| Friday, 21st October 2022, 9:54 pm

മോഹന്‍ലാലിനെക്കാള്‍ സ്‌ക്രീന്‍ പ്രസന്‍സ്; ഭാമിനിയായി ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21ന് തിയേറ്റുകളിലെത്തിയിരിക്കുകയാണ്. ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്. ഭാമിനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് ഹണി റോസ് കാഴ്ച വെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരുപക്ഷേ ഏറ്റവുമധികം സ്‌ക്രീന്‍ പ്രസന്‍സ് ലഭിക്കുന്നത് ഹണി റോസിനാണ്.

ചിത്രം തുടങ്ങുന്നത് ഭാമിനിയില്‍ നിന്നാണ്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കൊച്ചിയിലാണ് ഭാമിനിയുടെ താമസം. ഭര്‍ത്താവും മകളുമാണ് അവളുടെ ലോകം. ആ സമാധാനപൂര്‍ണമായ ലോകത്തേക്ക് ഒരു അപരിചിതന്‍ കടന്നുവരികയാണ്, ലക്കി സിങ്. പിന്നീട് ഭാമിനിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്.

ജീവിതത്തില്‍ കടന്നുവരുന്ന ദുരന്തങ്ങളെ നേരിടുന്ന ഭാമിനിയുടെ നിസഹായവസ്ഥയും സങ്കടവും മികച്ച രീതിയില്‍ ഹണി ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. മോണ്‍സ്റ്റര്‍ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ ഏറ്റവുമധികം ഓര്‍മിക്കുന്ന കഥാപാത്രമായിരിക്കും ഹണി റോസിന്റെ ഭാമിനി.

അതേസമയം മോണ്‍സ്റ്റര്‍ എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഹണി റോസ് പറഞ്ഞിരുന്നു. ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടുവെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ലാലേട്ടനോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും ഹണി റോസ് പറഞ്ഞു. മോണ്‍സ്റ്ററിന്റെ ആദ്യ ഷോയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഹണി പ്രേക്ഷകരോട് നന്ദി പറഞ്ഞത്.

‘ഒത്തിരി ഒത്തിരി സന്തോഷമുണ്ട്. എന്റെ ഒരു മൂവി ഞാന്‍ തിയേറ്ററില്‍ കാണുന്നത് മൂന്ന് വര്‍ഷത്തിന് ശേഷമാണ്. അത് ഇത്രയും വലിയൊരു കഥാപാത്രമായതിലും ഇത്രയും വലിയൊരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാനായതിലും ഒരുപാട് സന്തോഷമുണ്ട്. അതൊരു ദൈവാനുഗ്രഹമായി കാണുന്നു.

പിന്നെ ലാല്‍ സാറിനൊപ്പം ഇങ്ങനെ ഒരു വേഷം ചെയ്യാനായതില്‍ സന്തോഷമുണ്ട്. കഥാപാത്രം നന്നായെന്ന് ആളുകള്‍ പറയുന്നതില്‍ സന്തോഷം. ദൈവാനുഗ്രഹമായാണ് അതിനെ കാണുന്നത്.

ലാലേട്ടനൊപ്പം ഇതിന് മുന്‍പും വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും സ്‌ക്രീന്‍ സ്പേസ് കിട്ടിയ ഒരു അവസരം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ഈ കഥയുടെ തീം വ്യത്യസ്തമാണ്. മികച്ച രീതിയില്‍ പെര്‍ഫോം ചെയ്യാനായെന്ന് വിശ്വസിക്കുന്നു,’ ഹണി റോസ് പറഞ്ഞു.

Content Highlight: Honey Rose plays a very important role in the film monster

We use cookies to give you the best possible experience. Learn more