|

17 വര്‍ഷമായി പുള്ളി എന്നെ സ്ഥിരമായി വിളിക്കുന്നു; അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു എന്റെ പേരില്‍ അമ്പലം പണിയണമെന്ന്: ഹണി റോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ആരാധകര്‍ അമ്പലം പണിതിട്ടുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടി ഹണി റോസ്. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ഹണി റോസിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ അമ്പലമുണ്ടെന്നൊക്കെ കേള്‍ക്കുന്നുണ്ടല്ലോ അത് ശരിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന്, ”അതിന്റെ കുറേ ട്രോള് കഴിഞ്ഞിട്ട് ഇരിക്കുകയാണ് ഞാന്‍. ആ വിഷയം തീര്‍ന്നതാണ് വീണ്ടും അത് കുത്തിപ്പൊക്കണോ?

ശരിക്കും തമിഴ്‌നാട്ടില്‍ എന്റെ പേരില്‍ അമ്പലമുണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ അങ്ങനെയൊരു അമ്പലം കണ്ടിട്ടില്ല. ചിലപ്പോള്‍ ഉണ്ടായിരിക്കാം. പക്ഷെ ഞാന്‍ കണ്ടിട്ടില്ല, കേട്ടുകേള്‍വി മാത്രമേ ഉള്ളൂ. ഉണ്ടോ എന്ന് അറിയില്ല,” എന്നായിരുന്നു ഹണി റോസ് ചിരിച്ചുകൊണ്ട് മറുപടി നല്‍കിയത്.

തമിഴ്‌നാട്ടിലെ തന്റെ ആരാധകന്‍ തുടര്‍ച്ചയായി ഫോണ്‍ വിളിക്കുന്നതിനെ കുറിച്ചും തന്റെ പേരില്‍ അമ്പലം പണിയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ കുറിച്ചും ഹണി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

”ഒരു പയ്യന്‍ ബോയ്ഫ്രണ്ട് സിനിമ കഴിഞ്ഞത് മുതല്‍ എന്നെ വിളിക്കാന്‍ തുടങ്ങിയതാണ്. ആ സമയം മുതല്‍ പുള്ളിക്കാരന്‍ സ്ഥിരമായി വിളിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരാളാണ്.

അദ്ദേഹത്തിന് എന്നെ ഭയങ്കര ഇഷ്ടമാണ്. നമുക്കത് സംസാരത്തില്‍ നിന്ന് തന്നെ അറിയുമല്ലോ. ഭയങ്കര നിഷ്‌കളങ്കനായ ഒരു മനുഷ്യനാണ്. 17 വര്‍ഷമായിട്ടും ഇപ്പോഴും ആ മനുഷ്യന്‍ അതേപോലെ എന്നെ തുടര്‍ച്ചയായി വിളിക്കും.

എന്റെ പടം റിലീസ് ചെയ്താലോ ഒരു ഫോട്ടോ എവിടെയെങ്കിലും കണ്ടാലോ ഒക്കെ ഉടനെ വിളിക്കും. ബര്‍ത്ത്‌ഡേയ്‌ക്കൊന്നും എനിക്ക് ഒരു സമാധാനവും തരില്ല, അത്രയും കോളായിരിക്കും വരിക.

അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു എന്റെ പേരില്‍ അമ്പലം പണിയണമെന്ന്. എന്തൊക്കെയാ ഈ പറയുന്നത്, എന്ന് ഞാന്‍ വിചാരിച്ചു.

പക്ഷെ അത് അവരുടെ ഒരു കള്‍ച്ചറിന്റെ ഭാഗമായിരിക്കാം. നമുക്കറിയില്ലല്ലോ. നമുക്കത് പറഞ്ഞ് തിരുത്താന്‍ പറ്റില്ല. ഇങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞാല്‍ അത് മനസിലാകുന്ന ആളുകളല്ല,” താരം കൂട്ടിച്ചേര്‍ത്തു.

അതേസമയം മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മോണ്‍സ്റ്റര്‍ ആണ് ഹണി റോസിന്റേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം.

Content Highlight: Honey Rose about the temple in her name in Tamil Nadu

Latest Stories