തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾ മാനസീകമായി തളർത്താൻ തുടങ്ങിയെന്ന് നടി ഹണി റോസ്. ഗോസിപ്പുകൾ പലരും അയച്ചുതരാൻ തുടങ്ങിയെന്നും നടൻ മോഹൻലാലിനോട് ഇതിനെപ്പറ്റി പറഞ്ഞപ്പോൾ അതൊക്കെ വിട്ടുകളയുന്നതാണ് നല്ലതെന്ന് അദ്ദേഹം ഉപദേശിച്ചെന്നുംഹണി റോസ് പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ പറഞ്ഞു എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കമന്റുകൾ എന്തായാലും നല്ല ഉദ്ദേശ്യത്തോടെ തയ്യാറാക്കിയതല്ല. എന്നെയും ലാലേട്ടനെയും കുറിച്ച് ആളുകൾ പുറത്തുവിടുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾക്കായി ഉപയോഗിക്കുന്ന ചിത്രങ്ങളൊക്കെ കണ്ടാൽ അത് മനസിലാകും.
എനിക്കൊരു കൈത്താങ്ങായി ലാലേട്ടൻ നാളുകളായിട്ട് എന്റെയൊപ്പം ഉണ്ടെന്ന് അർത്ഥമാക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ആ പോസ്റ്റുകളിൽ ഉള്ളത്. അങ്ങനെയല്ല, അതൊരിക്കലും ശരിയായിട്ടുള്ള കാര്യമല്ല. അത്തരത്തിലുള്ള ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല.
കുറെ പോസ്റ്റുകൾ എല്ലായിടത്തും വരുമ്പോൾ ആളുകൾ വിശ്വസിക്കാൻ തുടങ്ങി. കാര്യങ്ങൾ അങ്ങനെയല്ല എന്ന് മറ്റുള്ളവരെ അറിയിക്കണമെങ്കിൽ ഒരു പരാതി എന്ന നിലയിൽ നമ്മൾ മുന്നോട്ട് പോകണം.
ഇങ്ങനെയൊക്കെ കേൾക്കുമ്പോൾ എനിക്ക് മാനസികമായി ബുദ്ധിമുട്ടാകാൻ തുടങ്ങി. പലരും അത്തരം പോസ്റ്റുകൾ ഒക്കെ എനിക്ക് അയച്ചുതന്നു. അതേപോലെ അദ്ദേഹത്തിനും അയക്കുന്നുണ്ടാകും. എന്താ കുട്ടി ഇങ്ങനെ എന്നൊക്കെ അദ്ദേഹത്തിനും തോന്നില്ലേ?
ഒരിക്കൽ ഇങ്ങനെ ഒരു പോസ്റ്റ് ഞാൻ അദ്ദേഹത്തിന് സ്ക്രീൻഷോട്ട് അയച്ചുകൊടുത്തു. അതൊക്കെ വിട്ടുകള എന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം ഇതുപോലെ എത്രയെണ്ണമാണ് ഒരു ദിവസം അവർ കാണുന്നത്. അതുകൊണ്ട് അതൊക്കെ വിട്ടേക്കൂ എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
ഞാൻ ഒരു ഫോട്ടോ ഇട്ടുകഴിഞ്ഞാൽ അതിന് കീഴിൽ വരുന്ന കമന്റുകൾ കാണണം. എല്ലാവരും അല്ല, ചില ആളുകൾ മാത്രമാണ് മോശമായി കമന്റിടുന്നത്. സോഷ്യൽ മീഡിയ മനോഹരമായി ഉപയോഗിക്കുന്ന ആളുകളും ഉണ്ട്, ചില പോസ്റ്റുകൾ കണ്ടാൽ തന്നെ പോസിറ്റിവ് ആയി തോന്നും. പക്ഷെ ചില ആളുകൾ വന്നിട്ട് നമ്മളെ വിമർശിക്കും കളിയാക്കും. എന്തുകൊണ്ടാണ് ആളുകൾ അങ്ങനെ പറയുന്നതെന്ന് എനിക്കറിയില്ല,’ ഹണി റോസ് പറഞ്ഞു.
വീര സിംഹ റെഡ്‌ഡി എന്ന തെലുങ്ക് ചിത്രമാണ് ഹണി റോസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സംവിധായകനും തിരക്കഥാകൃത്തുമായ ഏബ്രിഡ് ഷൈന്‍ അവതരിപ്പിച്ച് ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് ഈയിടെ പുറത്ത് വന്നിരുന്നു. റേച്ചല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആന്ദനിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷ പ്രൊഡക്ഷന്‍സും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സുമാണ് നിര്‍മാതാക്കള്‍.
രാഹുല്‍ മണപ്പാട്ടാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീത സംവിധാനം.