ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി ഹണി റോസ്
Kerala News
ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി ഹണി റോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th January 2025, 5:39 pm

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും തന്നെ അധിക്ഷേപിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി സിനിമ താരം ഹണി റോസ്. തുടർച്ചയായ അശ്ലീല പരാമർശങ്ങൾക്ക് പിന്നാലെയാണ് പരാതി. നാല് മാസങ്ങൾക്ക് മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു സ്വർണ്ണക്കടയുടെ ഉദ്ഘാടനത്തിനിടെയാണ് ദ്വയാർത്ഥപ്രയോഗവുമായി ബോബി ചെമ്മണ്ണൂർ ഹണി റോസിനെ അധിക്ഷേപിച്ചത്.

തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു. പിന്നാലെ ഹണി റോസ് തന്റെ സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കുകയും ഇന്ന് പരാതി നൽകുകയുമായിരുന്നു.

എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ഹണി റോസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

‘ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്.

താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാകും. താങ്കൾ താങ്കളുടെ പണത്തിന്റെ വിശ്വസിക്കൂ എന്നും ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു,’ ഹണി റോസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

തന്നെ ഒരു പ്രമുഖന്‍ പിന്തുടർന്ന് അധിക്ഷേപിക്കുന്നതായി കഴിഞ്ഞ ദിവസം ഹണി റോസ് തുറന്ന് പറഞ്ഞിരുന്നു. തുടര്‍ന്നും അവഹേളനമുണ്ടായാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഹണി റോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച മുപ്പതോളം പേര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കുകയും നിയമ നടപടിയുണ്ടാവുകയും ചെയ്തിരുന്നു.

 

Content Highlight: Honey rose filed a complaint  against boby chemmannoor