| Monday, 26th September 2022, 2:34 pm

'വളരെ ഫ്രണ്ട്‌ലിയാണ്, ശാന്തനാണ്, എന്നെ തുറിച്ചുനോക്കുക മാത്രമേ ചെയ്തിട്ടുള്ളൂ' സ്വന്തം ടീമിനെതിരെ ഗോളടിച്ചുനിറച്ചതിന് പിന്നാലെ മെസിയെ പുകഴ്ത്തി ഹോണ്ടുറാസ് താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിയെ പുകഴ്ത്തി ഹോണ്ടുറാസ് പ്രതിരോധ താരം ഹെക്ടര്‍ കാസ്റ്റല്ലാനോസ്. അര്‍ജന്റീന – ഹോണ്ടുറാസ് മത്സരശേഷം മെസിയുമായി നടത്തിയ സംഭാഷണത്തിന് പിന്നാലെയാണ് ഹെക്ടര്‍ മെസിയെ പുകഴ്ത്തി രംഗത്തെത്തിയത്.

മത്സരത്തില്‍ അര്‍ജന്റീന 3-0നായിരുന്നു വിജയിച്ചത്. രണ്ട് ഗോളായിരുന്നു മത്സരത്തില്‍ മെസി സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഹെക്ടര്‍ താരത്തെ പ്രകീര്‍ത്തിച്ചത്.

ക്ലബ്ബ് തലത്തില്‍ എഫ്.സി മൊട്ടോഗ്വക്ക് വേണ്ടിയാണ് ഹെക്ടര്‍ കളിക്കുന്നത്. മെസിയെ തടഞ്ഞുനിര്‍ത്താന്‍ ടീം എന്തൊക്കെ നീക്കങ്ങളാണ് നടത്തിയതെന്നും മറ്റും ഹോണ്ടുറാസ് ഡിഫന്‍ഡര്‍ പറഞ്ഞു.

ടി.വൈ.സി സ്‌പോര്‍ടിനോടായിരുന്നു (TyC Sport) ഹെക്ടര്‍ ഇക്കാര്യം പറഞ്ഞത്.

‘വളരെ ഫ്രണ്ട്‌ലിയും ശാന്തനുമാണ്. മിടുക്കനായ ബെനവിഡെസിനെയായിരുന്നു ഞാന്‍ മാര്‍ക്ക് ചെയ്തിരുന്നത്. ബാഴ്‌സയില്‍ നിന്നും ലഭിച്ച അതേ ബ്രാന്‍ഡ് വര്‍ക് തന്നെ ചെയ്യാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്.

അദ്ദേഹം കളിക്കുന്ന നിരവധി വീഡിയോകള്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നിരുന്നു. ഞാന്‍ അവനെ പിന്തുടരേണ്ടി വരികയായിരുന്നു,’ ഹെക്ടര്‍ പറയുന്നു.

മൈതാനത്ത് വെച്ച് മെസിയുമായി നടത്തിയ സംഭാഷണത്തെ കുറിച്ചും ഹെക്ടര്‍ പറയുന്നു. കളിക്കളത്തില്‍ മെസി വളരെ ശാന്തനാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

‘ഇക്കാര്യത്തില്‍ ഞാന്‍ സത്യസന്ധമായി തന്നെ പറയുകയാണ്. വളരെ ഫ്രണ്ട്‌ലിയും അതിലേറെ ശാന്തനുമാണ്. കളിയിലെ മുഴുവന്‍ സമയവും എന്നെ തന്നെ ഫോളോ ചെയ്യാനുള്ള ഒരുക്കത്തിലാണ് അല്ലേ എന്ന് അദ്ദഹം എന്റെയടുക്കല്‍ വന്ന് പറഞ്ഞു.

ഇടക്കിടെ അദ്ദേഹം തുറിച്ചുനോക്കുമായിരുന്നു, അല്‍പം ദേഷ്യപ്പെട്ടു. പക്ഷേ എന്നോട് ഒന്നും തന്നെ പറഞ്ഞില്ല. പരുഷമായി പെരുമാറിയിട്ടുപോലുമില്ല,’ ഹെക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ പപു ഗോമസിന്റെ അസിസ്റ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസായിരുന്നു അര്‍ജന്റീനക്കായി ആദ്യം സ്‌കോര്‍ ചെയ്തത്. ശേഷിക്കുന്ന രണ്ട് ഗോള്‍ മെസിയും നേടി. പെനാല്‍ട്ടിയടക്കമായിരുന്നു മെസി ഡബിള്‍ തികച്ചത്.

ആദ്യ പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍ട്ടിയാണ് ആദ്യം മെസി വലയിലാക്കിയത്. ശേഷം 69ാം മിനിട്ടില്‍ വീണ്ടുമൊരിക്കല്‍ക്കൂടി സ്‌കോര്‍ ചെയ്തപ്പോള്‍ അര്‍ജന്റീന വിജയമുറപ്പിക്കുകയായിരുന്നു.

Content Highlight: Honduras Footballer Praises Lionel Messi

We use cookies to give you the best possible experience. Learn more