| Saturday, 28th October 2023, 8:29 am

'ജാക്കേട്ടാ സുഖമാണോ എന്നെല്ലാമാണ് കമന്റുകൾ, അദ്ദേഹം ട്രാൻസലേറ്റ് ചെയ്ത് നോക്കുമോ എന്നായിരുന്നു പേടി'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ തിരക്കുള്ള നടിയാണ് ഹണി റോസ്. തിരക്കിനിടയിലും പൊതു വേദികളിൽ പല ഉദ്ഘാടന പരിപാടികൾക്കും ഹണി റോസ് സജീവമായി പങ്കെടുക്കാറുണ്ട്.

ഈയിടെ അയർലൻഡിലെ ഒരു സംഘടന നടത്തിയ പരിപാടിയിൽ അതിഥിയായി പോയ ഹണി റോസിനൊപ്പം അവിടുത്തെ ഗതാഗത മന്ത്രി സെൽഫി എടുത്ത് പോസ്റ്റ്‌ ചെയ്തത് വലിയ വൈറലായി മാറിയിരുന്നു.

ആ അനുഭവത്തെ കുറിച്ച് പറയുകയാണ് ഹണി റോസ്.
‘സന്തോഷവും ഭയവും ഒരുപോലെ തോന്നിയ ഒരു നിമിഷമായിരുന്നു അയർലൻഡിലെ മന്ത്രിയോടൊപ്പമെടുത്ത സെൽഫി,’ഹണി റോസ് പറയുന്നു. വനിതയോട് സംസാരിക്കുകയായിരുന്നു നടി.

‘സിനിമയിൽ വന്ന നാൾ മുതൽ ഉദ്ഘാടനങ്ങൾ ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോഴാണ് അതൊരു സംസാരവിഷയമായത്. വരുന്ന ഉദ്ഘാടനങ്ങൾക്ക് സിനിമയുമായി ബന്ധമില്ല. ആദ്യമൊക്കെ സിനിമകൾ വിജയിക്കുന്നത് അനുസരിച്ച് ഉദ്ഘാടനങ്ങൾ കൂടുമായിരുന്നു.

ഞാൻ ഫോട്ടോഷൂട്ട്‌ പോലും ശെരിക്കും ചെയ്യാത്ത ഒരാളായിരുന്നു. പക്ഷേ ഇന്നതൊരു മാർക്കറ്റിങ് രീതിയാണെന്ന് മനസ്സിലായപ്പോൾ ചെയ്യാറുണ്ട്. ഒരു നടി എന്ന നിലയിൽ ഈ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ അങ്ങനെയെല്ലാം ചെയ്തേ പറ്റൂ. എല്ലാ ഉദ്ഘാടനവും വളരെ ആസ്വദിച്ചാണ് ഞാൻ ചെയ്യാറുള്ളത്. കാണാൻ വരുന്ന ആളുകളുടെ വൈബ് തിരിച്ചറിഞ്ഞാലേ അതിന് കഴിയുകയുള്ളൂ.

ചിലരൊക്കെ സെൽഫി എടുക്കാനുള്ള ആഗ്രഹം കൊണ്ട് അടുത്ത് വരാറുണ്ട്. ചിലർ മടി കാരണം സംശയിച്ചു നിൽക്കും. ആരെയും നിരാശരാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചിലരുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി സെൽഫി എടുത്തു കൊടുക്കും. ഇതെല്ലാം ആൾക്കൂട്ടത്തിന്റെ മനസ്സ് അറിയുന്നതുകൊണ്ടാണ്.

സന്തോഷവും ഭയവും ഒരുപോലെ തോന്നിയ ഒരു നിമിഷം ആയിരുന്നു അയർലൻഡിലെ മന്ത്രിയോടൊപ്പമെടുത്ത സെൽഫി. അയർലൻഡിലെ മൈൻഡ് എന്ന എൻ.ജി.ഓ സംഘടനയുടെ സേവന പ്രവർത്തനങ്ങളുടെ ഭാഗമായായി സംഘടിപ്പിച്ചതായിരുന്നു ആ പരിപാടി. അവിടുത്തെ മലയാളികളെയെല്ലാം ക്ഷണിച്ച് ഇന്ത്യൻ ഫെസ്റ്റ് എന്ന രീതിയിലാണ് അത് നടത്തിയത്.

അയർലൻഡിലെ മന്ത്രിമാരും മേയർമാരുമൊക്കെ ഉണ്ടായിരുന്നു. അപ്പോഴാണ് മന്ത്രി ജാക്ക് ചാമ്പേഴ്സ് സെൽഫിയെടുത്തത്. അദ്ദേഹമത് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തപ്പോൾ വൈറലായി. പിന്നെ ഞാനും അത് ഷെയർ ചെയ്തു. പിന്നീട് ഫോട്ടോയ്ക്ക് വന്ന കമന്റുകൾ വായിച്ചപ്പോൾ ചിരി വന്നിരുന്നു. ‘ജാക്കേട്ടാ സുഖമാണോ,’ എന്നെല്ലമാണ് കമന്റുകൾ. അദ്ദേഹം ഇതെങ്ങാനും ഗൂഗിൾ ട്രാൻസലേറ്റ് ചെയ്തു വായിക്കുമോ എന്നതായിരുന്നു എന്റെ പേടി,’ ഹണി റോസ് പറയുന്നു.

Content Highlight: Honey Rose Talk About Viral Selfie  With Ireland Minister

We use cookies to give you the best possible experience. Learn more