Advertisement
Film News
സൈബര്‍ അറ്റാക്കിനെ പുച്ഛിച്ച് കളയാറാണ് പതിവ്; കയ്യില്‍ നില്‍ക്കാതെ വന്നപ്പോഴാണ് കേസ് കൊടുത്തത്: ഹണി റോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 09, 05:24 am
Sunday, 9th March 2025, 10:54 am

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ അറ്റാക്ക് നേരിട്ട നടിയാണ് ഹണി റോസ്. തനിക്ക് സൈബര്‍ അറ്റാക്ക് നേരിടാന്‍ തുടങ്ങിയിട്ട് കുറേക്കാലം ആയെന്നും, ലൈംഗികവികൃതമുള്ള കുറച്ച് പേരാണ് ഇത്തരത്തില്‍ വൃത്തികേടുകള്‍ കാണിക്കുന്നതെന്നും പറയുകയാണ് നടി.

ന്യൂസ്18 ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ പ്രതികരിക്കാത്തതിനെക്കുറിച്ചും നടി തുറന്ന് പറഞ്ഞു.

‘എന്നെ സംബന്ധിച്ച് ഞാന്‍ സൈബര്‍ അറ്റാക്ക് നേരിടാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. നിങ്ങള്‍ തന്നെ (മാധ്യമപ്രവര്‍ത്തകര്‍) ചോദിച്ചിട്ടുണ്ട് പ്രതികരിച്ച് കാണാറില്ലല്ലോയെന്ന്. അപ്പോഴൊക്കെ അതിന്റേതായ രീതിയില്‍ പുച്ഛിച്ച് കളയും.

ലൈംഗികവൈകൃതമുള്ള കുറച്ച് പേരാണ് ഇത്തരത്തില്‍ വൃത്തികേടുകള്‍ കാണിക്കുന്നത്. അപ്പോള്‍ അങ്ങനെയുള്ള ആളുകളെ അഡ്രസ് ചെയ്യേണ്ട കാര്യമില്ലയെന്നാണ് എനിക്ക് തോന്നിയത്. കുറെ പോസിറ്റീവ് കമന്റ്‌സും വേറെ വരുന്നുണ്ട്, അതില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നാണ് ആദ്യം വിചാരിച്ചത്.

പക്ഷേ ഒരു വ്യക്തിയാണ്. തീര്‍ച്ചയായിട്ടും ഇങ്ങനെയുള്ള കമന്റ്‌സ്, ബുള്ളിയിങ് ഒക്കെ നമ്മളെ ഭയങ്കരമായി ബാധിക്കും. അപ്പോള്‍ ഇതിനെ എന്ത് ചെയ്യാമെന്നുള്ള ചിന്ത പല തവണ വന്നിട്ടുണ്ട്. ഇതൊരു അവേര്‍ണസ് കൂടിയാക്കിയെടുക്കണം എന്നാണ് എനിക്ക് തോന്നിയത്.

ഇപ്പോള്‍ ഞാന്‍ കൊടുത്ത കേസ് തന്നെ പലതവണ റിക്വസ്റ്റ് ചെയ്തതാണ് ഇതാവര്‍ത്തിക്കരുതെന്ന് പറഞ്ഞ്. എന്നാല്‍ നമ്മുടെ കയ്യില്‍ നില്‍ക്കുന്നില്ലെന്ന് വന്നപ്പോഴാണ് കേസുമായി മുന്നോട്ട് പോകാം എന്ന് വിചാരിച്ചത്. അതെന്നെ സംബന്ധിച്ചിടത്തോളം ഡ്രാഗ് ചെയ്ത് എത്തിച്ചുവെന്നാണ് എനിക്ക് പറയാനുള്ളത്.

സൈബര്‍ ഇടങ്ങളിലുള്ള ക്രൈമിന്റെ സീരിയസ്‌നെസ് എന്താണെന്ന് ഭൂരിഭാഗം ആളുകളും മനസ്സിലാക്കുന്നില്ല. ഒരു ഫോണുണ്ട് കയ്യില്‍. നമ്മുടെ മൂഡിനനുസരിച്ച് എന്ത് വൃത്തികേട് വേണമെങ്കിലും എഴുതാം. അതിന് ആരുമൊന്നും ചെയ്യില്ല. ഫേക്ക് ഐഡികളില്‍ വന്ന് ചെയ്താല്‍ ആരുമൊന്നും അറിയില്ല.

ഈസിയായി എസ്‌കേപ് ചെയ്യാം എന്നാണ് വിചാരിച്ച് കൊണ്ടിരിക്കുന്നത്. അതിനുമപ്പുറം ഇതൊരു ക്രൈം ആണെന്നും ശിക്ഷ ലഭിക്കും എന്നുള്ളതും ഒരു മെസേജ് പോലെ എല്ലാവരിലേക്കും എത്തിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്റെ മാത്രം വിഷയമല്ല. എത്രയോ ആളുകള്‍. പ്രത്യേകിച്ചും സ്ത്രീകള്‍. LGBTQ കമ്യൂണിറ്റി!,’ ഹണി റോസ് പറഞ്ഞു.

വിനയന്‍ സംവിധാനം ചെയ്ത് 2005-ല്‍ പുറത്തിറങ്ങിയ ‘ബോയ് ഫ്രണ്ട്’ എന്ന സിനിമയിലൂടെ ചലചിത്രരംഗത്ത് എത്തിയ നടിയാണ് ഹണി റോസ്. അതിനുശേഷം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും സജീവമാണ് നടി. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ഹണി റോസ് അവതരിപ്പിച്ച ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധയാകര്‍ഷിച്ചിരുന്നു. റിംഗ് മാസ്റ്റര്‍ എന്ന സിനിമയില്‍ നായികയായിട്ടും നടി അഭിനയിച്ചിട്ടുണ്ട്.

Content Highlight: Honey Rose Talks About Cyber Attack