ്കര എനര്‍ജിയുള്ള, എപ്പോഴും സംസാരിക്കുന്ന ഒരാളാണ് അദ്ദേഹം. ബാലയ്യയുടെ സിനിമകള്‍ മാസ് മൂവി, പവര്‍ സിനിമകള്‍ എന്നാണ് പറയാറുള്ളത്.

അതേ പവറാണ് അദ്ദേഹത്തിന്റെ ജീവിതത്തിനും. ഇവരൊക്കെ ഇത്രയും ആക്ടീവായി ഇരിക്കുന്നത് ഭയങ്കര അതിശയമാണ്. അദ്ദേഹത്തിന്റെ എനര്‍ജിയുടെ ഒരു അംശം പോലും നമുക്കൊന്നുമില്ല. വളരെ സപ്പോര്‍ട്ടീവായിട്ടുള്ള ആളാണ് അദ്ദേഹം. കളങ്കമില്ലാത്ത വ്യക്തിയാണ്,’ ഹണി റോസ് പറഞ്ഞു.

വീര സിംഹ റെഡ്ഡി ഗോപിചന്ദ് എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് മലിനേനിയാണ്. ശ്രുതി ഹാസനാണ് സിനിമയിലെ നായിക. ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

CONTENT HIGHLIGHT: HONEY ROSE TALKS ABOUT HER EXPERIANCE WITH BALAYYA

We use cookies to give you the best possible experience. Learn more