വിവാഹ ശേഷം നല്ല കുടുംബിനിയാകണം: സിനിമയിലുണ്ടാകുമെന്ന് ഉറപ്പില്ലെന്നും ഹണി റോസ്
Daily News
വിവാഹ ശേഷം നല്ല കുടുംബിനിയാകണം: സിനിമയിലുണ്ടാകുമെന്ന് ഉറപ്പില്ലെന്നും ഹണി റോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd January 2017, 11:30 am

honeyrose

വിവാഹശേഷം സിനിമയില്‍ സജീവമാകുന്ന നടിമാര്‍ മലയാളത്തില്‍ കുറവാണ്. വിവാഹത്തോടെ നടിമാരുടെ മാര്‍ക്കറ്റ് ഇടിയുമെന്ന വിലയിരുത്തലും മലയാള സിനിമയിലുണ്ട്.

എന്നാല്‍ വിവാഹ ശേഷം ചില നിയന്ത്രണങ്ങള്‍ തന്റെ ജീവിതത്തിലുണ്ടാകുമെന്ന് പറയുകയാണ് നടി ഹണി റോസ്. എന്നാല്‍ പെട്ടെന്ന് പ്രണയത്തിലേക്കോ വിവാഹത്തിലേക്കോ പോകില്ലെന്നും വിവാഹശേഷം സിനിമ യാഥാര്‍ത്ഥ്യമായ്‌ക്കൊള്ളണമെന്നില്ലെന്നും താരം പറയുന്നു.

വിവാഹശേഷം നല്ലൊരു കുടുംബിനിയാകണം. അതിനുള്ള പക്വത ഉണ്ടാകുമ്പോള്‍ വിവാഹം കഴിക്കുന്നതാണ് നല്ലതെന്നും താരം പറയുന്നു. പ്രണയം എന്നത് നല്ല കാര്യമാണ്. തനിക്കും പ്രണയമുണ്ട്. പക്ഷേ അത് ഒരു വ്യക്തിയോടല്ല. പ്രണയം എന്നത് പ്രതീക്ഷ തരുന്ന പോസിറ്റീവ് എനര്‍ജി തരുന്ന ഒരു അനുഭവമാണ്.

ഇപ്പോഴത്തെ ശ്രദ്ധ മുഴുവന്‍ കരിയറിലാണ്. ഇത് എല്ലാവര്‍ക്കും കിട്ടുന്ന അവസരമല്ല. ദൈവം അറിഞ്ഞു തന്നെ ഗിഫ്റ്റാണെന്നും ഹണി റോസ് പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പരാമര്‍ശം.


പുതിയ വര്‍ഷത്തില്‍ കുറച്ചുകൂടി ഫോക്കസ്ഡായി ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സിനിമയിലെപ്പോലെ തന്നെ വളരെ മോഡേണാണ് താനെന്നാണ് പലരും കരുതിയിരിക്കുന്നത്. വളരെ സിംപിളായ ഒരാളാണ് ഞാന്‍. എന്നെ വ്യക്തിപരമായി അറിയുന്നവര്‍ക്ക് അത് മനസിലാകും.

സിനിമയിലെ വിവാദങ്ങങ്ങളോടൊന്നും പ്രതികരിക്കാനില്ല. ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നത് ആരാണെന്ന് അറിയില്ല. ജിഷയുടെ മരണ സമയത്ത് എനിക്ക് ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അതുകൊണ്ട് കല്യാണം കഴിക്കുന്നു എന്നൊക്കെ ഞാന്‍ പറഞ്ഞതായി ചില വാര്‍ത്തകള്‍ കേട്ടു. ഇതൊക്കെ കേട്ട് ചിരിക്കുകയല്ലാതെന്തു ചെയ്യാനാണെന്നും ഹണി ചോദിക്കുന്നു.