സെബാന്റേയും മച്ചാന്മാരുടേയും രണ്ടാം വരവ് വീര്യമില്ലാത്ത ഹണി ബീയുമായി
D-Review
സെബാന്റേയും മച്ചാന്മാരുടേയും രണ്ടാം വരവ് വീര്യമില്ലാത്ത ഹണി ബീയുമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd March 2017, 7:10 pm


ഡൂള്‍ തിയേറ്റര്‍ റേറ്റിങ് : https://upload.wikimedia.org/wikipedia/commons/thumb/b/b5/1_stars.svg/535px-1_stars.svg.png
ചിത്രം: ഹണി ബീ 2
സംവിധാനം : ജീന്‍പോള്‍ ലാല്‍
നിര്‍മ്മാണം : ലാല്‍
ഛായാഗ്രഹണം : ആല്‍ബി
സംഗീതം: ദീപക് ദേവ്


ആദ്യ ഭാഗം അവസാനിക്കുന്നത് സെബാനും എയ്ഞ്ചലും കടലില്‍ ചാടുന്നതും പിന്നീട് വിവാഹ ശേഷം എയ്ഞ്ചലിന്റെ അപ്പന്റെ ശവക്കല്ലറയ്ക്ക് സമീപം പുണ്യാളന്‍ ഫാമിലിയ്‌ക്കൊപ്പം നില്‍ക്കുന്നിടത്തായിരുന്നു. ഈ രണ്ട് സീനുകള്‍ക്കുമിടയില്‍ എന്തു സംഭവിച്ചു എന്നതാണ് ഹണി ബീ 2 വിന്റെ കഥ.

സെബാന്റെ ( ആസിഫ് അലി) സ്‌നേഹം മനസ്സിലാക്കിയ പുണ്യാളന്‍ ഫാമിലി വിവാഹം ആലോചിക്കാന്‍ ബംഗളൂരുവിലുള്ള സെബാന്റെ വീട്ടിലെത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇരു കുടുംബങ്ങളുടേയും ഇടയിലുള്ള സോഷ്യല്‍ സ്റ്റാറ്റസിന്റെ അന്തരം ഒരിടയ്ക്ക് പ്രശ്‌നമായി സെബാന് തോന്നുന്നു. പിന്നീടങ്ങോട് തന്റെ അച്ഛനേയും അമ്മയേയും കോമാളികളാക്കുന്നതും അതില്‍ മനം നൊന്ത് പിടയുന്ന സെബാന്റെ ദുരിതക്കാഴ്ച്ചകളുമാണ് ചിത്രം.

ഒരു വിവാഹം, അത് നടത്താന്‍ പറയുന്ന നുണകള്‍, പരസ്പരം ഒരിക്കലും ചേരാത്ത അന്തരമുള്ള കുടുംബങ്ങള്‍, കളര്‍ ഫുള്‍ വിഷ്വല്‍സ്, ഗാനങ്ങള്‍..എവിടേയോ ഒരു പ്രിയദര്‍ശന്‍ ടച്ച്.

ഒരു നുണ അതിനെ മറയ്ക്കാന്‍ മറ്റൊരു നുണ, അങ്ങനെ നീണ്ടു നീണ്ടു പോവുകയാണ് ചിത്രത്തിന്റെ കഥ. ഒന്നാം ഭാഗത്തിലേതുപോലെ വേണ്ടുവോളം ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സ്ത്രീവിരുദ്ധ പ്രയോഗങ്ങളും ഇതിലും ഉണ്ട്.

ജീന്‍ പോള്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തതും തിരക്കഥയെഴുതിയതും. ലോജിക്കെന്ന സാധനത്തെ പടിയ്ക്ക് പുറത്തു നിറുത്തിയാണ് ജീന്‍ തിരക്കഥ എഴുതിയിരിക്കുന്നത്. ഒരു അന്തവും കുന്തവുമില്ലാത്ത പോക്കും തട്ടിക്കൂട്ട് ” എല്ലാം ശുഭം” ക്ലൈമാക്‌സും തീര്‍ത്തു പരാജയമാണ്. എടുത്തു പറയത്തക്കതായി ഒന്നുമില്ലെങ്കിലം തമ്മില്‍ ഭേദം ആദ്യ പകുതിയാണ്. വേഗം കടന്നു പോയ ആദ്യ പകുതി ബോറടിപ്പിച്ചില്ല. ഇടവേളയ്ക്ക് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് സംവിധായകനു പോലും നിശ്ചയമുണ്ടായിരുന്നില്ല. കുറേ ബഹളം വെച്ച ശേഷം എവിടെയോ കൊണ്ടു പോയി വണ്ടി ഇടിപ്പിച്ച് നിറുത്തിക്കുകയായിരുന്നു.

