| Monday, 6th January 2025, 1:53 pm

ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി; അശ്ലീലഭാഷപണ്ഡിതമാന്യന്മാരോട് ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി സമൂഹമാധ്യമങ്ങളില്‍ അശ്ലീല കമന്റ് ഇടുന്നവര്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഹണി റോസ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു അഭിനേത്രി എന്ന നിലയില്‍ തന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുകയെന്നത് തന്റെ തൊഴിലിന്റെ ഭാഗമാണെന്ന് ഹണി റോസ് പറയുന്നു. തന്റെ വസ്ത്രധാരണത്തെ കുറിച്ചോ തന്നെ കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും തനിക്ക് വിരോധമില്ലെന്നും ഹണി പറഞ്ഞു. എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ക്ക് ഒരു പരിധി വേണമെന്നും തന്റെ നേരെയുള്ള വിമര്‍ശനങ്ങളില്‍ അശ്ലീല പരാമര്‍ശമുണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് നേരിടുമെന്നും ഹണി റോസ് വ്യക്തമാക്കി.

ഹണി റോസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ജോലിയുടെ ഭാഗമാണ്.

എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു Reasonable restriction വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്റെ നേരെ ഉള്ള വിമര്‍ശനങ്ങളില്‍ അസഭ്യഅശ്ലീലപരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും.

ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയില്‍ കടന്നു പോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു.

കഴിഞ്ഞ ദിവസം തന്നെ മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുന്ന വ്യക്തിക്കെതിരെ സമൂഹമാധ്യമത്തിലൂടെ ഹണി റോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിടുന്നതായി ഹണി റോസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 30 ഓളം ആളുകള്‍ക്കെതിരെയാണ് നടി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ സ്ത്രീ വിരുദ്ധ കമന്റ് പോസ്റ്റ് ചെയ്ത ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Honey Rose once again warns against those who make obscene comments

We use cookies to give you the best possible experience. Learn more