ഒരാളെ ബോഡി ഷെയ്മിങ് ചെയ്യുകയെന്നത് ഏറ്റവും വിഷമകരമായ അവസ്ഥയാണെന്നും ഇപ്പോള്‍ വളരെ സ്വാഭാവികമായ കാര്യമായാണ് ബോഡി ഷെയ്മിങ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നതെന്നും ഹണി റോസ്.
ഏറ്റവും മോശമായ ഒരു ചിന്താഗതിയാണ് ഇതെന്നും കുറേനാളുകളായി പല വേര്‍ഷനില്‍ താന്‍ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവം ക യുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹണിറോസ്.
സ്വന്തം ശരീരത്തില്‍ താന്‍ വളരെ അഭിമാനിക്കുന്നുണ്ടെന്നും തനിക്കുള്ളതെല്ലാം തന്റേത് തന്നെയാണെന്നും പറയുന്ന ഹണി റോസ് മറ്റൊരാള്‍ പറയുന്ന കാര്യങ്ങള്‍ തന്നെ ബാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
‘ഒരാളെ അവരുടെ ശരീരത്തിന്റെ പേരില്‍ ബോഡി ഷെയ്മിങ് ചെയ്യുകയെന്നത് ഏറ്റവും വിഷമകരമായ അവസ്ഥയാണ്. അത് എന്റെ കാര്യം മാത്രമല്ല.
വളരെ നാച്ച്വറലായ കാര്യമായിട്ടാണ് ഇപ്പോള്‍ ബോഡി ഷെയ്മിങ് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. നിറത്തിന്റെയും ശരീരാവയവങ്ങളുടെയും മുഖത്തിന്റെ ഷേപ്പിന്റെയും പേരിലൊക്കെ ഉണ്ടാകാം.
തടിച്ചിട്ടാണ്, മെലിഞ്ഞിട്ടാണ് എന്നൊക്ക പറഞ്ഞ് പല രീതിയില്‍ ഉണ്ടാകാം. ഇങ്ങനെ പറയുന്നത് നോര്‍മലാണ് എന്ന കണ്‍സെപ്റ്റ് നമ്മുടെ തലയില്‍ എവിടെയോയുണ്ട്. ഏറ്റവും മോശമായ ഒരു ചിന്താഗതിയാണ് ഇത്. മാറേണ്ട ഒന്നാണ്. മാറ്റങ്ങളുണ്ടാകും എന്നുള്ള വിശ്വാസത്തില്‍ ഇരിക്കുകയാണ് ഞാന്‍.
ഇതിനൊക്കെ ഏറ്റവും വലിയ വിക്റ്റിമായി നില്‍ക്കുന്ന വ്യക്തിയാണ് ഞാന്‍.,കുറേനാളുകളായി പല വേര്‍ഷനില്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. തുടക്കത്തില്‍ ഇതൊക്കെ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതാണ്. അതിനെയൊക്കെ കണ്ടില്ല, കേട്ടില്ല അല്ലെങ്കില്‍ ഞാന്‍ അറിയുന്നില്ല, എനിക്ക് അറിയേണ്ട കാര്യമില്ല എന്ന് പറഞ്ഞ് മാറി നില്‍ക്കുന്ന ഒരു വ്യക്തി കൂടെയാണ് ഞാന്‍. കാരണം നമ്മള്‍ അതിലേക്ക് ഇറങ്ങി ചെന്നാല്‍ വിഷമം നല്‍കുന്ന കാര്യങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.
ഇതൊന്നുമല്ലാതെ വളരെ പോസിറ്റീവായിട്ട് നമ്മളെ വെല്‍ക്കം ചെയ്യുന്ന സമൂഹം പുറത്തുണ്ട്. അവരുമായി കൂടുതല്‍ ഇന്‍ട്രാക്റ്റ് ചെയ്യുക, ആ കാര്യങ്ങളില്‍ കൂടുതല്‍ ഇന്‍വോള്‍വാകുക എന്നുള്ളതാണ്.
പിന്നെ ഞാന്‍ എന്റെ ശരീരത്തില്‍ വളരെ പ്രൗഡാണ്. എനിക്ക് ഉള്ളതെല്ലാം എന്റേത് തന്നെയാണ്. അയാം സൂപ്പര്‍ പ്രൗഡ്. അപ്പോള്‍ വേറെ ഒരാള്‍ പറയുന്ന കാര്യങ്ങള്‍ എന്നെ ബാധിക്കില്ല,’ ഹണി റോസ് പറഞ്ഞു.
Content Highlight: Honey Rose Talks About Body Shaming