|

ഒരു സിനിമ കഴിഞ്ഞാല്‍ ഇഷ്ടം പോലെ അവസരങ്ങള്‍ കിട്ടുമെന്നാണ് കരുതിയിരുന്നത്; അഭിനയിക്കാനറിയാത്തതാണോ കാരണമെന്ന് തോന്നി: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടാന്‍ താരത്തിനായിട്ടുണ്ട്.

ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ഹണി റോസ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നന്ദിമൂരി ബാലകൃഷ്ണയുടെ നായികയായാണ് താരം ചിത്രത്തിലെത്തുന്നത്.

സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണ വേളയില്‍ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ബോള്‍ഡായിട്ടുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ തനിക്ക് അത്ര എളുപ്പമല്ലെന്നാണ് താരം പറയുന്നത്.

‘ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി മുതല്‍ മോണ്‍സ്റ്റര്‍ വരെയുള്ള സിനിമയിലെ കഥാപാത്രങ്ങളെല്ലാം ബോള്‍ഡാണ്. അഭിനയ യാത്രയില്‍ ബ്രേക്ക് തന്ന കഥാപാത്രമാണ് ധ്വനി. വളരെ ശക്തയും തീരുമാനങ്ങള്‍ സ്വയം എടുക്കുകയും വലിയ കാഴ്ചപ്പാടുകളുമുള്ള ആളാണ് ധ്വനി. അതിനുശേഷം വന്നവരെല്ലാം ബോള്‍ഡും ഗ്രേഷെയ്ഡും മസിലുപിടിച്ചുള്ള കഥാപാത്രങ്ങള്‍. അത്തരം കഥാപാത്രങ്ങള്‍ വരിക എളുപ്പമല്ല.

ട്രിവാന്‍ഡ്രം ലോഡ്ജ് വിജയ സിനിമയായതുകൊണ്ട് അത്തരം കഥാപാത്രം വരുമ്പോള്‍ ആ കുട്ടി ഓകെ എന്ന് തോന്നിയിട്ടുണ്ടാവും. ബോള്‍ഡ് കഥാപാത്രങ്ങളില്‍ നിന്ന് ഒരു ബ്രേക്ക് സംഭവിക്കാം, സംഭവിക്കാതിരിക്കാം. ഞാന്‍ അത് ആസ്വദിക്കുന്നു. എന്നാല്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്ത കഥാപാത്രമാണ് മോണ്‍സ്റ്ററില്‍,’ ഹണി പറഞ്ഞു.

സിനിമയെ ഒരുപാട് ഇഷ്ടമുള്ളതിനാല്‍ സംവിധാനം ആഗ്രഹവും ലക്ഷ്യവുമാണെന്ന് ഹണി റോസ് കൂട്ടിച്ചേര്‍ത്തു.

‘സംവിധാനം പോലെ നിര്‍മാണവും ആഗ്രഹമുണ്ട്. കഥകള്‍ ആലോചിക്കാറുണ്ട്. എഴുത്തിലേക്ക് വന്നിട്ടില്ല. അവസരങ്ങള്‍ വരാതെയിരുന്നപ്പോഴാണ് സിനിമയെ ഗൗരവമായി കണ്ടുതുടങ്ങിയത്. ഒന്ന് അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നെ ഇഷ്ടം പോലെ അവസരം വരുമെന്നാണ് കരുതിയത്. ബോയ് ഫ്രണ്ട് സാമാന്യ വിജയമാണ് നേടിയത്.

അതിനുശേഷം മലയാളത്തില്‍ നിന്ന് അവസരം വന്നില്ല. തെലുങ്കിലും തമിഴിലും ഓരോ സിനിമ ചെയ്തു. നാലഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ ആലോചിച്ചും ഒരു വിജയ സിനിമയുടെ ഭാഗമാവാന്‍ കഴിയുന്നില്ലല്ലോയെന്ന്, എന്റെ കൈയില്‍ കുഴപ്പമുണ്ടോയെന്ന് ചിന്തിച്ചു. നന്നായി അഭിനയിക്കാത്തതാണോ കാരണം, അങ്ങനെ കാടുകയറി.

സിനിമ തന്നെ വേണമെന്നും നല്ല കഥാപാത്രം ചെയ്യണമെന്നും ആഗ്രഹിക്കുമ്പോഴാണ് ട്രിവാന്‍ഡ്രം ലോഡ്ജ് എത്തുന്നത്. അത് ദൈവത്തിന്റെ അനുഗ്രഹമാണ്, നമ്മള്‍ പോകുന്ന വഴിയില്‍ ദൈവം ഓരോന്ന് ഇട്ടുതരും, അതില്‍ കയറിപിടിച്ചു പോകാന്‍ എപ്പോഴും കൂട്ടിന് ദൈവത്തിന്റെ അനുഗ്രഹം,’ താരം പറയുന്നു.


Content Highlights:  Honey Rose says about how she didn’t get opportunities in cinema industry

Latest Stories

Video Stories