| Wednesday, 14th June 2017, 10:54 am

ഹണിറോസിന്റെ ലിപ് ലോക്ക് ചുംബന രംഗം പരസ്യത്തിനായി ഉപയോഗിച്ചതില്‍ പങ്കില്ല: സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോക്ക്‌ടെയ്ല്‍, ഈ അടുത്ത കാലത്ത് ,ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വണ്‍ ബൈ ടൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാറ്റ് എന്ന പുതിയ ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ്.

വണ്‍ ബൈ ടു തിയറ്ററുകളില്‍ കാര്യമായി വിജയിക്കാത്തത് അതില്‍ ജനം ആഗ്രഹിക്കുന്ന എന്റര്‍ടെയ്ന്‍മെന്റ് കുറവായിരുന്നതുകൊണ്ടാണെന്ന് അരുണ്‍ പറയുന്നു.


Dont Miss സിംഹാസനവും കടകംപള്ളിയും; ഡൂള്‍ന്യൂസ് വിശദീകരിക്കുന്നു 


ആ സിനിമയില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ലിപ്ലോക്ക് ചുംബന രംഗം പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ ഹണി റോസ് പ്രതികരിച്ചതു ശ്രദ്ധയില്‍പ്പെട്ടിരുന്നെന്നും അങ്ങനെ സംഭവിച്ചതില്‍ തനിക്കൊരു പങ്കുമില്ലെന്നും അരുണ്‍ പറയുന്നു.

വാണിജ്യ താല്‍പര്യത്തോടെയല്ല അങ്ങനെയൊരു രംഗം ഉള്‍പ്പെടുത്തിയത്. ആ സിനിമയില്‍ അത്തരം വൈകാരികമായ സീനില്‍ കഥാപാത്രങ്ങളുടെ സ്വാഭാവികമായ പ്രതികരണം മാത്രമായിരുന്നു. അത് ആ രീതിയില്‍ ബോധ്യപ്പെട്ടതുകൊണ്ടാണു ഹണിറോസ് അഭിനയിക്കാന്‍ തയാറായതും. സിനിമയുടെ പോസ്റ്ററുകളും പ്രമോഷനുകളും ചെയ്തതില്‍ എനിക്കൊരു പങ്കുമില്ല.-അരുണ്‍ പറയുന്നു.

ചലച്ചിത്രകാരന്‍ പത്മരാജന്റെ കഥകളിലെ കഥാപാത്രങ്ങളെ അണിനിരത്തി അദ്ദേഹത്തിന്റെ മകന്‍ അനന്തപത്മനാഭന്‍ ഒരുക്കിയ തിരക്കഥയാണു കാറ്റിന്റേത്. പാലക്കാട്ടും തിരുവനന്തപുരത്തുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ അണിയറ ജോലികളുടെ തിരക്കിലാണിപ്പോള്‍ അരുണ്‍.

രണ്ടു സിനിമകള്‍ ചെയ്യാനുറച്ച ശേഷം മാറ്റിവച്ചാണു കാറ്റ് ചെയ്തത്. മഞ്ജു വാരിയരെ നായികയാക്കിയുള്ള സിനിമയായിരുന്നു ആദ്യത്തേത്. ശങ്കര്‍ രാമകൃഷ്ണന്‍ അതിന്റെ തിരക്കഥയും ഏതാണ്ട് എഴുതി പൂര്‍ത്തിയാക്കിയതാണ്. പക്ഷേ, മഞ്ജുവിന്റെ തിരക്കുമൂലം ഡേറ്റ് ക്ലാഷായതോടെ നീണ്ടു പോയി.

ഇനി ആ സിനിമ ചെയ്യേണ്ട സമയമാവുമ്പോള്‍ സംഭവിക്കും. മറ്റൊന്നു നിവിന്‍ പോളി നായകനാവുന്ന സിനിമയായിരുന്നു. അതിന്റെയും തിരക്കഥ ശങ്കര്‍ രാമകൃഷ്ണന്റേതാണ്. ചര്‍ച്ചകള്‍ നടന്നു. അതും ചെയ്യാന്‍ കുറച്ചു സമയം വേണം. അതിനാലാണു മാറ്റിവച്ച് ഈ സിനിമ ചെയ്തതെന്നും മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍ കുമാര്‍ അരവിന്ദ് പറയുന്നു.

We use cookies to give you the best possible experience. Learn more