ആദ്യ ഭാഗത്തു നിന്നും രണ്ടാ ഭാഗത്തിലേക്ക് എത്തുമ്പോള്‍ പിന്നെ കഥ സെബാന്റേയും അച്ഛന്‍ തമ്പി ആന്റണി (ശ്രീനിവാസന്‍) യുടേയും ബന്ധത്തിന്റേയും കഥയാണ് പറയുന്നത്. അച്ഛനെ വഞ്ചിക്കുന്നു എന്ന തോന്നുന്നതോടെ സെബാന്റെ മനസ്സില്‍ ഉടലെടുക്കുന്ന മാനസിക പിരിമുറുക്കം കാണുമ്പോള്‍ പ്രേക്ഷകനിലും പിരിമുറുക്കമാണുണ്ടാകുന്നത്. സിനിമ കാണുന്ന പ്രേക്ഷകര്‍ പരസ്പരം എന്താ ഇവന്റെ പ്രശ്‌നം എന്ന് ഇടയ്ക്കിടെ ചോദിച്ചു പോകുന്നു. കിട്ടിയ വേഷം ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രീനിവാസനും ലെനയ്ക്കും സാധിച്ചിട്ടുണ്ട്. എയ്ഞ്ചലായി വീണ്ടും അഭിനയിച്ച ഭാവനയ്ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആ നടി പറഞ്ഞ ഡയലോഗുകള്‍ പോലും ആര്‍ക്കും ഓര്‍മ്മ കാണില്ല എന്നതാണ് വാസ്തവം. അത്ര വിരളമായാണ് ഭാവന വാ തുറന്നത്.

ഹണി ബീയെ പ്രേക്ഷകര്‍ ഏറ്റെടുത്തത് സെബാന്റെ മച്ചാന്മാരുടെ പ്രകടനം കൊണ്ടായിരുന്നു. അബു (ശ്രീനാഥ് ഭാസി),ആംബ്രോസ്(ബാലു വര്‍ഗ്ഗീസ്),ഫ്രാങ്കോ (ബാബുരാജ്). ഇവര്‍ സൃഷ്ടിച്ച തമാശകളായിരുന്നു ഒന്നാം ഭാഗത്തിന്റെ കരുത്ത്. എന്നാല്‍ രണ്ടാം ഭാഗത്തിലെത്തിയപ്പോളേക്കും എല്ലാവരുടേയും ഊര്‍ജം നഷ്ടമായിരിക്കുന്നു. ആദ്യ പകുതിയില്‍ പൊട്ടിച്ചിരിപ്പിച്ചില്ലെങ്കിലും ചെറിയ ചിരി വിടര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ അങ്ങനെ നാലുപേര്‍ ഉണ്ടായിരുന്നെന്ന് അവരു തന്നെ മറന്നു പോയപോലെ. ബാബുരാജിന്റെ നേതൃത്വത്തിലുള്ള മംഗ്ലീഷ് കോമഡികള്‍ വീണ്ടു വീണ്ടും കേള്‍ക്കുമ്പോള്‍ അരോചകമായി മാറുന്നുണ്ട്.

സംഗീതം ദീപക് ദേവിന്റേയും ഛായാഗ്രഹണം ആല്‍ബിയുമാണ്. ഗാനങ്ങള്‍ രണ്ടും തരക്കേടില്ലാത്തവയായിരുന്നു. എന്നാല്‍ ചിത്രത്തിന് ശേഷമുള്ള “നുമ്മടെ കൊച്ചി” എന്ന നേരത്തെ തന്നെ ഹിറ്റായി മാറിയ ഗാനം കേള്‍ക്കാനായി പടം തീരുന്നതു വരെ കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടായിരുന്നില്ല. എഡിറ്റിംഗും ചിത്രത്തിന് ഗുണം ചെയ്തിട്ടില്ല.

Final Verdict

എന്തിനായിരുന്നു ജീന്‍ പോള്‍ ലാല്‍ ഹണി ബീയ്ക്ക് ഒരു രണ്ടാം പതിപ്പൊരുക്കിയതെന്ന സംശയം ഇനിയും ബാക്കിയാണ്. കൂടെ ഒരു പുതിയ ചോദ്യം കൂടി, എന്തായിരുന്നു ചിത്രത്തിലെ നായകന്‍ അനുഭവിച്ച മാനസിക വ്യഥ…ശരാശരിയിലും താഴെ സംതൃപ്തി നല്‍കാന്‍ മാത്രമേ ഹണി ബീ 2 വിന് സാധിക്കൂ.