|

'അവതാരകയുടെ ചോദ്യത്തിലെ അപകടം എന്റെ സഹപ്രവര്‍ത്തകര്‍ മനസിലാക്കി, പക്ഷേ അവര്‍ തൃപ്തയല്ലായിരുന്നു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ അടുത്തകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ അറ്റാക്ക് ചെയ്യപ്പെട്ട വ്യക്തി താന്‍ ആണെന്നാണ് നടി ഹണി റോസ് പറയുന്നത്.

ഈയിടെ ഖാലി പേഴ്‌സ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്മാരായ ധ്യാന്‍ ശ്രീനിവാസനും സോഹന്‍ സിനു ലാലും ഒരു അഭിമുഖത്തില്‍ പങ്കെടുത്തപ്പോള്‍, അവതാരകയായ പെണ്‍കുട്ടി ഹണി റോസിനെ കുറിച്ചൊരു ചോദ്യം താരങ്ങളോട് ചോദിച്ചിരുന്നു.

ഹണി റോസ് മുന്നിലൂടെ നടന്നു പോയാല്‍ എന്ത് തോന്നുമെന്നായിരുന്നു ആ ചോദ്യം.
ഈ ചോദ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഹണി റോസ്.
ഒരു പെണ്‍കുട്ടി ആ ചോദ്യം ചോദിച്ചതാണ് തന്നെ ഏറെ അത്ഭുതപ്പെടുത്തിയതെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.

‘ആ ചോദ്യം ഒരു പെണ്‍കുട്ടി ചോദിച്ചു എന്നതാണ് എന്നെ ഞെട്ടിക്കുന്നത്. ശരിക്കും അതെന്നെ അതിശയപ്പെടുത്തി. ആ അഭിമുഖത്തില്‍ അതിഥികളായി എത്തിയ രണ്ടുപേരും എന്റെ സഹപ്രവര്‍ത്തകരാണ്. ചോദ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി അവര്‍ വളരെ മാന്യമായി ഉത്തരം പറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍ അവതാരക ചോദ്യം വിടാനുള്ള ഉദ്ദേശമില്ലായിരുന്നു. അത് അങ്ങനെയല്ല എന്ന് വരുത്തി തീര്‍ക്കാനായി ചിരിയിലൂടെയും ആംഗ്യത്തിലൂടെയുമെല്ലാം ആ പെണ്‍കുട്ടി എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു. എന്ത് സന്തോഷമാണ് ഇതില്‍ നിന്നവര്‍ക്ക് ലഭിക്കുന്നത്.

അതേ അവതാരക ഇനി എന്നെങ്കിലും എന്നെ ഇന്റര്‍വ്യൂ ചെയ്യുകയാണെങ്കില്‍ ആദ്യ ചോദ്യം തന്നെ, ‘ബോഡി ഷെയ്മിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ’ എന്നാകും.
ഒരാളുടെ ശരീര ഭാഗങ്ങളെ കുറിച്ച് അനാവശ്യമായി അഭിപ്രായം പറയാനും അതിനെക്കുറിച്ച് കൂടുതല്‍ പരാമര്‍ശിക്കാനും ഒരാള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്. ദൈവത്തിന്റെ സൃഷ്ടിയല്ലേ നമ്മളെല്ലാം.

എന്തിനാണ് ഇത്തരത്തിലുള്ള പരിഹാസങ്ങള്‍. ഒരു ചാനലിലെ കോമഡി ഷോയിലും എന്റെ ശരീരത്തെ കളിയാക്കിക്കൊണ്ട് സ്‌കിറ്റ് ചെയ്യുന്നത് കണ്ടു. കൂടെയുള്ള ഒരു പെണ്‍കുട്ടിയെയാണ് അപഹസിക്കുന്നതെന്നോര്‍ക്കാതെയാണ് അവര്‍ അഭിനയിക്കുന്നത്. അത് കണ്ട് കുറെയാളുകള്‍ പൊട്ടിച്ചിരിക്കുന്നുണ്ട്. അതു കണ്ടപ്പോള്‍ ശരിക്കും ഭയങ്കര ഷോക്കിങ്ങ് ആയി പോയി.

ഈ അടുത്തകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവും കൂടുതല്‍ അറ്റാക്ക് നേരിട്ട വ്യക്തി ഒരുപക്ഷേ ഞാനാവാം. ട്രോളുകളെല്ലാം ഒരുപാട് വേദനിപ്പിക്കാറുണ്ട്. കമന്റുകളെല്ലാം ആദ്യം വലിയ രീതിയില്‍ എന്നെ ബാധിക്കാറുണ്ടായിരുന്നു. വീട്ടുകാര്‍ക്കും അത് വലിയ പ്രയാസമായിരുന്നു.

പിന്നെ കുറെ കാലം കേട്ടുകേട്ട് അതൊന്നും വലിയ കാര്യമല്ലാതായി. ജീവിതത്തില്‍ വലിയ തിരിച്ചടികള്‍ ഉണ്ടാകുമ്പോള്‍ ആദ്യം ഞെട്ടല്‍ ഉണ്ടാവുമെങ്കിലും പിന്നീട് അത് ശീലമായി മാറുമ്പോള്‍ നമ്മളെ ബാധിക്കാതെയാവും,’ ഹണി റോസ് പറയുന്നു.

Content Highlight: Honey Rose Talk About Blaming  Against Herself In Social Media And Television Program

Video Stories