| Thursday, 5th January 2023, 4:31 pm

ലക്കി സിങ് വഷളനായ ചൊറിയന്‍ കഥാപാത്രമാണ്, ഡബിള്‍ മീനിങ് ഡയലോഗുകള്‍ സിനിമക്ക് ആവശ്യമായിരുന്നു: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ നായകനായി ഒടുവില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയാണ് മോണ്‍സ്റ്റര്‍. വൈശാഖിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് ഉദയ കൃഷ്ണയായിരുന്നു. വലിയ പ്രതീക്ഷകളോടെയെത്തിയ ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പുറമെ മോണ്‍സ്റ്ററിനെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ലക്കി സിങ് എന്ന കഥാപാത്രത്തിന്റെ ഡബിള്‍ മീനിങ് ഡയലോഗുകള്‍ക്കെതിരെയാണ് ഏറ്റവുമധികം വിമര്‍ശനമുയര്‍ന്നത്.

മോണ്‍സ്റ്ററിലെ ഡബിള്‍ മീനിങ് ഡയലോഗുകളെ പറ്റി സംസാരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഹണി റോസ്. ലക്കി സിങ് എന്ന കഥാപാത്രത്തെ ആ രീതിയിലാണ് രൂപപ്പെടുത്തിയെടുത്തിരിക്കുന്നതെന്നും സിനിമക്ക് ഡബിള്‍ മീനിങ് ഡയലോഗുകള്‍ ആവശ്യമായിരുന്നുവെന്നും ഹണി റോസ് പറഞ്ഞു. ഇത് എഴുത്തുകാരന്റെ സ്വതന്ത്ര്യമാണെന്നും തനിക്ക് അതിലൊന്നും ചെയ്യാനാവില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഷൂട്ട് ചെയ്യുന്ന സമയത്ത് അതിനെ പറ്റി ചിന്തിച്ചിരുന്നു. പക്ഷേ ലക്കി സിങ് എന്ന കഥാപാത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്നത് അങ്ങനെയാണ്. ഭയങ്കര വഷളനായ ചൊറിയനായ കഥാപാത്രമാണ്. അങ്ങനെയുള്ള കഥാപാത്രം നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെ ഒരാളെ അവതരിപ്പിക്കുമ്പോള്‍ ഇങ്ങനെയുള്ള ഡയലോഗിന്റെ ആവശ്യമുണ്ടായിരുന്നു. പിന്നെ അത് ഒരു എഴുത്തുകാരന്റെയും ക്രിയേറ്ററിന്റെയും അവകാശമാണ്. അതില്‍ എനിക്കൊന്നും ചെയ്യാനില്ല,’ ഹണി റോസ് പറഞ്ഞു.

സിദ്ദിഖ്, ലക്ഷ്മി മഞ്ചു, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരാണ് മോണ്‍സ്റ്ററില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്. നന്ദമൂരി ബാലകൃഷ്ണ നായകനാവുന്ന വീര സിംഹ റെഡ്ഡിയാണ് ഹണി റോസിന്റെ പുതിയ ചിത്രം. താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്. ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കലിനാണ് റിലീസ് ചെയ്യുന്നത്.

Content Highlight: Honey rose talks about double meaning dialogues in monster

We use cookies to give you the best possible experience. Learn more