ഉദ്ഘാടനങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരമായി ട്രോള്‍ ചെയ്യപ്പെടാറുള്ള താരമാണ് ഹണി റോസ്. സിനിമകളില്‍ അഭിനയിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉദ്ഘാടനങ്ങള്‍ ചെയ്യുന്ന നടി എന്നാണ് ഹണി റോസിനെ കുറിച്ച് ആളുകള്‍ കമന്റ് ചെയ്യാറുള്ളത്. ‘ഇനാഗുറേഷന്‍ സ്റ്റാര്‍’ എന്ന വിളിപ്പേരും ഇതിലൂടെ താരത്തിന് ലഭിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഉദ്ഘാടന പരിപാടിക്ക് പോയപ്പോള്‍ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു പാട്ട് പാടിയതിന്റെ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഹണി റോസിപ്പോള്‍. ആളുകള്‍ നിര്‍ബന്ധിച്ചപ്പോള്‍ പാട്ട് പാടിയെന്നും എന്നാല്‍ പിന്നീടവര്‍ ഭയങ്കര കൂവലും ചിരിയുമായിരുന്നു എന്നുമാണ് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ഹണി പറയുന്നത്.
”പാട്ട് പാടാന്‍ താല്‍പര്യമില്ല. ഓരോ ഉദ്ഘാടനങ്ങള്‍ക്ക് ചെല്ലുമ്പോഴാണ്, ഒന്നു പാടുമോ എന്ന് എല്ലാവരും ചോദിക്കും. പക്ഷെ ഞാനതിന് അങ്ങനെ മുതിരാറില്ല. ഈ പരിപാടി ഭയങ്കര റിസ്‌കാണെന്ന് എനിക്കറിയം.
അങ്ങനെ ഒരു പരിപാടിക്കിടെ ഞാന്‍ പാടി. ഇത്രയും നിര്‍ബന്ധിക്കുന്നതല്ലേ എന്തെങ്കിലുമാകട്ടെ എന്ന് വിചാരിച്ച് ഞാന്‍ പാടി. ഭയങ്കര ജനക്കൂട്ടമുള്ള സ്ഥലമായിരുന്നു.
പാടി നല്ല എക്‌സ്പീരിയന്‍സുള്ള ആളൊന്നുമല്ലല്ലോ. സാധാരണ പാടുമ്പോള്‍ അത് കയ്യില്‍ നില്‍ക്കും. പക്ഷെ ഈ മൈക്ക് പിടിച്ച് പാടുമ്പോള്‍ പാട്ട് പാട്ടിന്റെ വഴിക്ക് പോകും.
ഭയങ്കര കൂവലും ചിരിയുമായിരുന്നു അന്ന്. അതിനുശേഷം പിന്നെ ഞാനാ പരിപാടിക്ക് നിന്നിട്ടില്ല. ഏതൊ ഒരു പാട്ടായിരുന്നു പാടിയത്. ഞാന്‍ പാടി ജനം ഓടി എന്ന അവസ്ഥയായിരുന്നു. അവരുടെ ആ റിയാക്ഷന്‍ നേരിട്ട് കാണുകയാണല്ലോ. അതോടെ എനിക്ക് മതിയായി,” ഹണി റോസ് പറഞ്ഞു.
അതേസമയം, വൈശാഖ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ മോണ്‍സ്റ്ററാണ് ഹണി റോസിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ഭാമിനി എന്ന കഥാപാത്രത്തെയായിരുന്നു താരം സിനിമയില്‍ അവതരിപ്പിച്ചത്.
Content Highlight: Honey Rose shares a funny experience of singing during an inaugural function