|

എന്റെ പേരാണ് എന്റെ ഐഡന്റിറ്റി; പക്ഷെ ആ കഥാപാത്രത്തിന്റെ പേര് സ്വീകരിക്കാന്‍ ശ്രമിച്ചിരുന്നു: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2005ല്‍ പുറത്തിറക്കിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്കെത്തിയ അഭിനേത്രിയാണ് ഹണി റോസ്. തുടര്‍ന്ന് ട്രിവാന്‍ഡ്രം ലോഡ്ജ്, റിംഗ് മാസ്റ്റര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും തമിഴ്, കന്നഡ സിനിമകളിലും ഹണി റോസ് അഭിനയിച്ചു.

ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ പേര് മാറ്റാന്‍ ശ്രമം നടത്തിയിരുന്നുവെന്ന് പറയുകയാണ് ഹണി റോസ്. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ ഹണി റോസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ധ്വനി എന്നായിരുന്നു. ഏറെ ജനപ്രീതി നേടിയ കഥാപാത്രം കൂടിയായിരുന്നു ധ്വനി.

ഇടക്കാലത്ത് തന്റെ പേര് ധ്വനി എന്നാക്കാന്‍ ശ്രമം നടത്തിയിരുന്നുവെന്നാണ് ഹണി പറയുന്നത്. എന്നാല്‍ പിന്നീട് അത് ഉപേക്ഷിച്ചുവെന്നും ഹണി റോസ് പറഞ്ഞു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ഹണി ഇക്കാര്യം പറഞ്ഞത്.

‘പേര് ധ്വനി എന്നാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ പിന്നീടത് ഉപേക്ഷിച്ചു. നമ്മുടെ ഐഡന്റിറ്റിയാണ് നമ്മുടെ പേര് എന്നത്. അത്രയും വര്‍ഷം വിളി കേട്ടുകൊണ്ടിരുന്നത് ഹണി റോസ് എന്ന പേരിലാണ്. പെട്ടെന്ന് ധ്വനി എന്ന് വിളിക്കുമ്പോള്‍ നമുക്ക് തന്നെ ഐഡന്റിഫൈ ചെയ്യാന്‍ സാധിക്കുന്നില്ല. ആരെയാണ്, എന്നെ തന്നെയാണോ വിളിക്കുന്നതെന്ന് സംശയം തോന്നും,’ ഹണി റോസ് പറഞ്ഞു.

‘പേര് മാറ്റുന്നതെല്ലാം ഒരു വിശ്വാസത്തിന്റെ പേരില്‍ ചെയ്യുന്നതാണ്. ഇത്രയും കാലം രക്ഷപ്പെട്ടില്ല, പേര് മാറ്റിയാല്‍ രക്ഷപ്പെടുമെന്ന ചിന്തയാണ് അതിന് പിന്നില്‍,’ ഹണി റോസ്

തനിക്ക് തന്നില്‍ വലിയ ഹോപ്പുണ്ടെന്നും രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും ഹണി പറഞ്ഞു. നല്ല കഥാപാത്രങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് സിനിമയില്‍ നില്‍ക്കുന്നതെന്നും മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഹണി റോസ് പറയുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ദിലീപ് എന്നിവരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഹണി റോസ് പറഞ്ഞു. ആനന്ദിനി ബാലയുടെ സംവിധാനത്തില്‍ ഒരുങ്ങിയ റേച്ചല്‍ ആണ് ഹണി റോസിന്റെ റിലീസിനൊരുങ്ങുന്ന പുതിയ സിനിമ.

Content Highlight: Honey Rose said she tried to change her name after being noticed in the movie